Jeethu Joseph, Manichitrathazhu ഫെയ്സ്ബുക്ക്
Entertainment

'മാടമ്പള്ളിയിൽ കേട്ടത് അവരുടെ കരച്ചിലുകൾ'; ​ജീത്തു ജോസഫ് കൈ വച്ച 'മണിച്ചിത്രത്താഴ്' സ്ക്രിപ്റ്റ്, വൈറലായി കുറിപ്പ്

ഒപ്പം നാഗവല്ലിയുടെ ആഭരണങ്ങളും 3 പെട്ടികളിലായി ആ ഡിക്കിയിൽ

സമകാലിക മലയാളം ഡെസ്ക്

ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീത്തു ജോസഫ്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മിറാഷ് ആണ് ജീത്തു ജോസഫിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തിയറ്ററിൽ പരാജയമായി മാറിയ ചിത്രത്തിന് ഒടിടിയിലെത്തിയപ്പോൾ ട്രോളുകളും വിമർശനങ്ങളുമൊക്കെ ഏറ്റുവാങ്ങേണ്ടി വന്നു.

ട്വിസ്റ്റുകളുടെ അതിപ്രസരമാണ് ചിത്രത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം. ഇപ്പോഴിതാ ജീത്തു ജോസഫിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴില്‍ ഫാസിലിന്റെ സഹായികളില്‍ ഒരാളായി ജീത്തു ജോസഫ് ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.

സുധീഷ് പുല്ലാട് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചത്. സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്- ലാല്‍, ഇവര്‍ക്കൊപ്പം ജീത്തുവിനെയും ഫാസില്‍ കൂടെക്കൂട്ടിയെന്ന് പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മണിച്ചിത്രത്താഴിന്റെ സെക്കന്റ്‌ യൂണിറ്റ്‌ സംവിധായകരായി നാലു പേരെയാണു ഫാസിൽ വെച്ചിരുന്നത്‌- പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ്‌ ലാൽ പിന്നെ ജീത്തു ജോസഫ്‌!

അതിൽ ജീത്തു ജോസഫിനു കിട്ടിയത്‌ 2 പോർഷൻസ്‌ ആയിരുന്നു. 1. ശ്രീദേവി അല്ല നാഗവല്ലി- അത്‌ ശോഭന ആണെന്ന് മനസിലാകുന്ന ആ ട്വിസ്റ്റ്‌ 2. പോസ്റ്റ്‌ ക്ലൈമാക്സ്‌ സീനുകളും. ക്ലൈമാക്സ്‌ ഒക്കെ ഷൂട്ട്‌ ചെയ്ത ശേഷം അപ്രസക്തമായ യാത്ര പറച്ചിൽ സീനുകൾ ജീത്തുവിനെയും ക്രൂവിനെയും ഏൽപ്പിച്ചിട്ട്‌ ഫാസിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾക്കായി ചെന്നൈയിലേക്ക്‌ പോകുന്നു.

ഗംഗയെ നകുലന് തിരിച്ചേൽപ്പിച്ച്‌ പോകാനൊരുങ്ങുന്ന സണ്ണിയും നകുലന്റെത്‌ മാത്രമാകാൻ കൽക്കട്ടക്കു പോകുന്ന ഗംഗയും നകുലനും. യാത്രയാക്കാൻ നിൽക്കുന്ന ബന്ധുജനങ്ങൾ.

ജീത്തു കൈകൾ കൂട്ടിത്തിരുമ്മി- ശ്രീദേവിയല്ല ഗംഗയാണു നാഗവല്ലി എന്ന ഞെട്ടിക്കുന്ന ട്വിസ്റ്റ്‌ ജീത്തുവിനു അങ്ങോട്ട്‌ തൃപ്തിയായിട്ടില്ല. ഒരു ട്വിസ്റ്റ്‌ മാത്രമുള്ള സിനിമ ഒരു സിനിമ ആണൊ..ജീത്തു സ്ക്രിപ്റ്റ്‌ വാങ്ങി നോക്കി ഒന്നാലോചിച്ച ശേഷം ഷോട്ട്‌ പ്ലാൻ ചെയ്തു.

ഒരു ക്രെയിൻ ഷോട്ട്‌ കറങ്ങി വന്ന് സണ്ണിയും നകുലനും ഗംഗയും വരുവാനില്ലാരുമീ പാടി പോകുന്ന കാറിന്റെ ഡിക്കിയിലേക്ക്‌ ഫോക്കസ്‌ ചെയ്ത്‌ സൂം ചെയ്ത്‌ അകം കാണിക്കുമ്പോൾ അതാ.. പൂട്ടിയിട്ടിരുന്ന നിലവറയിലെ കോടികൾ വിലമതിക്കുന്ന അമൂല്യമായ സ്വർണ ഉരുപ്പടികൾ- ഒപ്പം നാഗവല്ലിയുടെ ആഭരണങ്ങളും 3 പെട്ടികളിലായി ആ ഡിക്കിയിൽ!!

നകുലനും ഗംഗയും സണ്ണിയുമായി അവിടെ അവതരിച്ചത്‌ ഒരു അന്താരാഷ്ട്ര തട്ടിപ്പു സംഘത്തിലെ പ്രധാനികളായ 3 പേരായിരുന്നു. യഥാർത്ഥ ഗംഗയും നകുലനും കൈകാലുകൾ ബന്ധിക്കപ്പെട്ട്‌ നിലവറയിൽ പൂട്ടിക്കിടക്കുകയാണു. ചില രാത്രികളിൽ അവരുടെ കരച്ചിലാണു മാടമ്പള്ളിയിൽ ആളുകളെ ഭയപ്പെടുത്തിയിരുന്ന ശബ്ദങ്ങൾ(ബ്രില്യൻസ്‌)

അന്ധവിശ്വാസങ്ങൾ നിറഞ്ഞ, മാടമ്പള്ളിയിലെ പൂട്ടിക്കിടക്കുന്ന ആ വീട്ടിലെ തലമുറകളായി കൈമാറിവന്ന അമൂല്യമായ സ്വത്തുവകകളുടെ മേൽ തർക്കങ്ങളുണ്ടായ സമയത്ത്‌ 4 തലമുറ മുന്നെ ഒരു കാരണവർ മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു നാഗവല്ലിയുടെ കഥ.

ആ ഭീതിയുടെ മറവിൽ കമ്പ്ലീറ്റ്‌ സ്വത്തുവകകളും നാഗവല്ലിയെ ബന്ധിച്ച മുറിയിൽ നിലവറയിലാക്കി ഒളിപ്പിച്ചു. ഇതിനെക്കുറിച്ചു മനസിലാക്കിയ പുരാവസ്തു ഗവേഷണമെന്ന പേരിൽ 4-5 കൊല്ലം ഉറക്കമിളച്ച എക്സ്പേർട്ട്‌ ആയ ശോഭനയും മോഹൻലാലും സുരേഷ്‌ ഗോപിയുമായി ചേർന്ന് ഒരുക്കുന്ന വൻ പദ്ധതിയായിരുന്നു ആ വീട്ടിൽ നടന്നത്‌.

എൻഡ്‌ ക്രെഡിറ്റ്‌ കാണിക്കുമ്പോൾ അവരുടെ കാർ ഹൈവേയിലേക്ക്‌ കടക്കുന്നു. ആ കാറിനെ ഓവർടേക്ക്‌ ചെയ്ത്‌ ഒരു സുസുക്കി സമുറായി ബൈക്ക്‌ വന്ന് മുന്നിൽ ചവിട്ടി നിർത്തി ഒരാൾ ഹെൽമറ്റോടു കൂടി അതിൽ നിന്ന് ഇറങ്ങി ഡ്രൈവർ സീറ്റിനരികിലേക്ക്‌ വരുന്നു.

ഗ്ലാസ്‌ താഴ്ത്തുന്നു.. ജാക്കറ്റ്‌ ധരിച്ച ആ ബൈക്കർ പതുക്കെ ആ ഹെൽമറ്റ്‌ ഊരുന്നു... കാറിലുള്ളവരുടെ ആകാംക്ഷയും പരിഭ്രമവും പ്രേക്ഷകരിലേക്ക്‌ പകരുന്ന ടെൻഷൻ സീൻസ്‌.. മൂവരും ഞെട്ടിയിരിക്കേ ഹെൽമറ്റ്‌ ഊരുന്ന വ്യക്തിയുടെ പിന്നിൽ നിന്നും ക്യാമറ വെച്ചുള്ള ഷോട്ടിൽ കാറിലുള്ളവരുടെ മുഖത്തെ പരിഭ്രമം പതുക്കെ പുഞ്ചിരിയിലേക്കും അത്‌ പിന്നെയൊരു പൊട്ടിച്ചിരിയിലേക്കും കടക്കുമ്പോൾ പ്രേക്ഷകർ ആ ബൈക്കറുടെ മുഖം കാണുന്നു.. അത്‌ മറ്റാരുമല്ല....

അത്‌ മറ്റാരുമല്ല പ്രിയപ്പെട്ട ഗയ്സ്‌.. അത്‌ സാക്ഷാൽ പുല്ലാറ്റുപറമ്പ്‌ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌ - The Master Brain of the heist

മറ്റു ചില ട്വിസ്റ്റുകൾ അതായത്‌ ഉണ്ണിത്താനദ്ദേഹം പെയിന്റ്‌ അടിക്കാൻ ഏൽപ്പിച്ച രാഘവന്റെ ഡെഡ്‌ ബോഡി തെക്കിനിയുടെ പിറകിലെ തൊടിയിൽ കുഴിച്ചിട്ടിരിക്കുന്നതും ഒക്കെ ജീത്തു പ്ലാൻ ചെയ്തുകൊണ്ടിരിക്കേ ചെന്നൈക്ക്‌ പോയ ഫാസിൽ കുടയെടുക്കാൻ മറന്നു പോയതിന്റെ പേരിൽ തിരിച്ചു വരികയും സ്ക്രിപ്റ്റിലില്ലാത്ത കാര്യങ്ങൾ ആണെന്ന് മനസിലാക്കി അത്‌ ഒഴിവാക്കുകയുമായിരുന്നു.

Cinema News: Facebook post about Manichitrathazhu movie and Director Jeethu Joseph goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT