പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല, ദിവസവും സിഗരറ്റുകൾ പുകച്ചു കൂട്ടുന്നത്. ഉപേക്ഷിക്കണമെന്ന് മനസ്സു പറഞ്ഞാലും പുകയില ഉൽപ്പന്നങ്ങളിലെ നിക്കോട്ടിൻ ആദിപത്യം സ്ഥാപിക്കും. അതുകൊണ്ട് തന്നെ പുകവലി ഉപേക്ഷിക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. എന്നാൽ ശരിയായ തയ്യാറെടുപ്പും പിന്തുണയും ലഭിച്ചാൽ പുകവലി വിജയകരമായി നിർത്താൻ കഴിയും.
ഒരു തീയതി നിശ്ചയിക്കാം
ഒരു വ്യക്തമായ തീയതി നിശ്ചയിച്ച് അതിനായി മാനസികമായി തയ്യാറെടുക്കുക. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ തീരുമാനത്തെക്കുറിച്ച് അറിയിക്കുന്നത് പിന്തുണ ലഭിക്കാൻ സഹായിക്കും.
പുകവലിക്കാനുള്ള കാരണങ്ങൾ തിരിച്ചറിയുക
സമ്മർദ്ദം, ഏകാന്തത, സുഹൃത്ത് വലയം, ഭക്ഷണശേഷം എന്നിവയാണോ പുകവലിക്കാനുള്ള പ്രേരണയെന്ന് കണ്ടെത്തുക. ഓരോ സാഹചര്യത്തിനും ആരോഗ്യകരമായ ഒരു ബദൽ മാർഗം തയ്യാറാക്കുക.
നിക്കോട്ടിൻ ആസക്തി
സിഗരറ്റ് വലിക്കണമെന്ന തോന്നൽ സാധാരണയായി ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കൂ. ആ സമയത്ത് വെള്ളം കുടിക്കുക, നടക്കുക, ആഴത്തിൽ ശ്വസിക്കുക, ച്യൂയിങ് ഗം തുടങ്ങിയവ സഹായിക്കും.
വീട്ടിലെ പുകയില ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുക
സിഗരറ്റ്, ലൈറ്റർ, ആഷ്‌ട്രേ എന്നിവ കാഴ്ചയിൽ നിന്ന് മാറ്റി വയ്ക്കുക.
ശരീരവ്യായാമം
ദിവസവും 30 മിനിറ്റെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് പുകവലി ചെയ്യാനുള്ള ആഗ്രഹം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ആവശ്യത്തിന് വെള്ളം എന്നിവ ഉൾപ്പെടുത്തുക. അമിതമായ മദ്യപാനവും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഒഴിവാക്കുക.
പിന്തുണ ആവശ്യമെങ്കിൽ തേടുക
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഡോക്ടർമാർ, കൗൺസിലർമാർ എന്നിവരുടെ പിന്തുണ ലഭിക്കുന്നത് വിജയസാധ്യത വർധിപ്പിക്കും.
സമ്മർദ്ദം നിയന്ത്രിക്കുക
യോഗ, മെഡിറ്റേഷൻ, ശ്വാസാഭ്യാസം, സംഗീതം കേൾക്കൽ തുടങ്ങിയവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ആവശ്യമായാൽ ചികിത്സ സ്വീകരിക്കുക
നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി (നിക്കോട്ടിൻ ഗം, പാച്ച്, ലോസഞ്ച് തുടങ്ങിയവ) അല്ലെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ ചിലർക്ക് സഹായകരമായേക്കാം. ഇവ ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.
വീണ്ടും പുകവലിച്ചാലും കൈവിടരുത്
പുകവലി ഉപേക്ഷിച്ചാലും ചിലർ വീണ്ടും പുകവലിക്കാൻ സാധ്യതയുണ്ട്. അതിനെ പരാജയമായി കാണാതെ കാരണം കണ്ടെത്തി വീണ്ടും ശ്രമിക്കുക.
20 മിനിറ്റിനുള്ളിൽ: ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്ക് അടുക്കാൻ തുടങ്ങും.
12 മണിക്കൂറിനുള്ളിൽ: രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയും.
2–12 ആഴ്ചകൾക്കുള്ളിൽ: രക്തചംക്രമണവും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടാൻ തുടങ്ങും.
1 വർഷത്തിന് ശേഷം: ഹൃദ്രോഗ സാധ്യത പുകവലി തുടരുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി കുറയും.
5–10 വർഷങ്ങൾക്ക് ശേഷം: സ്‌ട്രോക്കിന്റെയും ചില ക്യാൻസറുകളുടെയും സാധ്യത കുറയാൻ തുടങ്ങും.
10 വർഷമോ അതിലധികമോ കഴിഞ്ഞാൽ: ശ്വാസകോശ ക്യാൻസറിനുള്ള അപകടസാധ്യത പുകവലി തുടരുന്നവരേക്കാൾ ഗണ്യമായി കുറയും.
അസ്വസ്ഥത
ദേഷ്യം
തലവേദന
ശ്രദ്ധക്കുറവ്
ഉറക്കപ്രശ്നങ്ങൾ
സിഗരറ്റ് വലിക്കാനുള്ള ശക്തമായ ആഗ്രഹം
വിശപ്പ് കൂടുക, ഇവ സാധാരണയായി ഏതാനും ദിവസങ്ങൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കുറയാറുണ്ട്.
ഹൃദ്രോഗ സാധ്യത കുറയുന്നു
ശ്വാസം എടുക്കാൻ എളുപ്പമാകുന്നു
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു
കാൻസറിനുള്ള സാധ്യത കുറയുന്നു
രുചിയും മണവും തിരിച്ചറിയാനുള്ള കഴിവ് മെച്ചപ്പെടുന്നു
കുടുംബാംഗങ്ങൾ പാസീവ് സ്മോക്കിങ്ങിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു
സാമ്പത്തിക ലാഭം ലഭിക്കുന്നു
ജീവിതനിലവാരവും ആയുസ്സും മെച്ചപ്പെടുന്നു
പുകവലി നിർത്തുന്നത് ഒരുദിവസം കൊണ്ട് പൂർത്തിയാകുന്ന കാര്യമല്ല. ചിലർക്ക് പലതവണ ശ്രമിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും ഓരോ ശ്രമവും വിജയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. നിക്കോട്ടിൻ ആസക്തി ശക്തമാണെങ്കിലും ശരിയായ ചികിത്സയും കുടുംബപിന്തുണയും ജീവിതശൈലി മാറ്റങ്ങളും ഉണ്ടെങ്കിൽ പുകവലി ശീലം വിജയകരമായി അവസാനിപ്പിക്കാൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates