Lymphoma Pinterest
Health

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

അത്യാധുനിക ചികിത്സാരീതികളിലൂടെ ഇന്ന് ലിംഫോമ ബാധിച്ച ഭൂരിഭാഗം ആളുകളും പൂർണ്ണ രോഗമുക്തി നേടുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ർബുദ ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നത് രോഗിയുടെ ജീവിതത്തിലെ ഒരു വലിയ വിജയമാണ്. എങ്കിലും ചികിത്സ അവസാനിക്കുന്നതോടെ പരിചരണം പൂർണ്ണമാകുന്നില്ല. രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന അർബുദമാണ് ലിംഫോമ. നമ്മുടെ പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്.

അത്യാധുനിക ചികിത്സാരീതികളിലൂടെ ഇന്ന് ലിംഫോമ ബാധിച്ച ഭൂരിഭാഗം ആളുകളും പൂർണ്ണ രോഗമുക്തി നേടുന്നുണ്ട്. എന്നാൽ രോഗമുക്തിക്ക് ശേഷമുള്ള ശാരീരിക-മാനസിക ആരോഗ്യസംരക്ഷണം അതിപ്രധാനമാണ്.

പ്രാരംഭ സൂചനകളും ലക്ഷണങ്ങളും

ലിംഫോമ നേരത്തെ തിരിച്ചറിയുന്നതിനും, ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും വരുന്നത് തടയുന്നതിനും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

  • വേദനയില്ലാത്ത വീക്കം: കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വേദനയില്ലാത്ത തടിപ്പുകൾ.

  • വിട്ടുമാറാത്ത പനി: വ്യക്തമായ അണുബാധകളൊന്നുമില്ലാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന പനി.

  • രാത്രിയിലെ അമിത വിയർപ്പ്: കാലാവസ്ഥ തണുപ്പുള്ളതാണെങ്കിലും ഉറക്കത്തിൽ ശരീരം കഠിനമായി വേർത്തു കുളിക്കുക.

  • അകാരണമായ ഭാരക്കുറവ്: വ്യായാമമോ ഭക്ഷണക്രമീകരണമോ ഇല്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത്.

  • കഠിനമായ ക്ഷീണം: വിശ്രമിച്ചാലും മാറാത്ത വിട്ടുമാറാത്ത തളർച്ച.

  • ചൊറിച്ചിൽ: ശരീരത്തിലുടനീളം അകാരണമായി അനുഭവപ്പെടുന്ന ചൊറിച്ചിൽ.

കാരണങ്ങളും രോഗസാധ്യതകളും

ലിംഫോമ ഉണ്ടാകാനുള്ള കൃത്യമായ കാരണം നിർണ്ണയിക്കാൻ പ്രയാസമാണെങ്കിലും ചില പ്രധാന ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു:

  • പ്രതിരോധശേഷിക്കുറവ്: എച്ച്.ഐ.വി അണുബാധയുള്ളവരിലും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരിലും രോഗസാധ്യത കൂടുതലാണ്.

  • ബാക്ടീരിയ അഥവാ വൈറസ് അണുബാധകൾ: എപ്സ്റ്റൈൻ-ബാർ വൈറസ് (EBV), ഹെലിക്കോബാക്ട്ടർ പൈലോറി തുടങ്ങിയ ചില അണുബാധകൾ ഈ രോഗത്തിന് കാരണമാകാം.

  • പാരമ്പര്യ ഘടകങ്ങൾ: കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് ലിംഫോമ വന്ന ചരിത്രമുണ്ടെങ്കിൽ.

  • പരിസ്ഥിതി ഘടകങ്ങൾ: കീടനാശിനികൾ, ബെൻസീൻ തുടങ്ങിയ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം.

പ്രാരംഭ രോഗനിർണയവും തുടർപരിശോധനകളുടെ പ്രാധാന്യവും

ലിംഫോമ എത്രയും നേരത്തെ കണ്ടുപിടിക്കുന്നുവോ അത്രയും രോഗമുക്തി സാധ്യത വർദ്ധിക്കുന്നു. ലിംഫ് നോഡ് ബയോപ്സി, പെറ്റ് സ്കാൻ, രക്തപരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി നിർണ്ണയിക്കാം. അതുപോലെതന്നെ പ്രധാനമാണ് രോഗമുക്തിക്ക് ശേഷമുള്ള തുടർപരിശോധനകൾ.

ചികിത്സ പൂർത്തിയായ ശേഷവും കൃത്യമായ ഇടവേളകളിൽ ഓങ്കോളജിസ്റ്റിനെ കാണുകയും നിർദ്ദേശിച്ചിട്ടുള്ള പരിശോധനകൾ നടത്തുകയും വേണം. ഇത് രോഗം വീണ്ടും വരാനുള്ള സാധ്യത തടയാനും, ചികിത്സ നൽകിയതുകൊണ്ട് ഉണ്ടാകാനിടയുള്ള ദീർഘകാല പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനും സഹായിക്കും.

ലിംഫോമ അതിജീവിച്ച വ്യക്തികൾ ശാരീരികവും മാനസികവുമായ വീണ്ടെടുപ്പിന് പ്രത്യേക ശ്രദ്ധ നൽകണം. പോഷകസമ്പന്നമായ സമീകൃതാഹാരം കഴിക്കുക, ഡോക്ടറുടെ നിർദ്ദേശാനുസരണം ലളിതമായ വ്യായാമങ്ങൾ ശീലമാക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഉപേക്ഷിക്കുക. ഏതെങ്കിലും പുതിയ ലക്ഷണങ്ങളോ ആരോഗ്യവ്യതിയാനങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ വിവരമറിയിക്കുക.

Dr. Aravind N

തയ്യാറാക്കിയത്: ഡോ. അരവിന്ദ് എൻ, അസ്സോസിയേറ്റ് കൺസൾട്ടന്റ് - സർജിക്കൽ ഓൺകോളജി, ആസ്റ്റർ മിംസ് കാസറഗോഡ്

what is Lymphoma, reason and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത

'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?