Tanur Custody Death 
Malappuram

താനൂർ കസ്റ്റഡി മരണം: പോലീസിന്റെ വാദങ്ങൾ പൊളിയുന്നു; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താമിർ ജിഫ്രിയെ ജീപ്പിൽ കയറ്റിയ ശേഷവും ആശുപത്രിയിലേക്ക് പോകാൻ വൈകിപ്പിച്ചു; എഫ്ഐആറിലെ സമയക്രമം തെറ്റെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മലപ്പുറം: താനൂരിലെ വിവാദ കസ്റ്റഡി മരണത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിക്രമങ്ങളെയും സംഭവങ്ങളുടെ സമയക്രമത്തെയും കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂർ സ്വദേശിയായ താമിർ ജിഫ്രിയെ അവശനിലയിൽ പൊലീസുകാർ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അഞ്ച് മിനിറ്റിലേറെ വൈകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് കൈമാറിയത്. കസ്റ്റഡിയിലെടുത്ത ശേഷം താമിറിനെ ക്രൂരമായി മർദിച്ചെന്നും ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാൻ പൊലീസ് വൈകിച്ചെന്നും കുടുംബം തുടക്കംമുതൽ ആരോപിച്ചിരുന്നു.

2023 ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ദേവദാർ പാലത്തിനടിയിൽനിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ, പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ താമിറിനെ അതിനു മുമ്പുതന്നെ താനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നതായി സൂചിപ്പിക്കുന്നു. ഇതോടെ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെയും മഹസറിന്റെയും വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

Thamir Jifri

ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 1.43ഓടെയാണ് താമിറിനെയും ഒപ്പമുണ്ടായിരുന്നവരെയും താനൂർ സ്റ്റേഷനിലെത്തിച്ചതായി രേഖകളിലുള്ളത്. എന്നാൽ, ജൂലൈ 31ന് വൈകിട്ട് അഞ്ചുമണിയോടെ തന്നെ താമിറിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡാൻസാഫ് സംഘം ചെളാരിയിലെ ഒരു ലോഡ്ജിൽനിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം പറയുന്നത്.

തുടർന്ന് താനൂർ പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലേക്ക് താമിറിനെ കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തെ തുടർന്ന് അവശനായ താമിറിനെ പുലർച്ചെ 1.43ഓടെ അന്നത്തെ താനൂർ എസ്ഐ കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

സ്റ്റേഷനിൽവച്ച് താമിർ കുഴഞ്ഞുവീണിട്ടും ഉടൻ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു പ്രതികൾ ബഹളംവച്ചതിനെ തുടർന്നാണ് താമിറിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് നടപടിയെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

പുലർച്ചെ 4.18ഓടെയാണ് താമിറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് ജീപ്പ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ടതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. താമിറിനെ ജീപ്പിൽ കയറ്റിയശേഷവും അഞ്ച് മിനിറ്റിലേറെ ജീപ്പ് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരാവസ്ഥയിലായിരുന്ന താമിറിന് ചികിത്സ ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ച് ഇതോടെ കൂടുതൽ ചോദ്യങ്ങളാണ് ഉയരുന്നത്.

ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചശേഷമാണ് താമിർ കുഴഞ്ഞുവീണതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, പോസ്റ്റ്മോർട്ടം, രാസപരിശോധനാ റിപ്പോർട്ടുകൾ താമിറിന്റെ ശരീരത്തിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു. ശരീരത്തിൽ 21 പരുക്കുകൾ കണ്ടെത്തിയതും കസ്റ്റഡി മർദനം സംബന്ധിച്ച കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ശക്തി പകർന്നു.

പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്ന് താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. പൊലീസ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കൈമാറാതിരുന്നത് സംഭവത്തിലെ വസ്തുതകൾ പുറത്തുവരുമെന്ന് ഭയന്നതിനാലാണെന്നും ഹാരിസ് ആരോപിച്ചു.

“താമിറിനെ ക്യാമറയില്ലാത്ത സ്റ്റേഷന്റെ ഭാഗത്തേക്കാണ് കൊണ്ടുപോയത്. ക്യാമറയുള്ള ഭാഗത്തേക്ക് കൊണ്ടുപോകാതെ രണ്ട് മണിക്കൂറോളം ക്യാമറയില്ലാത്ത ഭാഗത്തായിരുന്നു. പൊലീസ് ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു. പല കാര്യങ്ങളും പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. കേസിൽ ഇനിയും പല കാര്യങ്ങളും പുറത്തുവരാനുണ്ട്. കൃത്യമായ പുനരന്വേഷണം നടത്തണം,” ഹാരിസ് പറഞ്ഞു.

താമിറിനെതിരായ ലഹരി കേസ് വ്യാജമാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയതായും ഡാൻസാഫ് സംഘം താമിറിനെ മർദിച്ചതായും ഹാരിസ് ആരോപിച്ചു.

കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ാം വകുപ്പ് പ്രകാരം, മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് സിബിഐ നേരത്തെ ചുമത്തിയത്. ഡാൻസാഫ് സംഘത്തിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറും നാല് സിവിൽ പൊലീസ് ഓഫീസർമാരും മുൻ താനൂർ എസ്ഐയും ഉൾപ്പെടെയുള്ളവരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയത്.

എന്നാൽ, താമിറിന്റെ മരണത്തിന് ഉത്തരവാദികളായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയെന്നും കുടുംബം ആരോപിക്കുന്നു.

New CCTV footage in the Tanur custody death of Tamir Jifri contradicts police claims on timeline and hospital delay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

ലോഡ്ജിൽ തമ്പടിച്ച് എംഎഡിഎംഎ വിൽപ്പന; യുവതി അടക്കം മൂന്നു പേർ കൊച്ചിയിൽ പിടിയിൽ

'ഇവള്‍ ഇതെന്ത് ഭാവിച്ചാണ്?'; തുടക്ക കാലത്ത് കുടുംബത്തിലുണ്ടായ സംസാരങ്ങള്‍; മനസ് തുറന്ന് മമിത ബൈജു

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ചരക്കിറക്കുന്നതിനിടെ ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു

'വെടി വച്ചാല്‍ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി'; കാണാനാഗ്രഹിച്ച നിവിന്‍ ; കൂട്ടിന് മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ട്രെയിലര്‍