സുരേഷ് ഗോപി ടെലിവിഷന്‍ ചിത്രം
Thrissur

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

എട്ട് ജീവനുകൾ പൊലിഞ്ഞതിന് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്; കരാറുകാരെ വെറുതെ വിടാനാകില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. അപകടങ്ങളുടെ പേരിൽ രാഷ്ട്രീയക്കാരും ഭരണാധികാരികളും പരസ്പരം പഴിചാരുന്നത് വെറും ഒളിച്ചോട്ടമാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ആർക്കും കൈകഴുകാൻ സാധിക്കില്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

റോഡ് നിർമ്മാണം നടക്കുന്ന ദേശീയപാതാ ഭാഗങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാ വിഭാഗങ്ങൾക്കും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് വിഷയത്തിൽ കർശന താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊരു പരസ്യ തർക്കമാക്കി മാറ്റി സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ജനപ്രതിനിധികൾ ശ്രമിക്കരുത്.

നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ കൃത്യമായ ഡൈവേർഷൻ സംവിധാനങ്ങൾ ഒരുക്കി വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കണം. എന്നാൽ കൈപമംഗലത്ത് ആവശ്യമായ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ദിശാസൂചക ബോർഡുകളോ രാത്രി വെളിച്ചം പ്രതിഫലിപ്പിക്കുന്ന റിഫ്ലക്ടറുകളോ പ്രദേശത്ത് സ്ഥാപിച്ചിരുന്നില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും അടിസ്ഥാന സുരക്ഷയൊരുക്കാത്ത കരാറുകാരെ കർശനമായി ചോദ്യം ചെയ്യണം. അപകടകരമായ രീതിയിൽ വാഹനം നിർത്തിയിട്ട ലോറി ഡ്രൈവറുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനും വലിയ പങ്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം വിശദമായ ചർച്ച നടത്തിയതായി സുരേഷ് ഗോപി അറിയിച്ചു. ദേശീയപാതകളിൽ പട്രോളിംഗ് സംവിധാനം അടിയന്തരമായി ശക്തമാക്കും. നിയമലംഘനം നടത്തുന്നവർക്ക് യാതൊരു ദാക്ഷിണ്യവും നൽകേണ്ടതില്ല. റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളിൽ നിന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ 5,000 രൂപ മുതൽ 25,000 രൂപ വരെ തൽക്ഷണ പിഴ ഈടാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ നഷ്ടപ്പെട്ട എട്ട് പേരുടെ ജീവന് ഒരു നഷ്ടപരിഹാരവും പകരമാവില്ല. ഉദ്യോഗസ്ഥരെയോ കരാറുകാരെയോ മാത്രം കുറ്റപ്പെടുത്തി ജനപ്രതിനിധികൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത നമ്മളാണ് ഇതിന് മുൻകൈയെടുക്കേണ്ടത്," അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രദേശവാസികളും വ്ലോഗർമാരും ചൂണ്ടിക്കാണിക്കുന്ന റോഡ് തകരാറുകളെ ജാഗ്രതാ നിർദ്ദേശങ്ങളായി കണ്ട് ഉടൻ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Addressing the horrific road crash at Kaipamangalam in Thrissur that claimed the lives of eight Tamil Nadu natives, Union Minister of State for Petroleum and Natural Gas Suresh Gopi urged all stakeholders to avoid "escapist blame games" and take strict, coordinated measures to prevent recurring highway fatalities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9

'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്

'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!