ഇന്ന് മിക്കയാളുകളെയും അലട്ടുന്ന ഒരു സാധാരണ പ്രശ്നമാണ് താരൻ. സ്കാൽപ്പിൽ ചർമം വരണ്ടുപോകുന്നതും അമിതമായി എണ്ണമയം ഉണ്ടാകുന്നതും മലസീസിയ എന്ന ഫംഗസിന്റെ വളർച്ചയുമെല്ലാം താരൻ ഉണ്ടാകുന്നതിന് കാരണമാകാം. കാലാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദം, മുടിയുടെ ശുചിത്വക്കുറവ്, ചില ഹെയർ കെയർ ഉൽപ്പന്നങ്ങളോടുള്ള പ്രതികരണം എന്നിവയും പ്രശ്നം വർധിപ്പിക്കാം.
താരൻ പൂർണമായി ഒഴിവാക്കാൻ ഒറ്റമൂലികളൊന്നുമില്ലെങ്കിലും വീട്ടിലെ ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കും. താരൻ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്കാൽപ്പിൽ അടിഞ്ഞുകൂടുന്ന എണ്ണമയം, വിയർപ്പ്, അഴുക്ക്, ചർമത്തിലെ മൃതകോശങ്ങൾ എന്നിവ താരൻ വർധിപ്പിക്കാം. അതുകൊണ്ട് തന്നെ മുടിയുടെ സ്വഭാവത്തിനും തലയോട്ടിയിലെ എണ്ണമയത്തിനും അനുസരിച്ച് കൃത്യമായ ഇടവേളകളിൽ മുടി കഴുകണം. എണ്ണമയമുള്ള സ്കാൽപ്പ് കൂടുതൽ ഇടവേളകളില്ലാതെ കഴുകുന്നത് നല്ലതാണ്. എന്നാൽ അമിതമായി മുടി കഴുകുന്നതും ശക്തമായ ഷാംപൂ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
സാധാരണ ഷാംപൂ ഉപയോഗിച്ചിട്ടും താരൻ കുറയുന്നില്ലെങ്കിൽ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാം. കെറ്റോകോണസോൾ (Ketoconazole), സിങ്ക് പിരിത്തിയോൺ (Zinc Pyrithione), സെലീനിയം സൾഫൈഡ് (Selenium Sulfide) തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഷാംപൂ താരൻ നിയന്ത്രിക്കാൻ സഹായിക്കും. ഉൽപ്പന്നത്തിന്റെ നിർദേശപ്രകാരം ഉപയോഗിക്കുകയും ആവശ്യമായ സമയം സ്കാൽപ്പിൽ നിലനിർത്തുകയും വേണം. ഒരേ ഷാംപൂ ഉപയോഗിച്ചിട്ടും ഫലമില്ലെങ്കിൽ ഡോക്ടറുടെ നിർദേശം തേടാം.
കുളിച്ചശേഷം മുടി നന്നായി ഉണക്കിയശേഷം മാത്രം കെട്ടിവയ്ക്കുക. നനഞ്ഞ മുടി ദീർഘനേരം കെട്ടിവയ്ക്കുന്നതും ഈർപ്പമുള്ള തലയോട്ടിയുമായി ഉറങ്ങുന്നതും ഒഴിവാക്കാം. മുടി കഴുകിയ ശേഷം വൃത്തിയുള്ള ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. അമിതമായി ഉരച്ച് ഉണക്കുന്നത് തലയോട്ടിയിൽ അസ്വസ്ഥതയുണ്ടാക്കാം.
മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിൽ അഴുക്കും എണ്ണമയവും മൃതകോശങ്ങളും അടിഞ്ഞുകൂടാം. അതുകൊണ്ട് ചീപ്പ് ഇടയ്ക്കിടെ വൃത്തിയാക്കണം. ടവലുകളും തലയണയുടെ കവറുകളും പതിവായി കഴുകി ഉണക്കി ഉപയോഗിക്കണം. മറ്റുള്ളവരുടെ ചീപ്പും ടവലും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. താരൻ സാധാരണയായി പകരുന്ന രോഗമല്ലെങ്കിലും വ്യക്തിഗത ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.
മുടിക്ക് എണ്ണ തേക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ താരനുള്ളവർ സ്കാൽപ്പിൽ അമിതമായി എണ്ണ പുരട്ടി ദീർഘനേരം വയ്ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് എണ്ണമയമുള്ള സ്കാൽപ്പ് ഉള്ളവരിൽ ഇത് അസ്വസ്ഥത വർധിപ്പിക്കാം. മുടിയുടെ നീളത്തിലും അറ്റങ്ങളിലും ആവശ്യത്തിന് എണ്ണ ഉപയോഗിക്കാം. സ്താൽപ്പിൽ ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ എണ്ണയുടെ ഉപയോഗം നിർത്തി ശ്രദ്ധിക്കുക.
താരൻ ഉണ്ടാകുമ്പോൾ തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ നഖം ഉപയോഗിച്ച് ശക്തമായി ചൊറിയുന്നത് തലയോട്ടിയിൽ മുറിവുകളുണ്ടാക്കാനും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും. ചൊറിച്ചിൽ കൂടുതലാണെങ്കിൽ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
ഹെയർ ജെൽ, സ്പ്രേ, സീറം തുടങ്ങിയ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ചിലരിൽ സ്കാൽപ്പിൽ ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകാം. പുതിയ ഉൽപ്പന്നം ഉപയോഗിച്ചതിനു ശേഷം ചൊറിച്ചിലോ ചുവപ്പോ ഉണ്ടാകുന്നുണ്ടെങ്കിൽ അതിന്റെ ഉപയോഗം നിർത്തണം. സ്കാൽപ്പിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
സമീകൃതമായ ഭക്ഷണക്രമം മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്. പ്രോട്ടീൻ, സിങ്ക്, ബി വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുട്ട, മത്സ്യം, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആവശ്യത്തിന് ഉറങ്ങുകയും സമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates