Nelson Facebook
Entertainment

'ആദ്യ സിനിമ പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല, ഫൂട്ടേജുള്ള നെൽസന്റെ ലാപ്‌ടോപ്പ് മോഷണം പോയി'; ആ കാലം ഓർത്തെടുത്ത് ​രാജ്കുമാർ

സിനിമ പൂർത്തിയാക്കാൻ എട്ടോ പത്തോ ദിവസം മതിയെന്ന ഘട്ടത്തിൽ നാലോ അഞ്ചോ വർഷത്തോളം പ്രോജക്ട് നീണ്ടുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ ലോകത്ത് കോടികൾ വാരിക്കൂട്ടുന്ന മുൻനിര സംവിധായകനാണ് ഇന്ന് നെൽസൺ ​ദിലീപ്കുമാർ. ജയിലർ ഒന്നും രണ്ടും ഭാ​ഗങ്ങൾ നേടിയ ചരിത്രവിജയങ്ങൾക്കു പിന്നിൽ നീണ്ട കാലത്തെ കഠിനാധ്വാനമുണ്ട്. തമിഴിലെ സൂപ്പർതാരങ്ങൾക്ക് ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിക്കുന്ന നെൽസൺന്റെ കരിയർ തുടങ്ങുന്നതു തന്നെ വലിയ നിരാശയിലും തിരിച്ച‌ടിയിലുമാണ്.

നെൽസൺ ദിലീപ്കുമാറിന് സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ വെളിപ്പെടുത്തുകയാണ് ഇപ്പോൾ സംവിധായകൻ രാജ്കുമാർ പെരിയസ്വാമി. ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അത് പൂർത്തിയാക്കാനോ റിലീസ് ചെയ്യാനോ സാധിച്ചിരുന്നില്ല. കോളീവുഡിലെ ഏറ്റവും വലിയ പണംവാരിപ്പടത്തിന്റെ സംവിധായകന്റെ കഴിഞ്ഞകാലം തലമുറകൾക്ക് പ്രചോദനമാണെന്നാണ് സംവിധായകൻ പറയുന്നത്.

2009ലാണ് നെൽസൺ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമ പൂർത്തിയാക്കാൻ എട്ടോ പത്തോ ദിവസത്തെ ചിത്രീകരണം കൂടി മതിയെന്ന ഘട്ടത്തിൽ നാലോ അഞ്ചോ വർഷത്തോളം പ്രോജക്ട് നീണ്ടുപോയെന്നും രാജ്കുമാർ പറഞ്ഞു.

2018ൽ നയൻതാര നായികയായെത്തിയ 'കൊലമാവ് കോകില'യിലൂടെയാണ് നെൽസൺ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശിവകാർത്തികേയൻ നായകനായ 'ഡോക്ടർ' എന്ന ചിത്രവും വിജയമായി. വിജയ് നായകനായ 'ബീസ്റ്റ്' പരാജയപ്പെട്ടതോടെ നെൽസന്റെ കരിയറിനെക്കുറിച്ച് വിമർശനങ്ങളുയർന്നെങ്കിലും രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' വൻ വിജയമായതോടെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി.

700 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. 'ജയിലർ 2'വും വിജയമായതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിൽ നെൽസൺ ഇടംപിടിച്ചു. നെൽസന്റെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ചുള്ള രാജ്കുമാർ പെരിയസാമിയുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

രാജ്കുമാർ പെരിയസ്വാമിയുടെ വാക്കുകൾ

നെൽസന്റെ ബയോപിക് രസകരമാണ്. അദ്ദേഹം തന്റെ ആദ്യ സിനിമ സ്റ്റാർട്ട് ചെയ്തത് 2009ലാണ്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്തത് 2018ൽ. 'കൊലമാവ് കോകില'. അദ്ദേഹം അനുഭവിച്ച ആ കഷ്ടപ്പാടുകൾ വളരെ കഠിനമാണ്. ഓരോ ഫിലിംമേക്കർക്കും അത്തരമൊരു കഥ പറയാനുണ്ടാകും. പക്ഷേ നെൽസണ് ആദ്യ സിനിമ പൂർത്തിയാക്കാൻ പോലും സാധിച്ചില്ല.

സിനിമ പൂർത്തിയായതുമില്ല, റിലീസായതുമില്ല. ഇനിയൊരു 10 ദിവസത്തെ ഷൂട്ടോ 8 ദിവസത്തെ ഷൂട്ടോ കഴിഞ്ഞാൽ തീർന്നു എന്ന നിലയിൽ നാലഞ്ചു വർഷത്തോളം ആ സിനിമ നീണ്ടുപോയി. അന്ന് ഷൂട്ട് ചെയ്തുവെച്ച റഷസ് (എ‍ഡിറ്റ് ചെയ്യാത്ത ഫൂട്ടേ‍ജുകൾ) എല്ലാം ഒരു ലാപ്‌ടോപ്പിലുണ്ടായിരുന്നു.

ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന നെൽസന്റെ ആ ലാപ്‌ടോപ്പ് കാറിൽ വച്ചിരുന്നു. ഒരു പാലത്തിനു താഴെ കാർ പാർക്ക് ചെയ്തി‌ട്ടപ്പോൾ അതിനുള്ളിലിരുന്ന ലാപാടോപ്പ് മോഷണം പോയി. അങ്ങനെ ഒരുപാട് സംഭവങ്ങൾ അ​ദ്ദേ​ഹത്തിന്റെ ജീവിതത്തിൽ നട‌ന്നി‌ട്ടുണ്ട്.

'Couldn't even finish the first film, Nelson's laptop containing the footage was stolen'; Rajkumar recalls that period

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; രണ്ട് കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടി

വന്ന വഴി മറന്നുവെന്ന് ചാക്കോച്ചന്‍; അങ്ങനൊരു ചീത്തപ്പേര് തനിക്കുണ്ടെന്ന് നസ്‌ലെന്‍; ഉന്നം വച്ചത് ഗിരീഷ് എഡിയെ?

കാലടി സര്‍വകലാശാലയുടെ വാദം തള്ളി ഹൈക്കോടതി; ഹര്‍ജി നാളെ പരിഗണിക്കും

'അമൽ നീരദിന്റെ ബലഹീനത അതാണ്, കഴിവതും ആ സമയത്ത് ബാക്കി കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല'; ജ്യോതിർമയി പറയുന്നു