'സ്കിൻ ഗ്ലോ' എന്നത് വെറുമൊരു മാർക്കറ്റിങ് തന്ത്രമാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. ഇതൊക്കെ മേക്കപ്പ് അല്ലെങ്കിൽ കാമറ ട്രിക്ക് ആണെന്ന് പറയുന്നവരാണ് അധികവും. എന്നാൽ യുവത്വം തുളുമ്പുന്ന തിളക്കമാർന്ന ചർമം യഥാർഥമാണ്. അതൊരു ക്ലിനിക്കൽ നിരീക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ചർമം മിനുസമാർന്നതും ഒരേ നിറമുള്ളതുമാകുമ്പോൾ പ്രകാശം യൂണിഫോം ആയി പ്രതിഫലിക്കുന്നു. ഇത്തരത്തിൽ പ്രകാശം ഒരേപോലെ ചർമത്തിൽ നിന്ന് പ്രതിഫലിക്കുമ്പോഴാണ് അതിന് തിളക്കം അനുഭവപ്പെടുന്നത്.
ചർമത്തിൽ നന്നായി ജലാംശം ഉള്ളതായിരിക്കുകയും നീർവീക്കം നിയന്ത്രിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ തിളക്കം സ്വാഭാവികമായും ലഭിക്കും.
ചർമത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാൻ പ്രധാന കാരണങ്ങളിലൊന്ന് ഇൻഫ്ലമേജിങ് (Inflammaging) ആണ്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും കാരണം ചർമത്തിലുണ്ടാകുന്ന ചെറിയ തോതിലുള്ള നീർവീക്കമാണിത്.
പഞ്ചസാര, പാൽ ഉൽപ്പന്നങ്ങൾ, ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും അത് പിന്നീട് ചർമത്തിൽ കറുത്ത പാടുകൾക്കും വാർദ്ധക്യ ലക്ഷണങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും ബദാം പാലോ ഓട്‌സ് പാലോ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
വെള്ളം കുടിക്കുന്നത് അത്യാവശ്യമാണെങ്കിലും ചില പ്രത്യേക രീതിയിലുള്ള ജലപാനം കൂടുതൽ ഗുണം ചെയ്യും. ഉലുവയിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നീർവീക്കം കുറയ്ക്കാനും സഹായിക്കും. കുങ്കുമപ്പൂവിട്ട വെള്ളം ചർമത്തിന്റെ പ്രഭ വർധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്. ഇളനീർ കുടിക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കും.
എന്നാൽ വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല, പുറമേ നിന്നുള്ള മോയ്സ്ചറൈസേഷൻ അതീവ പ്രധാനമാണ്. സെറാമൈഡുകൾ, പെപ്റ്റൈഡുകൾ, ഹിയലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത് ചർമം കൂടുതൽ പുഷ്ടിയുള്ളതാക്കാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ ഫേഷ്യൽ മാസ്കുകൾ ഉപയോഗിക്കുന്നത് ചർമത്തിന് നല്ലതാണ്. ഷീറ്റ് മാസ്കുകളോ അല്ലെങ്കിൽ അരി പൊടി ഉപയോഗിച്ചുള്ള മാസ്കുകളോ ചർമത്തിന്റെ മിനുസം വർധിപ്പിക്കാൻ ഉപയോഗിക്കാം. ചുരുക്കത്തിൽ കൃത്യമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, ചിട്ടയായ ചർമ്മ സംരക്ഷണം എന്നിവയിലൂടെ ആർക്കും ആരോഗ്യകരമായ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates