തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം. സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും ഒന്നിച്ചുള്ള ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിക്കാൻ തുടങ്ങിയിട്ട്. രജനികാന്ത് നായകനായെത്തുന്ന പുതിയ സിനിമയുടെ നിർമാതാവാണ് കമൽ ഹാസൻ. "തലൈവർ 173" എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമൽ ഹാസൻ- സുന്ദർ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃത് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയാണ് ഈ പ്രൊജക്റ്റ്. തമിഴിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും "തലൈവർ 173"ൽ ജോയിൻ ചെയ്യുക.
ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്. അരമനൈ സിനിമാറ്റിക് യൂണിവേഴ്‌സ് വഴി ഏറെ ജനപ്രീതി നേടിയ സുന്ദർ സി, നാല്പതോളം ചിത്രങ്ങളാണ് തമിഴിൽ ഒരുക്കിയിട്ടുള്ളത്.
കമൽ ഹാസൻ നായകനായ 'അൻപേ ശിവം' എന്ന ചിത്രവും സുന്ദർ സി ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നടനും ഗായകനും കൂടിയായ സുന്ദർ സിയുടെ അടുത്ത റിലീസ് നയൻതാര നായികയായ 'മൂക്കുത്തി അമ്മൻ 2' ആണ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates