Shaji Auto 
Kannur

ഓട്ടോ സവാരിക്കൊപ്പം പരിസ്ഥിതി പാഠങ്ങളും; പ്രകൃതി സന്ദേശവുമായി തോട്ടടയിലെ 'തേൻകുടിയൻ' ഷാജിയുടെ വേറിട്ട പ്രയാണം

വരുമാന മാർഗ്ഗത്തിലും കൃഷിയെയും പരിസ്ഥിതിയെയും നെഞ്ചിലേറ്റുന്ന തൊഴിലാളി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തോട്ടട ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ 'തേൻകുടിയൻ' ഷാജിയുടെ വാഹനത്തിൽ കയറുന്ന യാത്രക്കാരെ ആദ്യം സ്വീകരിക്കുക പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനുമുള്ള മനോഹരമായ വരികളാണ്. യാത്രയിലുടനീളം കൃഷിയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള സജീവമായ ചർച്ചകളാണ് ഈ ഓട്ടോയ്ക്കുള്ളിൽ നടക്കാറുള്ളത്. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുമ്പോഴും, തന്റെ ഉള്ളിലെ കർഷകനെയും പരിസ്ഥിതി പ്രവർത്തകനെയും കാത്തുസൂക്ഷിക്കുന്ന ഷാജി, ഈ ലോക പരിസ്ഥിതി ദിനത്തിലും പ്രകൃതി സന്ദേശങ്ങളുമായി തന്റെ വ്യത്യസ്തമായ പ്രയാണം തുടരുകയാണ്. ചെറുപ്പം മുതലേ കൃഷിയോടും പ്രകൃതിയോടും അതീവ താല്പര്യം പുലർത്തിയിരുന്ന ഷാജിയുടെ ജീവിതം പ്രകൃതിയോട് കൂടുതൽ അടുത്തത് പതിനെട്ട് വർഷം മുമ്പാണ്. പയ്യന്നൂരിൽ പ്രവർത്തിക്കുന്ന പ്രകൃതി സംരക്ഷണ സംഘടനയായ സീക്ക് (SEEK) നടത്തിയ നാല് ദിവസത്തെ ക്ലാസിൽ പങ്കെടുത്തതാണ് ഷാജിയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്.

കൃഷിയിലെ സജീവ സാന്നിധ്യമായ ഷാജിക്ക് എടക്കാട് കൃഷിഭവനിൽ നിന്ന് മികച്ച മാതൃകാ കർഷകനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങളിൽ എത്തി കുട്ടികൾക്കായി ക്ലാസുകൾ എടുക്കാറുമുണ്ട്. എന്നാൽ, ഈ പരിസ്ഥിതി പ്രവർത്തന യാത്രയ്ക്കിടയിൽ തനിക്കുണ്ടായ ഒരു വേദനാജനകമായ അനുഭവവും ഷാജി പങ്കുവെയ്ക്കുന്നുണ്ട്. താൻ പഠിച്ച വിദ്യാലയത്തിലെ ഒരു അധ്യാപകൻ ഒരിക്കൽ ക്ലാസെടുക്കാനായി ഷാജിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹം ഓട്ടോറിക്ഷ തൊഴിലാളിയാണെന്ന കാരണം മുൻനിർത്തി, സ്കൂളിലെ സ്റ്റാഫ് റൂം ചർച്ചകൾക്ക് ശേഷം മാനേജ്‌മെന്റ് ഷാജിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. ഈ അവഗണന ഷാജിയെ ഏറെ വേദനിപ്പിച്ചു.

എന്നാൽ കാലം അതിന് മധുരമായ പ്രതികാരം കാത്തുവെച്ചിരുന്നു. പിന്നീട് അതേ വിദ്യാലയത്തിൽ വെച്ച് മറ്റൊരു വിദ്യാലയത്തിന്റെ എൻഎസ്എസ് ക്യാംപ് നടന്നപ്പോൾ അതിൽ മുഖ്യപ്രഭാഷകനായി ക്ലാസെടുക്കാൻ ഷാജിക്ക് അവസരം ലഭിച്ചു. അന്ന് തന്നെ ഒഴിവാക്കാൻ കാരണക്കാരായ അതേ അധ്യാപകരെ സാക്ഷിനിർത്തിക്കൊണ്ടാണ് ഷാജി കുട്ടികൾക്കായി പ്രകൃതി പഠന ക്ലാസ് എടുത്തത്. സ്വന്തമായി പച്ചക്കറി തൈകൾ ഉല്പാദിപ്പിച്ച് വിവിധ വിദ്യാലയങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്നതും ഷാജിയുടെ പതിവാണ്. പ്രകൃതിയെയും തന്റെ ചുറ്റുപാടിനെയും സംരക്ഷിക്കുന്നതിനായുള്ള ഈ നിരന്തര പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിൽ നിന്നും ലഭിക്കില്ലെന്ന് ഷാജി ഉറപ്പിച്ചു പറയുന്നു. വരും ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ പരിസ്ഥിതി ദിന പരിപാടികളിലും വിദ്യാലയ കൂട്ടായ്മകളിലും ഈ തോട്ടട സ്വദേശിയുടെ പ്രകൃതി പ്രയാണം വലിയ മാതൃകയായി ചർച്ച ചെയ്യപ്പെടും

Shaji, an auto-rickshaw driver from Thottada, Kannur, known fondly as 'Thenkudiyan', uses his vehicle to spread environmental message

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പലിശനിരക്കുകളിൽ മാറ്റമില്ല; റീപ്പോ റേറ്റ് 5.25 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

കർണാടക മന്ത്രിസഭയിൽ ഭിന്നത പരസ്യമാക്കി രാമലിംഗ റെഡ്ഡി രാജിവച്ചു; ബംഗളൂരു വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധം

'തിരക്കഥയിൽ വിശ്വാസം തോന്നി, സംവിധായകൻ ആരാണെന്ന് മനസിലുണ്ട്'; ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെ കുറിച്ച് ചാണ്ടി ഉമ്മൻ

പവന് 280 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,200ല്‍

SCROLL FOR NEXT