balcony vegetables Pinterest
Health

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

വിഷമില്ലാത്ത പച്ചക്കറി മാത്രമല്ല, മാനസികമായും ചെടി പരിപാലനം നിങ്ങളെ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വിശാലമായ സ്ഥലമോ സൗകര്യമോ ഇല്ലാതെ തന്നെ വീട്ടിൽ സ്വന്തമായൊരു അടുക്കളത്തോട്ടം ഒരുക്കാം. ബാൽക്കണിയിലോ ടെറസിലോ ആയി കുറച്ച് ചെടിച്ചട്ടികൾ വയ്ക്കാൻ ഇടമുണ്ടെങ്കിൽ മനോഹരമായ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാം. ദിവസവും ഉപയോ​ഗിക്കുന്ന പച്ചമുളക്, കറിവേപ്പില, തക്കാളി, പുതിന തുടങ്ങിയവ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. വിഷമില്ലാത്ത പച്ചക്കറി മാത്രമല്ല, മാനസികമായും ചെടി പരിപാലനം നിങ്ങളെ സഹായിക്കും.

ഒരു മിനി അടുക്കളത്തോട്ടം സെറ്റ് ചെയ്യാൻ ആദ്യം എന്ത് ചെയ്യണം

ബാൽക്കണിയിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം കണ്ടെത്തുകയാണ് ആദ്യപടി. ചെടികൾ ഫലപ്രദമായി വളരാനും കായ്ക്കാനുമൊക്കെ സൂര്യപ്രകാശം വളരെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് നാല് മുതൽ ആറ് മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണിയോ ടെറസോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അടുത്ത ഘട്ടം, ചെടിച്ചട്ടികളാണ്. എത്ര ഭം​ഗിയുള്ള ചട്ടിയാണെങ്കിലും അതിന് വെള്ളം ഒഴുകിപ്പോകാൻ അടിയിൽ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ചെടിയുടെ വേരുകൾക്ക് വളരാൻ ആവശ്യമായ ഇടവും ഉറപ്പാക്കണം. ചൂടുള്ള കാലാവസ്ഥയിൽ വലിയ ചെടിച്ചട്ടികൾ വാങ്ങുന്നതാണ് നല്ലത്, അവയിൽ ഈർപ്പം ഏറെ നേരം തങ്ങിനിൽക്കും. എന്നാൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല.

ചെടിച്ചട്ടിയിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടികൾ

കറിവേപ്പില

കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായ ചെടികളിലൊന്നാണ് കറിവേപ്പില. കുറച്ച് വലിപ്പമുള്ള ചട്ടിയിൽ തൈ നട്ടാൽ വീട്ടാവശ്യത്തിന് ഇലകൾ ലഭിക്കും. നല്ല സൂര്യപ്രകാശവും വെള്ളം കെട്ടിനിൽക്കാത്ത മണ്ണിമാണ് കറിവേപ്പിലയ്ക്ക് ആവശ്യം.

പച്ചമുളക്

ദിവസവും അടുക്കളയിൽ ആവശ്യമുള്ള ഒന്നാണ് പച്ചമുളക്. ഇവയെ ചെടിച്ചട്ടിയിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം. മുളകിന്റെ വിത്തോ തൈകളോ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും വെള്ളവും നൽകിയാൽ മുളക് മെച്ചപ്പെട്ട ഫലം തരും.

തക്കാളി

മിനി അടുക്കളത്തോട്ടത്തിൽ തക്കാളിയും പരീക്ഷിക്കാം. ചെറിയ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് പരിമിതമായ സ്ഥലത്തിന് നല്ലത്. ആവശ്യത്തിന് വലുപ്പമുള്ള ചട്ടിയും സൂര്യപ്രകാശവും ചെടിക്ക് താങ്ങും നൽകണം.

പുതിന

പുതിനയുടെ തണ്ടുകൾ ഉപയോഗിച്ചും പുതിയ ചെടികൾ വളർത്താം. അധികം സ്ഥലം വേണ്ടാത്തതിനാൽ ചെറിയ ചട്ടികളിൽ വളർത്താൻ അനുയോജ്യമാണ്. പുതിന വേഗത്തിൽ പടരുന്നതിനാൽ പ്രത്യേക ചട്ടിയിൽ വളർത്തുന്നതാണ് നല്ലത്.

ചീര

ചീര വളർത്താൻ വലിയ ഇടം ആവശ്യമില്ല. വീതിയുള്ളതും ആഴം കുറഞ്ഞതുമായ പാത്രങ്ങളിൽ വിത്ത് പാകാം. ശരിയായ പരിചരണം നൽകിയാൽ ഇലകൾ വിളവെടുക്കാൻ സാധിക്കും.

ചെടികൾ വളർത്താൻ എങ്ങനെയുള്ള മണ്ണാണ് വേണ്ടത്?

ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് മണ്ണിന്റെ ഗുണനിലവാരം പ്രധാനമാണ്. വെള്ളം ഒഴുകിപ്പോകാനും വേരുകൾക്ക് വായു ലഭിക്കാനും കഴിയുന്ന മിശ്രിതമാണ് അനുയോജ്യം. മണ്ണിനൊപ്പം നന്നായി അഴുകിയ കമ്പോസ്റ്റും ചകിരിച്ചോറും ചേർത്ത് ഉപയോഗിക്കാം. ചെടിയുടെ ആവശ്യത്തിനും പാത്രത്തിന്റെ വലുപ്പത്തിനും അനുസരിച്ച് മിശ്രിതത്തിന്റെ അളവ് ക്രമീകരിക്കണം.

ദിവസവും എത്ര വെള്ളം ഒഴിക്കണം?

ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് നനയ്ക്കൽ. എല്ലാ ചെടികൾക്കും ഒരേ അളവിൽ വെള്ളം ആവശ്യമില്ല. മണ്ണിന്റെ മുകൾഭാഗം ഉണങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വെള്ളം ഒഴിക്കുന്നതാണ് നല്ലത്. ചൂട് കൂടിയ ദിവസങ്ങളിൽ കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം. മഴക്കാലത്ത് അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം.

ചട്ടികളിൽ വെള്ളം കെട്ടി നിന്നാൽ വേരുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിനാൽ അടിയിലെ ദ്വാരങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചെടികളുടെ ഇലകളിൽ മഞ്ഞനിറം, പാടുകൾ, കീടങ്ങളുടെ സാന്നിധ്യം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ നേരത്തെ തന്നെ പരിഹരിക്കാൻ ശ്രമിക്കുക.

കീടങ്ങളെ നിയന്ത്രിക്കാൻ ചെടികൾ പതിവായി പരിശോധിക്കുകയും ബാധിച്ച ഇലകൾ നീക്കം ചെയ്യുകയും ചെയ്യാം. ഏതെങ്കിലും ജൈവ കീടനിയന്ത്രണ മാർഗം ഉപയോഗിക്കുമ്പോൾ അതിന്റെ സുരക്ഷയും ശരിയായ ഉപയോഗരീതിയും ഉറപ്പാക്കണം. വീട്ടിൽ വളർത്തുന്നതാണെന്ന കാരണത്താൽ പച്ചക്കറികളിൽ കീടനാശിനികളോ മറ്റു ലായനികളോ അനിയന്ത്രിതമായി തളിക്കരുത്.

ചെറിയ അടുക്കളത്തോട്ടം പരിപാലിക്കാൻ ചില എളുപ്പവഴികൾ

  • തുടക്കത്തിൽ മൂന്നോ നാലോ ചെടികളിൽ മാത്രം ചെടികൾ വളർത്താം.

  • ഓരോ ചെടിക്കും ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

  • ചട്ടികൾക്കിടയിൽ ആവശ്യത്തിന് അകലം നൽകുക.

  • ഉണങ്ങിയ ഇലകളും കളകളും പതിവായി നീക്കം ചെയ്യുക.

  • ആഴ്ചയിൽ കുറച്ചുസമയം ചെടികളുടെ വളർച്ചയും കീടങ്ങളുടെ സാന്നിധ്യവും പരിശോധിക്കാൻ മാറ്റിവെക്കുക.

  • വിളവെടുക്കാവുന്ന ഇലകളും പച്ചക്കറികളും ആവശ്യത്തിന് മാത്രം പറിച്ചെടുക്കുക.

How to Grow a Mini Kitchen Garden with Just a Few Pots

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി