ശരിയായ വിധത്തില്‍ പരിപാലിച്ചാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിളയാണ് റബര്‍. എന്നാല്‍നേരം പുലരുന്നതിനു മുന്‍പ് തോട്ടത്തിലെത്തി ടാപ്പ് ചെയ്യുന്നത് ഓര്‍ക്കുമ്പോള്‍ പുതിയ തലമുറയിലെ പലരും റബര്‍ കൃഷിയോട് മുഖംതിരിഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ റബര്‍ ടാപ്പിങ്ങിന് ഏറ്റവും അനുയോജ്യം വൈകിട്ട് വൈകിട്ട് 5 മുതല്‍ രാത്രി 8.30 വരെയുള്ള സമയമാണെന്നാണ് റബര്‍ ബോര്‍ഡ് പറയുന്നത്.
റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ തോട്ടത്തില്‍ ഇത്തരത്തില്‍ വൈകിട്ട് ടാപ്പിങ് നടത്തിയപ്പോള്‍ 47 ശതമാനം ഉത്പാദനം കൂടിയെന്ന് ബോര്‍ഡ് ഗവേഷണ വിഭാഗം വ്യക്തമാക്കി. റബര്‍ ടാപ്പര്‍മാര്‍ക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ബോര്‍ഡ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാലിന്റെ ഉത്പാനം കൂട്ടാമെന്നതു മാത്രമല്ല ഇതിന്റെ ഗുണം. ഇത്തരത്തില്‍ സമയം മാറ്റുന്നതിലൂടെ, ടാപ്പര്‍മാര്‍ക്ക് പകല്‍ മറ്റുജോലികള്‍ക്ക് പോകാം. ടാപ്പിങ് വൈകിട്ടായാല്‍ രാവിലെ അല്‍പനേരം കൂടി പുതച്ച് ഉറങ്ങുകയുമാകാം.
റബറിന്റെ ഉത്പാദനക്ഷമത കൂട്ടുന്നതിനും മരങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയമായ പരിപാലനം അത്യാവശ്യമാണ്. മരത്തിനു ചുറ്റും കളകള്‍ മാറ്റി മണ്ണ് ഇളക്കിക്കൊടുക്കണം. മഴക്കാലത്ത് തടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതുണ്ട്. വേനല്‍ക്കാലത്തിന് മുമ്പായി മരത്തിന്റെ തടത്തില്‍ ഉണങ്ങിയ ഇലകളോ അഴുകിയ ജൈവവസ്തുക്കളോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും കളകളെ തടയാനും സഹായിക്കും.
ശാസ്ത്രീയ വളപ്രയോഗം
ബര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം മരത്തിന്റെ പ്രായത്തിന് അനുസരിച്ച് NPK (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) വളങ്ങള്‍ നല്‍കണം. വര്‍ഷത്തില്‍ രണ്ടു തവണയായി (മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍) വളം നല്‍കുന്നതാണ് ഉചിതം. പച്ചിലവളങ്ങള്‍, ചാണകപ്പൊടി, കോഴിവളം തുടങ്ങിയവ ചേര്‍ക്കുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും.
രോഗ-കീട നിയന്ത്രണം
കൂമ്പുചീയല്‍ & അലസ രോഗം: മഴക്കാലത്തിന് മുന്നോടിയായി (മേയ് മാസത്തില്‍) ബോര്‍ഡോ മിശ്രിതം മരങ്ങളില്‍ തളിക്കുന്നത് ഇലകൊഴിച്ചിലും കൂമ്പുചീയലും തടയും.
പട്ട ചീയല്‍: ടാപ്പിങ് നടത്തുന്ന ഭാഗത്ത് ഫംഗസ് ബാധ ഉണ്ടാകാതിരിക്കാന്‍ അനുയോജ്യമായ ഫംഗിസൈഡ് ലേപനങ്ങള്‍ പുരട്ടണം.
പിങ്ക് രോഗം: ചെറുപ്പത്തിലുള്ള മരങ്ങളുടെ ശാഖകളെ ബാധിക്കുന്ന ഈ രോഗത്തിനെതിരെ ബോര്‍ഡോ പേസ്റ്റ് പുരട്ടാം.
വേനല്‍ക്കാല പരിചരണം
തൈകളുടെയും ചെറിയ മരങ്ങളുടെയും തണ്ടുകളില്‍ വെയില്‍ നേരിട്ട് അടിച്ച് തൊലി കരിഞ്ഞുപോകാതിരിക്കാന്‍ തണ്ടിന്റെ താഴ്ഭാഗത്ത് കുമ്മായം പുരട്ടുന്നത് നല്ലതാണ്.
ടാപ്പിങ് പരിചരണം
മരത്തിന് 50 സെ.മീറ്ററെങ്കിലും വണ്ണം എത്തുമ്പോള്‍ മാത്രമേ ടാപ്പിങ് ആരംഭിക്കാവൂ (സാധാരണയായി 6-7 വര്‍ഷം).
ഇലകൊഴിയും കാലത്തും (ഡിസംബര്‍-ജനുവരി) പുതിയ ഇലകള്‍ തളിര്‍ക്കുന്ന സമയത്തും ടാപ്പിങ്ങിന് ചെറിയ ഇടവേള നല്‍കുന്നത് മരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.
മഴക്കാലത്തും ടാപ്പിങ് മുടങ്ങാതിരിക്കാന്‍ റെയിന്‍ ഗാര്‍ഡ് ഒട്ടിക്കുന്നത് ലാഭം കൂട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates