Snake Gourd Cultivation: Tips for Maximum Yield & Care 
Life

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജൈവവസ്തുക്കളുടെ പുത, മണ്ണിലെ സൂക്ഷ്മാണുക്കളുടെ വര്‍ധനയ്ക്കും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

നമ്മുടെ വീടുകളില്‍ എല്ലായ്‌പ്പോഴും ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പടവലം. പടവലങ്ങ നമ്മുടെ അടുക്കളത്തോട്ടങ്ങളിലും പുരയിടങ്ങളിലും വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ്. 'പന്തലില്‍ നിറയെ വള്ളിയുണ്ടെങ്കിലും പടവലം കായ്ക്കുന്നില്ല' എന്നത് പല കര്‍ഷകരുടെയും പരാതിയാണ്. ശരിയായ പരിചരണവും കൃഷിരീതിയും പിന്തുടര്‍ന്നാല്‍ പറിച്ചാല്‍ തീരാത്തത്ര വിളവ് പടവലത്തില്‍ നിന്ന് നേടിയെടുക്കാം.

ശരിയായ അടിവളം ചേര്‍ക്കല്‍

നല്ല വിളവിന് തടമൊരുക്കല്‍ വളരെ പ്രധാനമാണ്. ഒരു മീറ്റര്‍ നീളവും വീതിയുമുള്ളതോ, ഒരു മീറ്റര്‍ വ്യാസത്തിലുള്ളതോ ആയ തടങ്ങള്‍ എടുക്കുക. അരയടി ആഴത്തില്‍ കിളച്ചുമറിച്ച് ഓരോ തടത്തിലും 3 കിലോ വീതം ജൈവവളമോ ചാണകപ്പൊടിയോ അടിവളമായി കൊടുക്കണം. അടിവളത്തോടൊപ്പം 100 ഗ്രാം കുമ്മായമോ ഡോളമൈറ്റോ, കൂടാതെ 100 ഗ്രാം വേപ്പിന്‍പിണ്ണാക്കോ ചേര്‍ക്കണം. ഇവ ചേര്‍ത്ത് മൂന്നു ദിവസം നന്നായി നനച്ചിട്ട തടങ്ങളിലാണ് വിത്തുകള്‍ നടേണ്ടത്.

ഗുണമേന്മയുള്ള വിത്ത് വേണം

വിത്ത് നന്നായാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നാടന്‍ വിത്തോ, സങ്കരയിനമോ ഇതിനായി തെരഞ്ഞെടുക്കാം. വിത്തിന്റെ മുളയ്ക്കല്‍ ശേഷി, അംഗീകൃത ഏജന്‍സികള്‍, കാലാവധി എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. വിത്ത് വാഴപ്പോളയ്ക്കുള്ളില്‍ കെട്ടിവെച്ചോ, ചാണകത്തില്‍ കുതിര്‍ത്തോ മുളപ്പിച്ച് നടാം. നേരിട്ട് തടത്തിലേക്ക് നടുകയാണെങ്കില്‍ കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം.

വിത്ത് കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം

നീര്‍വാര്‍ച്ച ഉറപ്പാക്കുക

തടമെടുക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം നല്ല നീര്‍വാര്‍ച്ചയുള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമാകണം. വള്ളി പന്തലില്‍ കയറുന്നതിന് മുമ്പ് തടത്തില്‍ വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞു നശിക്കാനിടയുണ്ട്. ഒരു മീറ്റര്‍ നീളവും വീതിയുമുള്ള തടത്തില്‍ 3, പരമാവധി 4 തൈകള്‍ മാത്രമേ നിര്‍ത്താവൂ. അധികമുള്ള തൈകളില്‍ കരുത്തില്ലാത്തവ പറിച്ചൊഴിവാക്കണം.

അടിവള്ളി കോതി മാറ്റല്‍

പടവലത്തിന്റെ വള്ളി പന്തലില്‍ക്കയറി പടരാന്‍ തുടങ്ങുമ്പോള്‍, ചെടിയുടെ ചുവട്ടില്‍നിന്നും പൊട്ടിവരുന്ന വള്ളികള്‍ (അടിവള്ളികള്‍) മുറിച്ചു കളയണം. എങ്കില്‍ മാത്രമേ പന്തലില്‍ക്കയറിയ പ്രധാന വള്ളിക്ക് നല്ല കരുത്തും കായ്ഫലവും ഉണ്ടാകൂ. 'ചെടിക്കരുത്തിന് അടിവളം, കായ്ഫലത്തിന് മേല്‍വളം' എന്നതാണ് പ്രാധാന കണക്ക്. വള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ ആഴ്ചയിലൊരിക്കല്‍ ചുവടൊന്നിന് അരക്കിലോ വീതം ജൈവവളമോ ചാണകപ്പൊടിയോ മേല്‍വളമായി നല്‍കണം. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ കുതിര്‍ത്ത് ചാണകവെള്ളത്തില്‍ നേര്‍പ്പിച്ചും, നേര്‍പ്പിച്ച ഗോമൂത്രവും ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും.

കള നീക്കംചെയ്യല്‍

തടത്തിലുണ്ടാകുന്ന കളകളും പാഴ്ച്ചെടികളും അപ്പപ്പോള്‍ നീക്കം ചെയ്യണം. തടത്തിലെ കളകളിലാണ് കീടങ്ങള്‍ പെരുകുന്നതും ചെടികളെ ആക്രമിക്കുന്നതും. കളകള്‍ മാറ്റുന്നത് വഴി നമ്മള്‍ നല്‍കുന്ന വളം കൃത്യമായി ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യും. ചെടികളുടെ തടത്തില്‍ ഈര്‍പ്പവും തണുപ്പും ഉറപ്പുവരുത്താനും നനയ്ക്കുമ്പോള്‍ ജലം കെട്ടിനില്‍ക്കാതിരിക്കാനും ചപ്പിലകള്‍ കൊണ്ട് പുതയിടാം. ജൈവവസ്തുക്കളുടെ പുത, മണ്ണിലെ സൂക്ഷ്മാണുക്കളുടെ വര്‍ധനയ്ക്കും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്.

ജൈവകീടനാശിനികള്‍ തുടക്കത്തിലേ തളിച്ചു കൊടുത്താല്‍ മത്തന്‍ വണ്ട്, എപ്പിലാക്സ് വണ്ട്, തുള്ളന്‍ പ്രാണി എന്നിവയുടെ ആക്രമണം തടയാനാകും

പൂക്കാനും കായ്ക്കാനും ജൈവക്കൂട്ടുകള്‍

പൂക്കളുണ്ടാകാനും അവ കായ്കളായി മാറാനും താഴെ പറയുന്ന ജൈവ മിശ്രിതങ്ങള്‍ ഉപയോഗിക്കാം.

  • തൈര് + പാല്‍ക്കായം: 1 ലിറ്റര്‍ തൈരിലേക്ക് 10 ഗ്രാം പാല്‍ക്കായം കലക്കി വൈകുന്നേരങ്ങളില്‍ ഇലകളില്‍ തളിച്ചാല്‍ പൂക്കാനും കായ്ക്കാനും മടിക്കുന്ന ചെടികള്‍ പൂക്കും. (മോരും തേങ്ങാവെള്ളവും സമം ചേര്‍ത്ത് തളിച്ചാലും ഇതേ ഫലം ലഭിക്കും).

  • തേന്‍ / പഞ്ചസാര മിശ്രിതം: പൂവുണ്ടായിട്ടും കായ്ക്കാത്ത അവസ്ഥയാണെങ്കില്‍ 100 ഗ്രാം തേനോ പഞ്ചസാരയോ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി പൂങ്കുലകളില്‍ വൈകുന്നേരങ്ങളില്‍ തളിച്ചു കൊടുക്കാം. ഇത് പരാഗണത്തിന് സഹായിക്കുന്ന ചെറുജീവികളെ ആകര്‍ഷിക്കും.

മുന്‍കരുതലായി ജൈവ കീടനാശിനി

കീടങ്ങള്‍ ആക്രമിച്ച ശേഷം നിയന്ത്രിക്കുന്നതിനേക്കാള്‍ നല്ലത് ആക്രമണത്തിന് മുമ്പേ പ്രതിരോധിക്കുന്നതാണ്. വീട്ടിലുണ്ടാക്കാവുന്ന ജൈവകീടനാശിനികള്‍ തുടക്കത്തിലേ തളിച്ചു കൊടുത്താല്‍ മത്തന്‍ വണ്ട്, എപ്പിലാക്സ് വണ്ട്, തുള്ളന്‍ പ്രാണി എന്നിവയുടെ ആക്രമണം തടയാനാകും. ഈ രീതികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അടുക്കളത്തോട്ടത്തിലെ പടവലവള്ളികളില്‍ നിന്ന് മികച്ച വിളവ് ലഭിക്കും.

Essential Tips for High-Yield Snake Gourd Cultivation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്