നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു പ്രധാന പോഷകമാണ് പ്രോട്ടീൻ. പേശികളുടെ വളർച്ചയ്ക്കും ബലത്തിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ കൂടിയേ തീരൂ. ഫിറ്റ്നസ് ഫ്രീക്കുകൾ മുതൽ സാധാരണക്കാരുടെ വരെ ഡയറ്റ് ഇപ്പോൾ പ്രോട്ടീൻ റിച്ച് ആണ്. എന്നാൽ ചിലർക്ക് പ്രോട്ടീൻ പൗഡർ അല്ലെങ്കിൽ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചാൽ തന്നെ വയറു വീർക്കൽ, ഗ്യാസ്, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.
ഇതുമൂലം പലരും പ്രോട്ടീൻ ഭക്ഷണങ്ങൾ പരിമിതപ്പെട്ടുത്താറുണ്ട്. എന്നാൽ ചില സിപിംൾ ഭക്ഷണശീല മാറ്റങ്ങളിലൂടെ ഈ പ്രശ്നം കുറയ്ക്കാനാകുമെന്ന് പോഷകാഹാര വിദഗ്ധനായ ലവ്നീത് ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു.
പ്രോട്ടീൻ കഴിച്ച പിന്നാലെ വയറുവീർക്കാനുള്ള പ്രധാന കാരണങ്ങൾ
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ ഇല്ലെങ്കിൽ മലബന്ധം ഉണ്ടാകാം. ഇതുവഴി വയർ വീർക്കലും അസ്വസ്ഥതയും ഉണ്ടാകാം.
പ്രോട്ടീൻ ശരിയായി ദഹിക്കാൻ വയറിലെ ആസിഡ് ആവശ്യമാണ്. ആസിഡ് കുറവായാൽ പ്രോട്ടീൻ പൂർണമായി ദഹിക്കാതെ വയറ്റിൽ കൂടുതൽ സമയം തുടരുകയും വയർ വീർക്കലിന് കാരണമാകുകയും ചെയ്യും.
വെള്ളത്തിന്റെ കുറവ് ദഹനപ്രക്രിയയെ ബാധിക്കുകയും മലബന്ധത്തിനും വയർ വീർക്കലിനും കാരണമാകുകയും ചെയ്യും.
പ്രോട്ടീനിനൊപ്പം ലയിക്കുന്ന ഫൈബർ (Soluble Fibre) ഉൾപ്പെടുത്തുക
ആപ്പിൾ, പേരയ്ക്ക, മധുരക്കിഴങ്ങ്, പൈനാപ്പിൾ എന്നിവ പോലുള്ള ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പ്രോട്ടീനിന്റെ ദഹനം എളുപ്പമാക്കാൻ സഹായിക്കും.
ഇഞ്ചി–പുതിന ചായ കുടിക്കുക
ഒരു ഇഞ്ച് നീളമുള്ള ചുരണ്ടിയ ഇഞ്ചിയും അഞ്ച് പുതിനയിലയും വെള്ളത്തിൽ മൂന്ന് മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം ഉച്ചയോടെയോ ഉച്ചഭക്ഷണത്തിന് 15 മിനിറ്റിന് ശേഷമോ ഒരു കപ്പ് ചൂടോടെ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും സഹായിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കുക
ദിവസവും ഏകദേശം 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. ഭക്ഷണസമയത്തിന് ഇടവേളകളിലാണ് കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലത്.
പ്രോട്ടീൻ അളവ് ക്രമേണ വർധിപ്പിക്കുക
പെട്ടെന്ന് വളരെ കൂടുതൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം ക്രമേണ അളവ് കൂട്ടുന്നതാണ് ദഹനസംവിധാനത്തിന് എളുപ്പം പൊരുത്തപ്പെടാൻ സഹായിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates