തമിഴ് സിനിമയിലേക്ക് 12 വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുകയാണ് നസ്രിയ നസീം. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തമിഴ് തിരിച്ചുവരവ്.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നസ്രിയ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെയും നസ്രിയയെയും തമിഴകത്തെ താരദമ്പതികളായ സൂര്യ–ജ്യോതികയുമായി താരതമ്യം ചെയ്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
തമിഴ് സിനിമയിലെ മാതൃകാ ദമ്പതികൾ സൂര്യയും ജ്യോതികയുമാണെന്നും മലയാളത്തിൽ ഫഹദും നസ്രിയയുമാണെന്നും അവതാരക പറഞ്ഞു. ഇരുവരും എങ്ങനെയാണ് ഇത്രയും ഒത്തൊരുമയോടെ ജീവിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് ചിരിച്ചുകൊണ്ട് നസ്രിയ നൽകിയ മറുപടി 'ഫഹദ് ഇത് കേൾക്കണം, ഒത്തൊരുമ എന്നാണ് പറയുന്നത്' എന്നായിരുന്നു. താരത്തിന്റെ മറുപടി സദസ്സിലും ചിരി പടർത്തി.
പരസ്പരമുള്ള ബഹുമാനവും സ്നേഹവുമാണ് രണ്ട് ദമ്പതിമാരും തമ്മിലുള്ള സാമ്യമെന്ന് നസ്രിയ പറഞ്ഞു. ജോലിയോടുള്ള ആത്മാർഥതയും ഇരുവരുടെയും ബന്ധത്തിൽ പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു. ഇതിൽ ഏറ്റവും പ്രധാനമായി താൻ കാണുന്നത് പരസ്പര ബഹുമാനമാണെന്നും നസ്രിയ വ്യക്തമാക്കി.
'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രത്തിന് ശേഷം 12 വർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സൂര്യയ്ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നുവെന്നും 'സീൻ' അതിന്റെ സാക്ഷാത്കാരമാണെന്നും താരം പ്രമോഷൻ പരിപാടിയിൽ പറഞ്ഞു. നേരത്തെയും ചില കാരണങ്ങളാൽ സൂര്യയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നസ്രിയ വെളിപ്പെടുത്തി.
ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനോടും താരം നന്ദി അറിയിച്ചു. ജിത്തുവിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രത്തിലെ ആദ്യ നായികയെന്ന നിലയിൽ അഭിമാനമുണ്ടെന്നും നസ്രിയ പറഞ്ഞു. 'സീനി'ന്റെ അണിയറപ്രവർത്തകരിൽ ഭൂരിഭാഗവും മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സ്വന്തം നാട്ടുകാരോടൊപ്പം ഒരു തമിഴ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് നസ്രിയ പറഞ്ഞു. സുഷിൻ ശ്യാം, നസ്‌ലൻ എന്നിവർക്കും താരം ആശംസകൾ അറിയിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയ പിന്തുണയും സ്നേഹവും യാത്രയെ കൂടുതൽ മനോഹരമാക്കിയെന്നും നസ്രിയ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates