ഗോവ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജയന്റെ മരണം: ഒരു കേസ് സ്റ്റഡി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. ശ്രീഹരി ഹരിദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദേവരാജാണ്.
ദുരൂഹതയും അന്വേഷണാത്മകതയും നിറഞ്ഞ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'വാഴ 2' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും തിളങ്ങിയ ദേവരാജിന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും ആര്യനെന്നും അണിയറ പ്രവർത്തകർ പറയുന്നു. 'യുറേക്കാ' എന്ന സോഷ്യൽ മീഡിയ പേജിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവരാജ്.
ഗോവയിൽ നടക്കുന്ന 57മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇന്ത്യൻ പനോരമ 2026-ലെ ഔദ്യോഗിക തിരഞ്ഞെടുപ്പ് നേടിയ ചിത്രമാണ് 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി'. ഇന്ത്യൻ പനോരമയിലെ ന്യൂ ഹൊറൈസൺ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കെയോസ് സിനിമ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
അജയൻ എന്ന വ്യക്തിയുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ അന്വേഷിച്ചിറങ്ങുന്ന എഴുത്തുകാരനും ചലച്ചിത്രകാരനുമായ ആര്യന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത മോക്യുമെന്ററി ആഖ്യാനരീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യാഥാർഥ്യവും ഭാവനയും ഇഴചേരുന്ന അവതരണത്തിലൂടെ പ്രമേയത്തിന് പുതിയൊരു ചലച്ചിത്രാനുഭവം നൽകാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
ജോ ജോസഫ്, ദേവ വിനോദ്, ആര്യ മിനി മിഷൻ, ഗായത്രി വിജയൻ,സുരാജ് തേലക്കാട്, പൂജ മഹി അഘോര, സുരേഷ് ബാബു, ഷഹനീർ ബാബു, അഭിജിത് വേലായുധൻ, സോളമൻ, അനന്യ രവി, ഗായത്രി രാജൻ, ജയശ്രീ സി.കെ, ദേവിക മംഗലശ്ശേരി, സുജിത് ദിനേശ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ആനന്ദു കെ.എച്ച് ഛായാഗ്രഹണവും ആനന്ദ് പുതേഴത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. അജിത് സത്യനാണ് സംഗീതസംവിധായകൻ. അഭിജിത് പിരിവുശാല ഗാനരചന നിർവഹിക്കുന്നു. അഖിൽ സനിലാണ് കലാസംവിധായകൻ. അസുന്ത അബ്രഹാം പ്രൊഡക്ഷൻ ഡിസൈനും അഞ്ജന മുരളി വസ്ത്രാലങ്കാരവും മേക്കപ്പും കൈകാര്യം ചെയ്യുന്നു. ശരൺ രവീന്ദ്രനും ഗോകുൽ രമേഷുമാണ് പ്രൊഡക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. പി.ആർ.ഒ. സതീഷ് എരിയാളത്ത്