Coffee benefits AI Image
Health

കാപ്പി ആരൊക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല കഫീൻ്റെ അളവാണ് പ്രധാനം

രാവിലെ ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കാപ്പി കുടിക്കുന്നത് താൽക്കാലികമായി ശ്രദ്ധയും മാനസിക ഉണർവും വർധിപ്പിക്കാൻ സഹായിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ പലർക്കും ഒരു കാപ്പി പതിവുള്ളതാണ്. ക്ഷീണവും മടുപ്പുമൊക്കെ മാറ്റി ഉന്മേഷം നൽകാൻ കാപ്പിയിലെ കഫീൻ ഉപകാരി ആണ്. എന്നാൽ വെറും ഉന്മേഷം മാത്രമല്ല, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ചില ആരോഗ്യഗുണങ്ങൾക്കും സഹായിക്കും.

കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ തലച്ചോറിലെ അഡിനോസിൻ എന്ന ഉറക്കം പ്രോത്സാഹിപ്പിക്കുന്ന രാസവസ്തുവിന്റെ പ്രവർത്തനത്തെ തടയുന്നു. ഇതിലൂടെ ഉറക്കം മാറാനും ജാഗ്രതയും ശ്രദ്ധയും വർധിക്കാനും സഹായിക്കാം. മിതമായ അളവിൽ കഫീൻ ഊർജ്ജം, ഏകാഗ്രത, ജാഗ്രത എന്നിവ വർധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കാപ്പി കുടിക്കുന്നത് താൽക്കാലികമായി ശ്രദ്ധയും മാനസിക ഉണർവും വർധിപ്പിക്കാൻ സഹായിക്കാം.

ക്ഷീണം അകറ്റുക മാത്രമല്ല!

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില കാൻസറുകൾ, പാർക്കിൻസൺസ് രോഗം തുടങ്ങിയ ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ കാപ്പി കുടിക്കുന്നത് ഒരു മരുന്നോ ചികിത്സയായോ കരുതരുത്. കാപ്പിയിൽ കഫീന് പുറമെ വിവിധ ബയോആക്ടീവ് ആയ സസ്യസംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യത്തിന് മികച്ചതാണ്.

കാപ്പി കുടിക്കാൻ നല്ല സമയം?

കാപ്പി കുടിക്കാൻ നല്ല സമയം എന്നൊന്നില്ല. ഉറക്ക സമയം, കഫീൻ കുടിക്കുമ്പോഴുള്ള ശരീരത്തിൻ്റെ പ്രതികരണം, ദിവസത്തിലെ മറ്റ് കഫീൻ ഉപയോഗം എന്നിവ അനുസരിച്ച് സമയം മാറാം. സാധാരണയായി ബ്രേക്ക്ഫാസ്റ്റിന് ശേഷമോ അതിനോടൊപ്പമോ കാപ്പി കുടിക്കുന്നത് സൗകര്യപ്രദമായ ഒരു ശീലമാണ്. വളരെ വൈകി കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് ചിലരിൽ രാത്രി ഉറക്കത്തെ ബാധിക്കാം. കഫീനോട് കൂടുതൽ സെൻസിറ്റിവിറ്റി ഉള്ളവർക്ക് ഉച്ചയ്ക്കു ശേഷം പോലും കാപ്പി ഉറക്കത്തെ ബാധിച്ചേക്കാം. അതുകൊണ്ട് ഉറക്ക പ്രശ്നമുള്ളവർ ഉച്ചയ്ക്ക് ശേഷം കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.

ബെഡ് കോഫി നല്ലതാണോ?

എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്നത് എല്ലാവർക്കും ദോഷകരമാണെന്നതിന് മതിയായ പഠനങ്ങളോ ശാസ്ത്രീയ തെളിവുകളോ ഇല്ല. അതുപോലെ എഴുന്നേറ്റ ശേഷം കാപ്പി കുടിക്കുന്നതിന് നിർബന്ധമായും ഒരു നിശ്ചിത സമയം വരെ കാത്തിരിക്കണമെന്നതും എല്ലാവർക്കും ബാധകമല്ല. കാപ്പി കുടിച്ച ശേഷം ശരീരത്തിനുണ്ടാകുന്ന പ്രതികരണമാണ് പ്രധാനം.

വയറിന് അസ്വസ്ഥത, നെഞ്ചിടിപ്പ്, ഉത്കണ്ഠ, വിറയൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സമയം മാറ്റുകയോ അളവ് കുറയ്ക്കുകയോ ചെയ്യാം.

ഒരു കപ്പ് കാപ്പിയിലെ കഫീൻ അളവ് കാപ്പിയുടെ തരം, തയ്യാറാക്കുന്ന രീതി, കപ്പിന്റെ വലുപ്പം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് എത്ര കപ്പ് എന്നതിനെക്കാൾ മൊത്തം കഫീൻ എത്രയാണ് എന്നതാണ് പ്രധാനപ്പെട്ടത്. കഫീൻ എല്ലാവരിലും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. അമിതമായ കഫീൻ ചിലരിൽ ഉത്കണ്ഠ, അസ്വസ്ഥത, ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.

പഞ്ചസാരയും ക്രീമും

കാപ്പിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുമ്പോൾ അതിൽ ചേർക്കുന്ന പഞ്ചസാര, ക്രീം, മറ്റ് കലോറി കൂടിയ ചേരുവ എന്നിവ മറക്കരുത്. പതിവായി വലിയ അളവിൽ പഞ്ചസാര ചേർത്ത കാപ്പി കുടിക്കുന്നത് അധിക കലോറി ലഭിക്കുന്നതിന് കാരണമാകാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കാപ്പിയിൽ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Is Morning Coffee safe and healthy, which is the ideal time to have coffee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദലിതുകള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല'; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19

'എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി, പേടിച്ചിട്ട്'; ഞാന്‍ ചിരിക്കാതായി; പ്രണയത്തില്‍ നേരിട്ടത് പറഞ്ഞ് അനുപമ

സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി