തളിപ്പറമ്പ്: ഓൺലൈൻ ബിസിനസ് നിക്ഷേപത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് വൻ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ അർഗോർ ഹെർഹ്യൂസ് എന്ന കമ്പനിയുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ മെന്ററായി സ്വയം പരിചയപ്പെടുത്തിയ ഹേമ എന്ന സ്ത്രീക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തൃച്ചംബരം താഴെ വളപ്പിൽ വീട്ടിൽ സി.ബി. ജയശീലിന്റെ പരാതിയിലാണ് പൊലീസ് നടപടി. വ്യാജ വെബ്‌സൈറ്റിലൂടെ ആകർഷകമായ ഓഫറുകൾ നൽകിയാണ് പ്രതി പരാതിക്കാരനെ കെണിയിൽ വീഴ്ത്തിയത്.
അർഗോർ ഗോൾഡ് വാല്യു ഡോട്ട്‌കോംഎന്ന വെബ്‌സൈറ്റ് വഴി ലഭിച്ച ആകർഷകമായ പരസ്യമാണ് തട്ടിപ്പിന് വഴിവെച്ചത്. കമ്പനിയിൽ നിക്ഷേപിക്കുന്ന പണത്തിന് രണ്ട് മണിക്കൂറിനകം വൻ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ ലാഭം ഉൾപ്പെടെ 13,000 രൂപ തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണമിടപാട് നടത്തിയത്. തുടക്കത്തിൽ ലഭിച്ച വാഗ്ദാനങ്ങൾ വിശ്വസിച്ച പരാതിക്കാരനിൽ നിന്ന് ജൂലായ് അഞ്ച് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പല തവണകളിലായി 17,00,991 രൂപയാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈപ്പറ്റിയത്.
എന്നാൽ ഇത്രയും വലിയ തുക കൈക്കലാക്കിയ ശേഷം വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച അസൽ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാരൻ തിരിച്ചറിഞ്ഞതും പൊലീസിനെ സമീപിച്ചതും. പരാതിയിൽ കേസെടുത്ത പൊലീസ്, പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും വെബ്‌സൈറ്റിന്റെ ഐപി വിലാസങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates