ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് താരം കരീന കപൂർ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. പ്രായം 40 കഴിഞ്ഞിട്ടും രണ്ട് കുഞ്ഞുങ്ങളുടെ അമ്മ ആയിട്ടും ഇന്നും ശരീരസൗന്ദര്യം നിലനിർത്താൻ കരീന അങ്ങേയറ്റം ശ്രദ്ധ ചെലുത്താറുണ്ട്. ശരീരവും മനസും ഒരുപോലെ ഫിറ്റായിരിക്കാൻ കരീന യോഗ പരിശീലനം പതിവാക്കിയിട്ടുണ്ട്. ഫിറ്റ്‍നെസില്‍ യോഗയുടെ പ്രാധാന്യത്തെ കുറിച്ചും നടി പലപ്പോഴും പറയാറുണ്ട്.
ഇപ്പോഴിതാ കൊഴുപ്പ് കുറയ്ക്കാനായി കരീന കപൂർ ചെയ്യുന്ന ചില ടിപ്സുകൾ പങ്കുവയ്ക്കുകയാണ് യോഗ പരിശീലകയായ രൂപാൽ സിദ്ധ്. കരീനയുടെ ശരീരഭാരം കുറയ്ക്കൽ ഒരു മാജിക് ആയിരുന്നില്ലെന്നും, അച്ചടക്കം, യോഗ, വിട്ടുവീഴ്ചയില്ലാത്ത ശീലങ്ങൾ എന്നിവയുടെ ഫലമായിരുന്നുവെന്നും രൂപാൽ പറയുന്നു.
കരീന കപൂറിനെ പോലെ എന്നും ഫിറ്റായി ഇരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യണമെന്നും അവർ പറയുന്നു. സൂര്യ നമസ്കാരം ചെയ്യുന്നത് പതിവാക്കാനാണ് രൂപാൽ പറയുന്നത്. പതിയെ പതിയെ ഇതിന്റെ എണ്ണം കൂട്ടി കൊണ്ടുവരണമെന്നും അവർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് രൂപാൽ ഇക്കാര്യം പറഞ്ഞത്.
എല്ലാ വാരാന്ത്യത്തിലും വെയ്റ്റ് ട്രെയിനിങ് ചെയ്യുമ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു വ്യായാമം ആണ് 30- 60- 90- 108 സൂര്യ നമസ്‌കാരം ചെയ്യുക എന്നത്. ശരീരഭാരം കുറയ്ക്കാൻ എന്റെ ചില ക്ലയന്റുകളെ കൊണ്ട് ഞാൻ ചെയ്യിപ്പിച്ച ഒരു കാര്യമാണിത്. കരീന കപൂറിനെയും ഇത് ചെയ്യിപ്പിച്ചത് ഞാൻ ആയിരുന്നു. ഒറ്റയടിക്ക് 50 സൂര്യ നമസ്കാരങ്ങളും പിന്നീട് 108 സൂര്യ നമസ്കാരങ്ങൾ വരെ അവർ ചെയ്യുമായിരുന്നു.
അത് അവരെ നന്നായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് കരീന ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് രൂപാൽ പറയുന്നു. അതോടൊപ്പം 10,000 ചുവടുകൾ നടക്കുകയും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുകയും വേണമെന്നും രൂപാൽ കൂട്ടിച്ചേർത്തു.
കൊഴുപ്പടങ്ങിയ ഭക്ഷണം രാവിലെ കഴിക്കണമെന്നും എല്ലാ ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും യോഗ/വ്യായാമം ചെയ്യണമെന്നും അവർ പറയുന്നു. ഏത് ഭക്ഷണം കഴിച്ചാലും അതിന് ശേഷം കുറച്ചു നേരം നടക്കണമെന്നും ഭക്ഷണം ഘട്ടം ഘട്ടമായി വേണം കഴിക്കാനെന്നും അവർ പറഞ്ഞു.
കുറഞ്ഞത് 7 അല്ലെങ്കിൽ 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നും രൂപാൽ സിദ്ധ് പറയുന്നു. ബെബോയ്ക്ക് (കരീന കപൂർ) ആ തിളക്കവും സൗന്ദര്യവും ഒരാഴ്ച കൊണ്ട് ഉണ്ടായതല്ല. നിങ്ങള്‍ക്കും അത് ഒരാഴ്ച കൊണ്ട് ലഭിക്കില്ല. പക്ഷേ ഇന്ന് തന്നെ തുടങ്ങൂ, ഭാവിയിൽ നിങ്ങൾ നിങ്ങളോട് തന്നെ നന്ദി പറയും എന്നും രൂപാൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates