മഴക്കാലമാകുമ്പോൾ തണുത്ത കാലാവസ്ഥയും ഇടയ്ക്കിടെയുള്ള മഴയും കാരണം ദിവസവുമുള്ള കുളി ചിലർ ഒഴിവാക്കാറുണ്ട്. വിയർക്കുന്നില്ലെങ്കിൽ പിന്നെ ദിവസവും കുളിക്കുന്നതെന്തിനാണെന്ന സംശയം പലർക്കും ഉണ്ടാകാം. എന്നാൽ മഴക്കാലത്ത് ശരീരശുചിത്വത്തിന് വേനൽക്കാലത്തെക്കാൾ കൂടുതൽ പ്രാധാന്യമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
മഴക്കാലത്ത് അന്തരീക്ഷ ഈർപ്പം കൂടുതലായിരിക്കും. ഇത് ശരീരത്തിൽ വിയർപ്പ് പൂർണമായി ഉണങ്ങാതെ ചർമത്തിൽ തങ്ങിനിൽക്കാൻ കാരണമാകും. വിയർപ്പ്, പൊടി, അഴുക്ക്, ബാക്ടീരിയ, ഫംഗസ് എന്നിവ ചേർന്ന് ചർമപ്രശ്നങ്ങളും ഉണ്ടാക്കാം. ദിവസവും കുളിക്കുമ്പോൾ ശരീരത്തിലെ അഴുക്കും വിയർപ്പും നീക്കം ചെയ്യാം. ബക്ടീരിയയും ഫംഗസും വളരാനുള്ള സാധ്യതയും കുറയ്ക്കാനാകും. ഇത് ചർമം കൂടുതൽ വൃത്തിയായും ആരോഗ്യകരമായും നിലനിർത്തും.
കാലുകളിൽ ഫംഗസ് അണുബാധ, ചൊറിച്ചിൽ, ശരീരത്തിലെ മടക്കുകളിലെ ചുവപ്പ്, കാലുകൾക്കിടയിലെ അണുബാധ, മുഖക്കുരു, അമിതമായ ശരീരദുർഗന്ധം എന്നിവയ്ക്കുള്ള സാധ്യത മഴക്കാലത്ത് വർധിക്കുന്നു. ദിവസവും കുളിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കും.
മഴ നനയാനും കളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ നനയുന്നത് അത്ര ആരോഗ്യകരമല്ല. പ്രത്യേകിച്ച് മഴവെള്ളം മുടിയില്‍ വീണാല്‍ താരന്‍ അടക്കമുള്ള അണുബാധകള്‍ക്ക് കാരണമാകാം. മഴവെള്ളത്തിൽ പൊടി, മലിനീകരണകണങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവ ഉണ്ടാകാം. നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് സാധ്യത വർധിപ്പിക്കും. അതുകൊണ്ട് തന്നെ മഴവെള്ളത്തിൽ നനഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ കുളിക്കാൻ ശ്രമിക്കണം.
മൺസൂണിൽ വളരെ തണുത്ത വെള്ളത്തെക്കാൾ ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിൽ നിന്ന് അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. മാത്രമല്ല, ശരീരം കുറച്ചു കൂടി റിലാക്സ് ആകും മഴയിൽ നനഞ്ഞ ശേഷമുള്ള അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും. എന്നുകരുതി, വളരെ ചൂടുവെള്ളത്തിൽ സ്ഥിരമായി കുളിക്കുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണ കുറച്ച് വരണ്ടതാക്കാൻ സാധ്യതയുണ്ട്.
സോപ്പ് ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ശക്തമായ രാസവസ്തുക്കൾ അടങ്ങിയ സോപ്പുകൾ അമിതമായി ഉപയോഗിക്കുന്നത് ചിലരുടെ ചർമം വരണ്ടതാക്കാം. കക്ഷങ്ങൾ, കഴുത്ത്, കാലുകൾ, വിരലുകൾ, സ്വകാര്യഭാഗങ്ങൾ എന്നിവടങ്ങൾ വൃത്തിയാൻ പ്രത്യേകം ശ്രദ്ധിക്കണം. മുഖത്തിന് സാധാരണ സോപ്പ് ഉപയോഗിക്കുന്നതിനു പകരം മൈൽഡ് ക്ലെൻസർ ഉപയോഗിക്കുന്നതാണ് നല്ലത്.
എല്ലാ ദിവസവും ഷാംപൂ ഉപയോഗിച്ച് തല കഴുകേണ്ട ആവശ്യമില്ല. എന്നാൽ മഴ നനഞ്ഞാൽ തല കഴുകുന്നത് നല്ലതാണ്. എണ്ണമയം കൂടുതലാണെങ്കിൽ ആഴ്ചയിൽ 2–3 തവണ ഷാംപൂ ഉപയോഗിക്കാം. തല നന്നായി ഉണക്കാതെ ഇരുന്നാൽ താരനും ഫംഗസ് ബാധയും വർധിക്കാം.
ശരീരം നന്നായി തുടച്ച് ഉണക്കുക.
വിരലുകൾക്കിടയിലെ ഈർപ്പം പൂർണമായി മാറ്റുക.
വൃത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ ധരിക്കുക.
നനഞ്ഞ ടവൽ വീണ്ടും വീണ്ടും ഉപയോഗിക്കരുത്.
ദിവസവും അടിവസ്ത്രങ്ങൾ മാറ്റുക.
മഴയിൽ നനഞ്ഞ ഷൂസും സോക്സും ഉണങ്ങിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates