Thrissur Pulikkali Legend Chathunni Ashan 
Thrissur

ഓണത്താളം കൊട്ടിക്കയറുമ്പോൾ ഉണരുന്ന വീര്യം; സ്വരാജ് റൗണ്ട് ഇന്നും തേടുന്നു ആ പഴയ 'ചാത്തുണ്ണിപ്പുലി'യെ

61 വർഷം നാലോണപ്പുലിയായി ചരിത്രം കുറിച്ചു; ഉലക്കമേൽ പുലിച്ചുവട് വെച്ച് വിസ്മയിപ്പിച്ച ആശാൻ ഓർമ്മയായിട്ട് ഏഴ് വർഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ഓരോ ഓണക്കാലം പടിവാതിലിൽ എത്തുമ്പോഴും തൃശൂർക്കാരന്റെ സിരകളിൽ കൊട്ടിക്കയറുന്ന താളത്തിനൊപ്പം മിന്നലായി തെളിയുന്ന ഒരു മുഖമുണ്ട്; ചാത്തുണ്ണിയാശാൻ! തൃശൂരിന്റെ പ്രശസ്തമായ നാലോണപ്പുലിക്കളിയിൽ തുടർച്ചയായി അറുപത്തിയൊന്ന് വർഷം വേഷമിട്ട് സ്വരാജ് റൗണ്ടിൽ വിസ്മയം തീർത്ത പുലിക്കളിയുടെ പെരുന്തച്ചൻ. ചാത്തുണ്ണിയാശാൻ ഓർമ്മയായിട്ട് ഏഴ് വർഷം പിന്നിടുമ്പോഴും ആ പെരുമ്പുലിയുടെ ചുവടുകൾ തൃശൂർക്കാർക്ക് ഇന്നും മായാത്ത വികാരമാണ്.

പതിനാറാം വയസ്സിൽ ആദ്യമായി പുലിക്കളിക്കായി മെയ്യിൽ ചായം തേച്ച ചാത്തുണ്ണിയാശാൻ, പുതിയ തലമുറയുടെ പുലിക്കളികളെക്കുറിച്ച് എന്നും വ്യക്തമായ നിലപാടുകൾ തുറന്നുപറഞ്ഞിരുന്നു. "ഇവരൊന്നും കാണിക്കുന്നതല്ല പുലിക്കളി... വെറുതെ കുംഭകുലുക്കി കാണിക്കുന്നതല്ല പുലിച്ചുവട്!" എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം വട്ടത്തിലും നീളത്തിലും വെക്കുന്ന കൃത്യമായ പുലിച്ചുവടുകൾ കാണികളെ വിസ്മയിപ്പിച്ചു. ഉപജീവനത്തിനായി ആശാരിപ്പണി ചെയ്തിരുന്ന ചാത്തുണ്ണിക്ക് പുലിക്കളി വെറുമൊരു വിനോദമായിരുന്നില്ല, മറിച്ച് ജീവശ്വാസമായിരുന്നു.

Thrissur Pulikkali Legend Chathunni Ashan

നാൽപ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതമെടുത്താണ് ചാത്തുണ്ണിയാശാൻ ഓരോ വർഷവും പുലിയായി മാറിയിരുന്നത്. അതൊരു നീണ്ട തപസ്സും പ്രാർത്ഥനയുമായി ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തുസൂക്ഷിച്ചു. പൂങ്കുന്നം ദേശത്തിന്റെ പുലിമടയിൽ നിന്നായിരുന്നു തുടക്കം. പിന്നീട് നായ്ക്കനാൽ പുലിക്കളി സമാജത്തിലും കാനാട്ടുകര ദേശത്തിനു വേണ്ടിയും പതിറ്റാണ്ടുകൾ വേഷമിട്ടു. ഒടുവിൽ അയ്യന്തോൾ ദേശത്തിനായാണ് അദ്ദേഹം അവസാനമായി പുലിവേഷം കെട്ടിയത്. നാലോണമെത്തുമ്പോൾ ഏത് ദേശത്തിനും ചാത്തുണ്ണിയാശാനെ വേണമായിരുന്നു.

കുടവയറില്ലാതെ സ്വന്തം മെയ്‌വഴക്കവും ചുവടുകളും കൊണ്ട് മാത്രം ജനശ്രദ്ധ പിടിച്ചുപറ്റിയ അപൂർവ്വം പുലിക്കളിക്കാരിൽ ഒരാളായിരുന്നു ചാത്തുണ്ണി. രണ്ടംഗങ്ങൾ തോളിൽ ചുമക്കുന്ന നീളൻ ഉലക്കയ്ക്ക് മുകളിൽ കയറി നിന്ന് പുലിച്ചുവട് വെച്ച് കാണികളെ അമ്പരപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. വയറിൽ പുലിമുഖം വരച്ച് കാണിക്കുന്ന ഇന്നത്തെ രീതികളോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. 79-ാം വയസ്സിൽ മരിക്കുന്നത് വരെ ഒരിക്കൽ പോലും മദ്യം തൊട്ടിട്ടില്ലെന്നതും ചാത്തുണ്ണിയെന്ന പുലിക്കാരണവരുടെ മാത്രം പ്രത്യേകതയായിരുന്നു.

2017-ൽ വടക്കേ ബസ് സ്റ്റാൻഡിൽ കാൽതെറ്റി വീണ് കാലൊടിഞ്ഞതോടെയാണ് ആറ് പതിറ്റാണ്ടിലേറെ നീണ്ട പുലിക്കളി ജീവിതത്തിന് നിർബന്ധിത വിരാമമിടേണ്ടി വന്നത്. തുടർന്ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ആശാൻ 2019-ൽ ലോകത്തോട് വിടപറഞ്ഞു. തൃശൂർ സ്വരാജ് റൗണ്ടിൽ ഇനിയുമെത്ര പുലികൾ ഇറങ്ങിയാലും, കൃത്യമായ അടവുകളും വ്രതശുദ്ധിയും കൊണ്ട് പുലിക്കളിയെ അനുഷ്ഠാനകലയാക്കി മാറ്റിയ ചാത്തുണ്ണിയാശാന്റെ സ്ഥാനം പകരക്കാരില്ലാതെ ബാക്കിനിൽക്കും.

Every Onam season brings alive the indelible legacy of Chathunni Ashan, the legendary folk artist who defined the rhythm of Thrissur's iconic 'Naalonam Pulikkali' across six decades.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപനത്തില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; രൂപയ്ക്കും നേട്ടം, എണ്ണവില 92 ഡോളറിന് മുകളില്‍

ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?

കണ്ണൂരിൽ കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങി; മയക്കുവെടിവെച്ചു

'അനു​ഗ്രഹത്തിനായി ഞാൻ തല കുനിച്ചു, സന്യാസി എന്റെ മുതുകത്ത് അടിച്ചു'; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് നടൻ