ഇരിട്ടി: ആറളം ഫാമിലെയും സമീപത്തെ പുനരധിവാസ മേഖലയിലെയും ജനവാസ കേന്ദ്രങ്ങളെ വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ 'കണ്ണൂർ മഖ്ന' (കെഎം-1) എന്ന കാട്ടുകൊമ്പനെ വനംവകുപ്പിന്റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടി. ദിവസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിൽ 'ഓപ്പറേഷൻ കണ്ണൂർ മഖ്ന' എന്ന പേരിൽ നടത്തിയ വൻ ദൗത്യമാണ് വ്യാഴാഴ്ച ലക്ഷ്യം കണ്ടത്. പ്രദേശവാസികൾക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർണ്ണായക നീക്കം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നൂറിലേറെ പേരടങ്ങുന്ന ദൗത്യസംഘം മോഴയാനയ്ക്ക് നേരെ ആദ്യ മയക്കുവെടി ഉതിർത്തത്. എന്നാൽ ആദ്യ ശ്രമത്തിൽ ആന പൂർണ്ണമായി മയങ്ങിയില്ല. തുടർന്ന് രണ്ട് തവണ കൂടി മയക്കുവെടി വെച്ചു. എന്നിട്ടും നിലയുറപ്പിച്ചു നിന്ന ആനയ്ക്ക് അധിക ഡോസ് മരുന്ന് നൽകിയാണ് ഒടുവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ അഞ്ചരയോടെ പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് മറ്റ് ആറ് കാട്ടാനകൾക്കൊപ്പം നിൽക്കുന്ന നിലയിലാണ് മോഴയെ നിരീക്ഷണ സംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കൂടെയുണ്ടായിരുന്ന ആനകളെ തുരത്തിയോടിച്ച ശേഷമാണ് ദൗത്യസംഘം മയക്കുവെടി വെക്കാനുള്ള അനുയോജ്യമായ സാഹചര്യം ഒരുക്കിയത്.
മയക്കുവെടിയേറ്റയുടൻ നേരത്തെ വളയംചാലിൽ സജ്ജമാക്കി നിർത്തിയിരുന്ന വിക്രം, ഉണ്ണികൃഷ്ണൻ, ഭരതൻ എന്നീ മൂന്ന് കുങ്കിയാനകളെ വനത്തിനുള്ളിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ വശങ്ങളിൽ താങ്ങിനിർത്തി റോഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. റോഡിൽനിന്ന് ഏകദേശം 300 മീറ്റർ ഉള്ളിലെ വനപ്രദേശത്തായിരുന്നു ആന വീണത്. അവിടേക്ക് വാഹനം എത്തിക്കാൻ കഴിയാത്തതിനാൽ മണ്ണുമാന്തി യന്ത്രം (ജെസിബി) ഉപയോഗിച്ച് പുതിയ താൽക്കാലിക പാത വെട്ടിത്തെളിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ഇതിനിടയിൽ പെയ്ത കനത്ത മഴ ദൗത്യത്തെ ഏറെ പ്രതിസന്ധിയിലാക്കി.
പിടികൂടിയ കണ്ണൂർ മഖ്നയെ വയനാട്ടിലെ മുത്തങ്ങയിൽ പ്രത്യേകം സജ്ജമാക്കിയ ആനക്കൊട്ടിലിലേക്കാണ് മാറ്റുന്നത്. ആനയുടെ മുൻകാലിലും തുമ്പിക്കൈയിലും നേരത്തെയുണ്ടായിരുന്ന മുറിവുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകുമെന്നും കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനം.
ആറളത്തെ ആർആർടി സംഘത്തിന് പുറമെ വയനാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ്മ സേനാംഗങ്ങളും വനം, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറിലധികം പേർ ഓപ്പറേഷൻ കെഎം-1 ൽ പങ്കാളികളായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ കളക്ടർ ബുധനാഴ്ച മുതൽ കക്കുവാ കവല മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പുതോട് റൂട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ഡിഎഫ്ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates