same shoes every day foot health Pinterest
Health

ഒരേ ഷൂ ദിവസവും ധരിക്കുന്നവരാണോ? പാദങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതിങ്ങനെ

നമ്മുടെ ‌കാലുകളിൽ ധാരാളം വിയർപ്പുഗ്രന്ഥികളുണ്ട്. ഷൂസിനുള്ളിൽ കാലുകൾ മണിക്കൂറുകളോളം അടഞ്ഞുകിടക്കുമ്പോൾ വിയർപ്പും ചൂടും ഈർപ്പവും അവിടെ നിലനിൽക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദിവസവും ജോലിക്കും യാത്രയ്ക്കുമായി ഒരേ ചെരുപ്പ് അല്ലെങ്കിൽ ഷൂ ധരിക്കുന്നവരാണോ നിങ്ങൾ? ദിവസവും ഉപയോ​ഗിക്കുന്ന ചെരുപ്പ് നിങ്ങൾ സൗകര്യപ്രദമാണെങ്കിലും ഇതിൽ അടിഞ്ഞുകൂടുന്ന വിയർപ്പും ഈർപ്പവും ശരിയായ ഉണക്കാതെ ആവർത്തിച്ച് ഉപയോ​ഗിക്കുന്നത് നിങ്ങളുടെ കാലുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. കാലിൽ വിയർപ്പ് കൂടുതലുള്ളവർ, ദിവസവും മണിക്കൂറുകളോളം അടച്ച ഷൂ ധരിക്കുന്നവർ, മഴക്കാലത്ത് നനഞ്ഞ ചെരുപ്പ് ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം.

നമ്മുടെ ‌കാലുകളിൽ ധാരാളം വിയർപ്പുഗ്രന്ഥികളുണ്ട്. ഷൂസിനുള്ളിൽ കാലുകൾ മണിക്കൂറുകളോളം അടഞ്ഞുകിടക്കുമ്പോൾ വിയർപ്പും ചൂടും ഈർപ്പവും അവിടെ നിലനിൽക്കും. ചെരുപ്പ് അഴിച്ചശേഷം അത് പൂർണമായി ഉണങ്ങാൻ സമയം ലഭിക്കാതെ അടുത്ത ദിവസം വീണ്ടും ധരിച്ചാൽ ഈ ഈർപ്പം വീണ്ടും കാലിലേക്ക് എത്തും. ഇത്തരം ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം ചില ഫംഗസുകൾക്കും ബാക്ടീരിയകൾക്കും വളരാൻ അനുകൂലമായ സാഹചര്യം ഉണ്ടാക്കും.

കാലിൽ ദുർഗന്ധം ഉണ്ടാകാം

ചെരുപ്പ് അഴിച്ചാൽ ശക്തമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വെറും വിയർപ്പിന്റെ ഗന്ധം മാത്രമാകണമെന്നില്ല. വിയർപ്പും ചർമത്തിലെ സ്വാഭാവിക ബാക്ടീരിയകളും തമ്മിലുള്ള പ്രവർത്തനത്തിലൂടെയാണ് പലപ്പോഴും ദുർഗന്ധം ഉണ്ടാകുന്നത്. ചെരുപ്പ് ദിവസവും ഉണങ്ങാതെ ഉപയോഗിക്കുമ്പോൾ വിയർപ്പും ഈർപ്പവും അതിനുള്ളിൽ അടിഞ്ഞുകൂടുന്നതിനാൽ ദുർഗന്ധം കൂടുതൽ ശക്തമാകാം.

ഫംഗൽ ഇൻഫെക്ഷന്റെ സാധ്യത വർധിക്കാം

ഈർപ്പമുള്ള അന്തരീക്ഷം അത്‌ലറ്റ്സ് ഫൂട്ട് (Tinea pedis) പോലുള്ള ഫംഗൽ ഇൻഫെക്ഷനുകൾക്ക് അനുകൂലമാണ്. കാൽവിരലുകൾക്കിടയിൽ ചൊറിച്ചിൽ, ചുവപ്പ്, കത്തുന്ന പോലെ തോന്നൽ, ചർമ്മം പൊളിയുക, വെളുത്ത നിറത്തിൽ ചർമ്മം മൃദുവാകുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിൽ വിയർപ്പ് കെട്ടിക്കിടക്കുകയും ചെരുപ്പിനുള്ളിൽ വായുസഞ്ചാരം കുറവായിരിക്കുകയും ചെയ്താൽ പ്രശ്നം വർധിക്കാം.

ചർമം മൃദുവായി പൊട്ടിപ്പോകാം

കാലുകൾ നിരന്തരം ഈർപ്പമുള്ള അന്തരീക്ഷത്തിൽ കഴിയുമ്പോൾ ചർമം അമിതമായി മൃദുവാകാം. ഇതുമൂലം ചെറിയ പൊട്ടലുകളും ചർമത്തിലെ അസ്വസ്ഥതകളും ഉണ്ടാകാം. ചർമത്തിൽ ചെറിയ മുറിവുകളോ പൊട്ടലുകളോ ഉണ്ടായാൽ അണുബാധയ്ക്കുള്ള സാധ്യതയും വർധിക്കും.

ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും

ചെരുപ്പിനുള്ളിൽ വിയർപ്പും ചൂടും കൂടുന്നത് ചിലരിൽ ചർമത്തെ പ്രകോപിപ്പിക്കാം. ഫംഗൽ ഇൻഫെക്ഷൻ ഇല്ലാതെയും വിയർപ്പും ഘർഷണവും മൂലം ചൊറിച്ചിൽ, ച‍ർമത്തിൽ തിണർപ്പ്, പുകച്ചിൽ എന്നിവ ഉണ്ടാകാം. കൂടാതെ വളരെ ഇറുകിയ ചെരുപ്പാണെങ്കിൽ വിരലുകൾ തമ്മിലുള്ള ഫ്രിക്ഷൻ വർധിക്കുകയും അസ്വസ്ഥത കൂടുകയും ചെയ്യും.

നഖങ്ങളെയും ബാധിക്കാം

കാലിലെ ഫംഗൽ ഇൻഫെക്ഷൻ ചിലപ്പോൾ നഖങ്ങളിലേക്കും വ്യാപിക്കാം. നഖം കട്ടിയാകുക, നിറം മാറുക, പൊട്ടിപ്പോകുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകാം. ഇത്തരം നഖത്തിലെ ഫംഗൽ ഇൻഫെക്ഷനുകൾ മാറാൻ ചർമത്തിലെ സാധാരണ ഫംഗൽ ഇൻഫെക്ഷനുകളേക്കാൾ കൂടുതൽ സമയം ആവശ്യമായി വരാം. അതുകൊണ്ട് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കുന്നത് പ്രധാനമാണ്.

ദിവസവും ഒരേ ഷൂ ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉപയോഗിച്ച ശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വയ്ക്കുക

അടച്ച അലമാരയ്ക്കുള്ളിൽ ഉടൻ വയ്ക്കാതെ ഷൂസിനുള്ളിൽ വായു സഞ്ചരിക്കുന്ന രീതിയിൽ വയ്ക്കുക.

ഇൻസോൾ പുറത്തെടുക്കാനാകുമെങ്കിൽ പുറത്തെടുത്ത് ഉണക്കുക

ഇൻസോളിൽ വിയർപ്പ് കൂടുതലായി അടിഞ്ഞുകൂടാം. അതിനാൽ ഷൂസിൽ നിന്ന് വേർതിരിച്ച് ഉണക്കുന്നത് സഹായിക്കും.

സോക്സ് ദിവസവും മാറ്റുക

ഒരേ സോക്സ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. വിയർപ്പ് കൂടുതലുള്ളവർക്ക് ദിവസം കൂടുതൽ സമയം ഷൂ ധരിക്കേണ്ടി വന്നാൽ അധിക സോക്സ് കരുതുന്നതും സഹായകരമാണ്.

കഴിയുമെങ്കിൽ രണ്ട് ജോഡി ഷൂ ഉപയോഗിച്ച് മാറിമാറി ധരിക്കുക

ഒരു ജോഡി ഉപയോഗിക്കുന്ന ദിവസത്തിൽ മറ്റേ ജോഡിക്ക് ഉണങ്ങാനും വായുസഞ്ചാരം ലഭിക്കാനും സമയം കിട്ടും.

കാലുകൾ കഴുകി നന്നായി ഉണക്കുക

പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിലെ ഭാഗം നന്നായി ഉണക്കണം. കുളിച്ചതിന് ശേഷവും ഇത് ശ്രദ്ധിക്കുക.

വളരെ ഇറുകിയ ഷൂ ഒഴിവാക്കുക

വായുസഞ്ചാരം കുറയുകയും വിയർപ്പ് കൂടുകയും ചെയ്യുന്നതിനാൽ വളരെ ഇറുകിയ ഷൂ കാലിന് കൂടുതൽ അസ്വസ്ഥതയുണ്ടാക്കാം.

ഷൂ നനഞ്ഞാൽ പൂർണമായി ഉണങ്ങുന്നതുവരെ ഉപയോഗിക്കാതിരിക്കുക

നനഞ്ഞ ഷൂ നിർബന്ധമായും വീണ്ടും ധരിക്കേണ്ട സാഹചര്യമില്ലെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്.

വെയിലത്ത് വെച്ചാൽ മാത്രം മതിയോ?

ദീർഘനേരം വെയിലത്ത് വയ്ക്കുന്നത് ഷൂ മോശമാകാൻ കാരണമായേക്കാം. ഷൂവിനുള്ളിലെ ഈർപ്പം കുറയ്ക്കുക വായുസഞ്ചാരം ഉറപ്പാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാലിൽ തുടർച്ചയായി ചൊറിച്ചിൽ, തിണ‍ർപ്പ്, തൊലി പോവുക, വേദന, വീക്കം, ദുർഗന്ധത്തോടൊപ്പം മുറിവ്, അല്ലെങ്കിൽ നഖത്തിൽ നിറവ്യത്യാസവും കട്ടിയും ഉണ്ടാകുന്നുണ്ടെങ്കിൽ സ്വയം പല മരുന്നുകളും പരീക്ഷിക്കുന്നതിന് പകരം ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്.

What Happens If You Wear the Same Shoes Every Day Without Drying Them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി തടസ്സം: മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒപിയും മുടങ്ങി

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തോ? എങ്ങനെ തിരിച്ചറിയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം