Sitting cross legs on floor AI Image
Health

തറയിൽ ചമ്രംപടിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? പ്രായമല്ല കാരണം, ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ

നമ്മുടെ ശരീരത്തിലെ പല ഭാ​ഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് തറ സുഖകരമായി ചമ്രംപടിഞ്ഞ് ഇരിക്കാൻ സാധിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മുൻകാലങ്ങളിൽ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമൊക്കെ ചമ്രംപടിഞ്ഞിരിക്കുന്ന ശീലം മലയാളികൾക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ തറയിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പലർക്കുമാകില്ല. പ്രായമാകുമ്പോൾ ശരീരത്തിന് വഴക്കം കുറയുമെങ്കിലും ചമ്രംപടിഞ്ഞ് ഇരിക്കാനുള്ള ബുദ്ധിമുട്ട് ഇതുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല.

പേശികൾ വലിഞ്ഞുമുറുകുന്നത്, സന്ധികളിലെ കാഠിന്യം, മോശം പോസ്ചർ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാകാം ഇതിന് പിന്നിൽ. തുടക്കത്തിൽ ഇത്തരം മാറ്റങ്ങൾ അവ​ഗണിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ വലുതാകാൻ കാരണമായേക്കാം. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ചലനശേഷിയെയും മൊത്തത്തിലുള്ള ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കാൻ കാരണമാകാം.

ചമ്രംപടിഞ്ഞ് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

നമ്മുടെ ശരീരത്തിലെ പല ഭാ​ഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് തറ സുഖകരമായി ചമ്രംപടിഞ്ഞ് ഇരിക്കാൻ സാധിക്കുന്നത്. ഇതിനായി ഇടുപ്പ് പുറത്തേക്ക് തിരിയുകയും, കാൽമുട്ടുകൾ കൃത്യമായി മടങ്ങുകയും, കണങ്കാലുകൾ സ്വതന്ത്രമായി ചലിക്കുകയും വേണം.

ഇതിനോടൊപ്പം നടുവ് നിവർത്തിയിരിക്കാൻ കോർ പേശികളുടെയും നടുവിലെ പേശികളുടെയും സഹായം ആവശ്യമാണ്. ഈ സന്ധികൾക്കോ പേശികൾക്കോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴാണ് ചമ്രംപടിഞ്ഞിരിക്കുന്നത് ശ്രമകരമാകുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതു വരെ പലരും ഈ മാറ്റങ്ങളെ ശ്രദ്ധിക്കാറില്ല.

ഇറുകിയ ഇടുപ്പ് പേശികൾ

ദീർഘനേരം ഇരുന്നുള്ള ജോലി ഇടുപ്പിലെ പേശികളെ ഏറെ നേരം ഒരു പ്രത്യേക സ്ഥാനത്ത് തന്നെ തുടരാൻ നിർബന്ധിതരാക്കുന്നു. ഇത് ഹിപ്പ് ഫ്ലെക്സറുകൾ, ഗ്ലൂട്ടുകൾ, തുടയുടെ അകത്തെ പേശികൾ എന്നിവയുടെ വഴക്കം നഷ്ടപ്പെടുത്തുകയും ഇടുപ്പ് പുറത്തേക്ക് തിരിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. സ്ഥിരമായുള്ള സ്ട്രെച്ചിങ്, നടത്തം എന്നിവയിലൂടെ ഇടുപ്പിന്റെ വഴക്കം മെച്ചപ്പെടുത്താം.

കാൽമുട്ടുകളിലെ പ്രശ്നങ്ങൾ

ചമ്രംപടിഞ്ഞ് ഇരിക്കുമ്പോൾ കാൽമുട്ടുകൾക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന ഒരിക്കലും അവഗണിക്കരുത്. അസ്ഥിതേയ്മാനം, ലിഗമെന്റ് പരിക്കുകൾ, കാർട്ടിലേജിനുണ്ടാകുന്ന തകരാറുകൾ അല്ലെങ്കിൽ നീർക്കെട്ട് എന്നിവ കാൽമുട്ട് മടക്കുന്നത് വേദനാജനകമാക്കും. വേദന വർധിക്കുമോ എന്ന ഭയം കാരണം പലരും നിലത്തിരിക്കുന്നത് ഒഴിവാക്കാറുണ്ട്. വേദനയോടൊപ്പം നീർവീക്കവും ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.

കണങ്കാലിലെ കാഠിന്യം

പലരും ഇടുപ്പും കാൽമുട്ടും ശ്രദ്ധിക്കുമ്പോൾ കണങ്കാലുകളുടെ ചലനശേഷി മറന്നുപോകുന്നു. മുമ്പുണ്ടായ പരിക്കുകൾ, സന്ധിവാതം അല്ലെങ്കിൽ ശാരീരിക അധ്വാനമില്ലായ്മ എന്നിവ മൂലം കണങ്കാലുകൾക്ക് കാഠിന്യം അനുഭവപ്പെടാം. ഇത് പാദങ്ങളിൽ സമ്മർദം ഉണ്ടാക്കുകയും ഇരിപ്പ് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ലളിതമായ കണങ്കാൽ വ്യായാമങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാം.

ദുർബലമായ കോർ പേശികളും മോശം ഇരിപ്പും

സന്ധികൾ ആരോഗ്യകരമാണെങ്കിലും, വയറിലെയും നടുവിലെയും പേശികൾക്ക് ബലമില്ലെങ്കിൽ നടുവ് നിവർത്തി ഇരിക്കാൻ പ്രയാസമായിരിക്കും. ഇത് കുനിഞ്ഞിരിക്കാൻ പ്രേരിപ്പിക്കുകയും, നടുവേദനയ്ക്കും ഇരിപ്പ് അസ്ഥിരമാകുന്നതിനും കാരണമാകും. വ്യായാമത്തിലൂടെ കോർ പേശികൾക്ക് കരുത്ത് നൽകുന്നത് ഇതിന് സഹായിക്കും.

സന്ധിവാതം

രാവിലെ ഉണരുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം വിശ്രമിച്ചതിന് ശേഷമോ സന്ധികളിൽ അനുഭവപ്പെടുന്ന കാഠിന്യം സന്ധിവാതവുമായി ബന്ധപ്പെട്ടതാകാം. കാർട്ടിലേജിനെ ബാധിക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ പ്രധാനമാണ്. കൂടാതെ ഇടുപ്പ്, കാൽമുട്ട്, കണങ്കാൽ എന്നിവയെ ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ചലനം വേദനാജനകമാക്കുന്നു. വേദന ആഴ്ചകളോളം നീളുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഗുരുതരമായ മറ്റ് മെഡിക്കൽ കണ്ടീഷനുകൾ ഒന്നുമില്ലെങ്കിൽ, സ്ഥിരമായ പരിശ്രമത്തിലൂടെ ഈ ബുദ്ധിമുട്ട് മാറ്റിയെടുക്കാവുന്നതാണ്.

  • ഇടുപ്പ്, ഹാംസ്ട്രിങ്, തുടയുടെ ഉൾഭാഗം എന്നിവിടങ്ങളിൽ ദിവസവും സ്ട്രെച്ചിങ് ചെയ്യുക

  • കോർ പേശികൾക്കും ഗ്ലൂട്ടുകൾക്കും കരുത്ത് നൽകുന്ന വ്യായാമങ്ങൾ ശീലമാക്കുക

  • ദീർഘനേരം ഒരേ ഇരുപ്പ് തുടരാതിരിക്കുക; ഇടവേളകളിൽ എഴുന്നേറ്റ് നടക്കുക

  • ലളിതമായ യോഗയോ മൊബിലിറ്റി വ്യായാമങ്ങളോ ശീലമാക്കുക

  • സ്ട്രെച്ചിങ് ചെയ്യുന്നതിന് മുമ്പായി പേശികളുടെ കാഠിന്യം കുറയ്ക്കാൻ കൃത്യമായി വാം-അപ്പ് ചെയ്യുക

  • വേദനയുണ്ടെങ്കിൽ ഒരിക്കലും നിർബന്ധിച്ച് ചമ്രംപടിഞ്ഞ് ഇരിക്കാൻ ശ്രമിക്കരുത്, ഇത് പരിക്കുകൾക്ക് കാരണമാകും.

why people can't sit crossing legs on floor easily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

രോഹിത് വിഷയത്തില്‍ 'ചതിക്കപ്പെട്ടെ'ന്ന് സെലക്ടര്‍മാര്‍; ഹിറ്റ്മാന്റെ സെഞ്ച്വറിയും 'തിരിച്ചടി'യായി

കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം; അറിയാം കെഎസ്എഫ്ഇ എഫ്ഡി പ്ലാന്‍

ദുരന്തനിവാരണത്തിന് എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ്; നദീതീരങ്ങളിൽ ലാൻഡ് ഓഡിറ്റിംഗ്