തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് അനുഷ്ക ഷെട്ടി. എന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്കാണ് അനുഷ്ക ജീവൻ പകർന്നിരിക്കുന്നത്. അരുന്ധതി, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്കയുടെ പ്രകടനങ്ങൾക്ക് ഇന്നും ആരാധകരേറെയാണ്. ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് അനുഷ്ക മാറി നിന്നിരുന്നു. പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് അനുഷ്ക സോഷ്യൽ മീഡിയയിൽ സജീവമായത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അനുഷ്ക. വെള്ളിയാഴ്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അനുഷ്ക തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഘാട്ടി ആയിരുന്നു അനുഷ്കയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എന്നാൽ മോശം പ്രതികരണമാണ് ചിത്രത്തിന് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അനുഷ്ക അറിയിച്ചിരിക്കുന്നത്. സ്നേഹം... എപ്പോഴും എന്നേക്കും എന്ന തലക്കെട്ടിലാണ് അനുഷ്ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ക്രോളിങിനപ്പുറം ലോകവുമായി വീണ്ടും ബന്ധപ്പെടാനും പ്രവർത്തിക്കാനും ഒരു ഇടവേള എടുക്കുകയാണെന്നാണ് അനുഷ്ക കുറിപ്പിൽ പറയുന്നു.
"നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... സോഷ്യൽ മീഡിയയിൽ നിന്ന് അൽപകാലത്തേക്ക് മാറി നിൽക്കുകയാണ്. സ്ക്രോളിങ്ങിനപ്പുറം, നാമെല്ലാവരും യഥാർഥത്തിൽ തുടങ്ങിയ ഇടത്തേക്ക്, ലോകവുമായി വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണിത്. കൂടുതൽ കഥകളും സ്നേഹവുമായി നിങ്ങളെല്ലാവരെയും ഉടൻ കാണാം... എപ്പോഴും എന്നേക്കും... എപ്പോഴും സന്തോഷമായിരിക്കുക. സ്നേഹത്തോടെ അനുഷ്ക ഷെട്ടി,”- അനുഷ്ക കുറിച്ചു.
നിരവധി ആരാധകരാണ് അനുഷ്കയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയിരിക്കുന്നത്. “സ്വീറ്റി, നിങ്ങൾ ഉയർച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല... ഒരുകാലത്ത് ചരിത്രം സൃഷ്ടിച്ച ലേഡി സൂപ്പർ സ്റ്റാറിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു. ഒരു ഇടവേളയെടുത്ത് കൂടുതൽ ശക്തയായി തിരിച്ചുവരൂ, സ്വീറ്റി.
എന്നായിരുന്നു ഒരാൾ കുറിച്ചത്. “സ്വീറ്റി, ദയവായി നിങ്ങളുടെ അർപ്പണബോധത്തെ വിജയിപ്പിക്കാൻ കഴിയുന്ന നല്ല സംവിധായകരുമായി സഹകരിക്കൂ. നിങ്ങൾ എക്കാലത്തെയും മികച്ച നടിയാണ്.” മറ്റൊരാൾ കുറിച്ചു.
അതേസമയം 6.64 കോടി മാത്രമാണ് ഒരാഴ്ച കൊണ്ട് ഘാട്ടി തിയറ്ററുകളിൽ നിന്ന് നേടിയത്. വിക്രം പ്രഭുവാണ് ചിത്രത്തിൽ നായകനായെത്തിയത്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ ആണ് അനുഷ്കയുടേതായി ഇനി വരാനുള്ള ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates