ഒക്‌ലഹോമ: ഇരുമ്പുശ്വാസകോശം ഉപയോഗിച്ച് ജീവൻ നിലനിർത്തിയ അമേരിക്കയിലെ അവസാനത്തെ പോളിയോ രോഗിയായ മാർത്ത ആൻ ലില്ലാർഡ് 78-ാം വയസ്സിൽ അന്തരിച്ചു. 1953ൽ അഞ്ചാം വയസ്സു മുതൽ ഇരുമ്പുശ്വാസകോശത്തിന്റെ സഹായത്തോടെയാണ് മാർത്ത ഇക്കാലമത്രയും അതിജീവിച്ചത്. ജൂൺ 26നായിരുന്നു അന്ത്യം. മരണവാർത്ത ഇപ്പോഴാണ് കുടുംബം പുറത്തുവിടുന്നത്.
അഞ്ചാം പിറന്നാൾ ദിനത്തിലാണ് മാർത്തയ്ക്ക് പോളിയോയുടെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത്. നാല് ദിവസത്തിന് ശേഷം ബോധം നഷ്ടമായി. ശ്വസിക്കാനോ കൈകാലുകൾ അനക്കാനോ കഴിയാത്ത അവസ്ഥയിലായി. പോളിയോ ബാധിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാർത്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. മാർത്തയ്ക്ക് പോളിയോ സ്ഥിരീകരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പോളിയോയ്ക്കെതിയായ വാക്സിൻ കണ്ടുപിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുമ്പുകൊണ്ട് ശരീരമുഴുവൻ മൂടുന്ന തരത്തിലുള്ള ശ്വാസകോശമായിരുന്നു ജീവൻ രക്ഷാഉപകരണമായി ഉപയോഗിച്ചിരുന്നത്.
‘കുട്ടികളെ അതിൽ കിടത്താൻ ഡോക്ടർമാർക്ക് മടിയുണ്ടായിരുന്നു. പക്ഷേ എനിക്ക് അതിൽ കിടക്കാൻ ഇഷ്ടമായിരുന്നു. ശ്വസിക്കാൻ കഴിയുന്നതിന്റെ ആശ്വാസം അതിലൂടെ ലഭിച്ചു’– മാർത്ത അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
20 വയസ് കഴിഞ്ഞ് ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ മാർത്തയുടെ മനോധൈര്യവും ജീവിക്കണമെന്ന് അടങ്ങാത്ത ആഗ്രഹവും അവരെ അതിജീവിക്കാൻ സഹായിച്ചുവെന്ന് സഹോദരി സിൻഡി പറയുന്നു.
കുട്ടിക്കാലത്ത് ദിവസവും രണ്ടു മണിക്കൂർ മാത്രമാണ് സ്കൂളിൽ പോയിരുന്നത്. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ ടെലിഫോണിലൂടെയായി പഠനം. വലിപ്പമേറിയ ഇരുമ്പ് ശ്വാസകോശത്തിനു കടക്കാൻ കഴിയുന്ന വാതിലുകളുള്ള ഹോട്ടലുകൾ പോലും മുൻകൂട്ടി കണ്ടെത്തി ബുക്ക് ചെയ്യാറുണ്ടായിരുന്നു. 1979-ലാണ് യുഎസിൽ പോളിയോ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചത്.
ആറുമാസത്തോളം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ദിവസവും 23 മണിക്കൂർ ഇരുമ്പുശ്വാസകോശത്തിനകത്ത് കഴിയേണ്ടി വന്നു. പിന്നീട് ശ്വാസകോശം സ്വയം പ്രവർത്തിക്കാൻ പരിശീലനം നേടിയതോടെ ഉപകരണത്തിന്റെ ഉപയോഗം ക്രമേണ കുറച്ചു. വലതുകൈ സ്ഥിരമായി തളർന്നെങ്കിലും നടക്കാനുള്ള ശേഷി അവർ വീണ്ടെടുത്തു. ജീവിതകാലം മുഴുവൻ വെറും 25 ശതമാനം ശ്വാസകോശ ശേഷിയോടെയും സ്കോളിയോസിസും വലതുകൈയുടെ പക്ഷാഘാതവുമുണ്ടായിരുന്നിട്ടും ചിത്രരചന, കവിതാരചന, ഇടതുകൈ ഉപയോഗിച്ച് പിയാനോ തുടങ്ങിയ കലാപ്രവർത്തനങ്ങളിൽ മാർത്ത സജീവമായിരുന്നു.
പിന്നീട് വികസിപ്പിച്ച ആധുനിക ശ്വസനസഹായ ഉപകരണങ്ങൾ പരീക്ഷിച്ചെങ്കിലും അവയൊന്നും തനിക്ക് ശ്വാസസഹായം നൽകാനായില്ലെന്ന് അവർ പറഞ്ഞിരുന്നു. അതിനാൽ അവസാനവരെ ഇരുമ്പുശ്വാസകോശത്തെയാണ് ആശ്രയിച്ചത്. പ്രായം കൂടിയതോടെ പോസ്റ്റ്-പോളിയോ സിൻഡ്രോം ബാധിക്കുകയും ആരോഗ്യനില മോശമാകുകയും ചെയ്തു. ഇതിനിടെ രണ്ട് തവണ കോവിഡ് ബാധിക്കുകയും പിന്നീട് ലോങ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഒടുവിൽ 24 മണിക്കൂറും ഇരുമ്പുശ്വാസകോശത്തിന്റെ സഹായം ആവശ്യമായ അവസ്ഥയിലായിരുന്നു. 1940കളിൽ നിർമിച്ച ഉപകരണമായതിനാൽ അതിന്റെ സ്പെയർ പാർട്സ് ലഭിക്കാനും പ്രയാസമുണ്ടായിരുന്നുവെന്ന് സഹോദരി സിന്‍ഡി മക്‌വേ പറഞ്ഞു.
രോഗിയുടെ തല ഒഴികെയുള്ള മുഴുവൻ ശരീരവും ഉൾക്കൊള്ളുന്ന വലിയ, വായു കടക്കാത്ത ലോഹ സിലിൻഡർ ആണിത്. ഒരുതരം നെഗറ്റീവ്-പ്രഷർ മെക്കാനിക്കൽ വെന്റിലേറ്റർ. ചേംബറിനുള്ളിലെ വായുമർദം മാറ്റുന്നതിലൂടെ, രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും യന്ത്രം പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യും.
1927-ൽ ഹാർവാഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഫിലിപ്പ് ഡ്രിങ്കറും ലൂയി ഷോയും ചേർന്നാണ് ഇരുമ്പ് ശ്വാസകോശം വികസിപ്പിച്ചത്. 1940-കളിലും 50-കളിലും പോളിയോ പടർന്നു പിടിച്ചപ്പോൾ നിർണായക ജീവൻ രക്ഷാ ഉപകരണമായി ഇതു മാറി.
നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരവും പകർച്ചവ്യാധിയുമായ രോഗമാണ് പോളിയോ. രോഗബാധിതരുടെ മലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വൈറസ് പകരാം. ഭൂരിഭാഗം രോഗികൾക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. ചിലർക്ക് ജലദോഷസദൃശമായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. എന്നാൽ 200 മുതൽ 2,000 വരെ രോഗികളിൽ ഒരാൾക്ക് പക്ഷാഘാതം സംഭവിക്കാമെന്നാണ് കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates