Attappady Green Energy Corridor 
Palakkad

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്‌സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

കാറ്റാടി, സൗരോർജ്ജ വൈദ്യുതി ഗ്രിഡിലെത്തിക്കാൻ പുത്തൻ ശൃംഖല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മണ്ണാർക്കാട് മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും പുനരുപയോഗ ഊർജ്ജ സാധ്യതകൾ പ്രയോജനപ്പെടുത്താനുമായി കെഎസ്ഇബി നടപ്പാക്കുന്ന 'അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ' (AGEC) പദ്ധതിയിലെ സബ്‌സ്റ്റേഷനുകളുടെ നിർമ്മാണത്തിന് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള മണ്ണാർക്കാട്, അഗളി സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 4.30-ന് മണ്ണാർക്കാട് നെല്ലിപ്പുഴ പാലാട്ട് റെസിഡൻസിൽ നടക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയാകും.

സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖല കൂടുതൽ ശക്തിപ്പെടുത്തുക, മലയോര മേഖലയിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, പ്രസരണ നഷ്ടം കുറയ്ക്കുക, ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ 1974-ൽ നിർമ്മിച്ച വെണ്ണക്കര സബ്‌സ്റ്റേഷനിൽ നിന്നുള്ള 110 കെ.വി. സിംഗിൾ സർക്യൂട്ട് ലൈൻ മാത്രമാണ് മണ്ണാർക്കാട്ടേക്കുള്ള ഏക ആശ്രയം. കൂടാതെ അഗളിയിലേക്കുള്ള 33 കെ.വി. ലൈൻ മഴക്കാലങ്ങളിൽ അടിക്കടി തകരാറിലാകുന്നതും പതിവാണ്. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ ഈ ദുരിതങ്ങൾക്ക് പൂർണ്ണ പരിഹാരമാകും.

ആകെ 311.11 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 74.47 കോടി രൂപ കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE) ഗ്രാന്റും, 170 കോടി രൂപ ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ (KfW) വായ്പയുമാണ്. ശേഷിക്കുന്ന തുക കെഎസ്ഇബിയുടെ തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കും. മണ്ണാർക്കാട്, അഗളി 220 കെ.വി. ജിഐഎസ് സബ്സ്റ്റേഷനുകളുടെ നിർമ്മാണ ചുമതല ലൂമിനോ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ്. ഇവയെ ബന്ധിപ്പിക്കുന്ന 49 കിലോമീറ്റർ വരുന്ന വെട്ടത്തൂർ-അഗളി 220 കെ.വി. ലൈൻ, 2 കിലോമീറ്റർ ദൈർഘ്യമുള്ള കൈതച്ചിറ-മണ്ണാർക്കാട് 220 കെ.വി. ലൈൻ എന്നിവയുടെ നിർമ്മാണം ദിനേശ് ചന്ദ്ര ആർ. അഗ്രവാൾ ഇൻഫ്രാകോൺ ലിമിറ്റഡും വേഗത്തിൽ നടത്തിവരുന്നു.

അട്ടപ്പാടി മേഖലയിലെ കാറ്റാടിപ്പാടങ്ങളിൽ നിന്നും സോളാർ നിലയങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന 200 മെഗാവാട്ട് ഹരിത വൈദ്യുതി പ്രസരണ നഷ്ടമില്ലാതെ മെയിൻ ഗ്രിഡിലേക്ക് എത്തിക്കാൻ ഈ ഇടനാഴിയിലൂടെ സാധിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാകുന്നതോടെ ജില്ലയുടെ മൊത്തത്തിലുള്ള വൈദ്യുതി വിതരണ ശേഷി വർദ്ധിക്കുകയും ഭാവിയിലെ ആവശ്യങ്ങൾ സുഗമമായി നിറവേറ്റാൻ സഹായകരമാവുകയും ചെയ്യും.

The construction work of the 220 kV GIS substations under the ₹311.11-crore Attappady Green Energy Corridor (AGEC) project by KSEB will be officially inaugurated at Mannarkkad on Saturday, October 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബം​ഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ എൻഡിഎ

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍