മേജർ രവി സംവിധാനം ചെയ്തതിൽ വ്യത്യസ്തമാർന്ന ട്രീറ്റ്മെന്റിൽ പുറത്തുവന്ന ചിത്രമാണ് 'പിക്കറ്റ് 43'. മറ്റ് ആർമി സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വൈകാരിക തലത്തിലേക്ക് സൈനികരുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിൻ്റെ മികച്ച സിനിമകളിലൊന്ന് കൂടിയാണ് പിക്കറ്റ് 43.
അടുത്തിടെ ചിത്രത്തിന്റെ നിർമാതാവ് ഒജി സുനിൽ മേജർ രവിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സിനിമ സംവിധാനം ചെയ്തത് ഛായാഗ്രഹകൻ ജോമോൻ ടി ജോണും നായകൻ പൃഥ്വിരാജും ചേർന്നാണെന്നും ഒജി സുനിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ 'പിക്കറ്റ് 43' താൻ 22 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണെന്ന് പറയുകയാണ് മേജർ രവി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പിക്കറ്റ് 43 എന്ന സിനിമ 22 ദിവസം കൊണ്ട് ഞാൻ ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു ഷൗട്ടിങും ഉണ്ടായിരുന്നില്ല അതിനകത്ത്. ഞാൻ ഓക്കെ റെഡി എന്ന് പറയുമ്പോൾ ഓക്കെ. 35 ദിവസം പ്ലാൻ ചെയ്ത സിനിമയായിരുന്നു അത്. പക്ഷേ അത് 22 ദിവസം കൊണ്ട് തീർത്തു. അതെങ്ങനെയാണെന്ന് വച്ചാൽ ഞാൻ പേപ്പറിൽ എഴുതി പ്ലാൻ ചെയ്യും. ഇപ്പോൾ 'ഓപ്പറേഷൻ സിന്ദൂർ' പോലും പൂർണമായും എഴുതി പ്ലാൻ ചെയ്ത് വച്ചിരിക്കുകയാണ്. അങ്ങനെയാണ് ചെയ്യുന്നത്.
എനിക്ക് ഏറ്റവും സിങ്ക് തോന്നിയിട്ടുള്ള കാമറാമാൻ തിരു ആണ്. തിരു അസിസ്റ്റന്റ് ആയിരുന്ന സമയത്ത് ഞാനും അസിസ്റ്റന്റ് ആയിരുന്നു. അങ്ങനെയൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. പിന്നെ തിരു വലിയ കാമറാമാനായി. അതിന് ശേഷമാണ് ഞാൻ സംവിധായകനാകുന്നത്. പക്ഷേ ഞങ്ങളുടെ സൗഹൃദം എടാ..പോടാ.. ബന്ധമാണ്. ഞങ്ങൾ ഫ്രീയായി ഇരിക്കുന്ന സമയത്ത് ഏതെങ്കിലും കോഫി ഷോപ്പിലിരുന്ന കഥയെക്കുറിച്ച് സംസാരിക്കും.
അങ്ങനെയാണ് കീർത്തി ചക്ര വരുന്നത്. അത് അത്രയും നന്നാകാൻ കാരണം കാമറാമാനുമായുള്ള സിങ്ക് കൊണ്ടാണ്. അതേ പോലെ തന്നെയായിരുന്നു മിഷൻ 90 ഡെയ്സും. കാമറാമാനുമായി സിങ്കില്ലെങ്കിൽ പ്രശ്നമുണ്ടാകും. എനിക്കേറ്റവും കംഫർട്ടബിൾ തിരു തന്നെയാണ്. എന്റെ സ്പീഡിനേക്കാൾ കൂടുതൽ സ്പീഡിൽ ഓടിയിരുന്ന ഒരു കാമറാമാനാണ്. അപ്പോൾ തന്നെ നമ്മുടെ പകുതി ടെൻഷൻ അവിടെ കഴിഞ്ഞു". - മേജർ രവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates