Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ ഡ്രൈവിങ്ങിന് അത്ര സത്പേരുള്ളതല്ല; പോയവരൊക്കെ തിരിച്ചു വരണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്'

'ഒരു ഓട്ടമത്സരം നടത്തുകയാണെങ്കിൽ നടുറോഡിൽ കൂടെ അല്ലല്ലോ ഓട്ടമത്സരം നടത്തുന്നത്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: വണ്ടിയുടെ സ്പീഡും കാര്യങ്ങളുമൊന്നും റോ‍ഡിൽ അല്ല പരീക്ഷിക്കേണ്ടതെന്നും സ്പീഡ് ടെസ്റ്റിനൊക്കെ വേറെ റോ‍ഡുകളുണ്ടെന്നും നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാരിന്റെ 'ജീവ- സുയാത്ര മിഷൻ' സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി. "ജീവ- സുയാത്രാ മിഷന്റെ ബ്രാൻഡ് അംബാസിഡറായി എന്നെ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ ഞാൻ തന്നെ പേടിച്ചു പോയി.

വേറൊന്നും കൊണ്ടല്ല, എന്റെ ഡ്രൈവിങ്ങിന് അത്ര സത്പേരുള്ളതല്ല. കാരണം, ഞാൻ വളരെ ആവേശത്തോടെ വണ്ടിയോടിക്കുന്ന ആളാണ്. എനിക്ക് സ്പീഡ് ഇഷ്ടമാണ്. പക്ഷേ, സ്പീഡ് ഉണ്ടെങ്കിലും നമുക്ക് ജാ​ഗ്രതയും ഏകാ​ഗ്രതയും ശ്രദ്ധയും ഈ പവർ നമ്മളുപയോ​ഗിക്കുമ്പോൾ ഇതിനൊരു ഉത്തരവാദിത്വവുമുണ്ടെന്ന് നമ്മൾ വിചാരിച്ചു കഴിഞ്ഞാൽ, വലിയ അപകടങ്ങളില്ലാതെ പോകാം. അങ്ങനെയാണ് ഞാൻ വണ്ടിയോടിക്കുന്നത്.

പക്ഷേ ഈ അടുത്തകാലത്തായിട്ട് ഞാൻ വണ്ടിയോടിക്കാറില്ല. കാരണം, ഒരുപാട് വാഹനങ്ങളായി, ഒരുപാട് തിരക്കുള്ള വീഥികളായി. നമ്മുടെ റോഡ് എത്ര നന്നാക്കിയാലും, വാഹനങ്ങൾ കൂടുന്തോറും തിരക്ക് കൂടി കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായിട്ടും അപകടങ്ങളും കൂടും. അപകടങ്ങളുണ്ടാകുന്നതിൽ 99 ശതമാനവും മനുഷ്യരുടെ തെറ്റാണ്. മെക്കാനിക്കൽ എറർ ഒരു ശതമാനമേ ഉള്ളൂ. നമ്മൾ അശ്രദ്ധമായി വണ്ടിയോടിക്കുന്നതോ, നമ്മൾ അശ്രദ്ധമായി റോഡിൽ കൂടി നടക്കുന്നതോ കൊണ്ട് തന്നെയായിരിക്കും അപകടങ്ങളുണ്ടാകുന്നത്.

കാറിന്റെ കാറ്റ് അഴിഞ്ഞു പോകുന്നതോ അല്ലെങ്കിൽ, എഞ്ചിൻ തകരാർ വരുന്നതോ ഒക്കെ ഒരു ശതമാനമേ ഉള്ളൂ. അപ്പോൾ സുരക്ഷ എന്ന് പറയുന്നത്, നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന് വിചാരിച്ച് നമ്മൾ റോഡിലൂടെ നടക്കരുത്. പലരും റോഡിലൂടെ നടക്കുന്നത് കണ്ടാൽ വീട്ടിലെ വരാന്തയിലോ ഡൈനിങ് റൂമിലൂടെയോ ഒക്കെ നടക്കുന്നതുപോലെയാണ്.

ഫോൺ ഉപയോ​ഗിച്ച് റോഡിലൂടെ നടക്കാത്ത ആരെയെങ്കിലും നിങ്ങൾ ഈ അടുത്ത കാലത്ത് കാണാറുണ്ടോ. വീട്ടിലിരുന്ന് വിളിക്കാൻ പറ്റാത്തതു കൊണ്ട് റോഡിലിറങ്ങി വിളിക്കുന്നതു പോലെയാ നമുക്ക് തോന്നുന്നത്. എപ്പോഴും ഫോൺ കാതിലുണ്ടാകും. ഈ ഫോണിലായിരിക്കും ശ്രദ്ധ. വണ്ടി വരുന്നുണ്ടോ, നമ്മുടെ നേരെ ആൾക്കാർ വരുന്നുണ്ടോ എന്നൊന്നും ആൾക്കാർ നോക്കുന്നില്ല. നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണെന്ന് വിചാരിക്കരുത്.

നമ്മുടെ സുരക്ഷ നമ്മൾ കൂടി നോക്കണം. എന്നോട് ആരോ പറഞ്ഞു, ബസിന്റെ സമയം കൊടുക്കുന്നതു കൊണ്ടാണ് കുഴപ്പമെന്ന്. അതും വേണമെങ്കിൽ ശ്രദ്ധിക്കാം. തുടരെ തുടരെ മൂന്ന് മിനിറ്റ് വച്ച് ബസുകൾ വരുമ്പോൾ, അവരുടെ യാത്രക്കാരെ കൊണ്ടുപോകാനായി കുറച്ചു കൂടി വേ​ഗത്തിൽ പോകും. മറ്റുള്ള ബസുകാർ അതിന് പുറകേ പോകും. അങ്ങനെയൊരു മത്സരയോട്ടം നടക്കാൻ സാധ്യതയുണ്ട്.

അതുമൊക്കെ നിയന്ത്രിക്കാം, അല്ലെങ്കിൽ റൂട്ടുകൾ മാറ്റി കൊടുക്കാം. ഇതൊന്നും ആധികാരികമായി പറയാൻ ഞാനൊരു വിദ​ഗ്ധനൊന്നുമല്ല. ഞാനൊരു സാധാരണ ആളെന്ന നിലയിൽ പറയുകയാണ്. എനിക്ക് കുട്ടികളോട് പറയാനുള്ളത്, ഈ മോട്ടോർ സൈക്കിൾ അഭ്യാസവും കാറിന്റെ സ്പീഡിനുമൊക്കെയുള്ള സ്ഥലങ്ങളുണ്ട് നമുക്ക്. അതിനൊക്കെ റേസ് ട്രാക്കുകളുണ്ട്. നിങ്ങളവിടെ പോകൂ.

ഒരു ഓട്ടമത്സരം നടത്തുകയാണെങ്കിൽ നടുറോഡിൽ കൂടെ അല്ലല്ലോ ഓട്ടമത്സരം നടത്തുന്നത്. അതിനൊക്കെ പ്രത്യേക ട്രാക്കുകളുണ്ട്. അവിടെ പോയി നമ്മൾ ഓടുന്നു മത്സരിക്കുന്നു ജയിക്കുന്നു അഭ്യാസപ്രകടനങ്ങൾ നടത്തുന്നു. റോഡിലല്ല അഭ്യാസപ്രകടനങ്ങൾ നടത്തേണ്ടത്, റോ‍ഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയാൽ നിങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉപദ്രവകരമാകും. അതുകൊണ്ട് വണ്ടിയുടെ സ്പീഡും കാര്യങ്ങളുമൊന്നും റോ‍ഡിൽ അല്ല പരീക്ഷിക്കേണ്ടത്.

സ്പീഡ് ടെസ്റ്റിനൊക്കെ വേറെ റോ‍ഡുകളാ. നമുക്ക് യാത്ര ചെയ്യാനുള്ളതാണ് റോഡ്, റേസിനുള്ളതല്ല. അത് കാറുകാരാണെങ്കിലും മോട്ടോർ സൈക്കിളുകാരാണെങ്കിലും. ഒരാൾ നമ്മളെ ഓവർടേക്ക് ചെയ്താൽ നമുക്ക് പിടിക്കില്ല. അറിയാത്ത രണ്ട് ആളുകൾ തമ്മിൽ മത്സരിക്കുന്നു. എനിക്ക് മനസിലായിട്ടില്ല എന്തിനാണെന്ന്. എല്ലാവർ‌ക്കും എത്തിച്ചേരാനുള്ളത് ഒരു സ്ഥലത്താ.

ഒരു മിനിറ്റോ, ഒന്നര മിനിറ്റോ വൈകുമായിരിക്കും നമുക്ക്. അത് നമ്മുടെ ജീവിതത്തിൽ അങ്ങോട്ടുള്ള കാലമേ കട്ട് ചെയ്ത് പോകുന്ന അവസ്ഥയിൽ പോകരുത്. നമ്മുടെ മാത്രമല്ല, മറ്റുള്ള ആൾക്കാരുടെയും. ജീവിതത്തിന്റെ സുരക്ഷ, നമ്മുടെ രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നമ്മുടെ കയ്യിൽ തന്നെയാണ്. വഴിയാത്രക്കാരും ശ്രദ്ധിക്കുക. നമുക്ക് ഫുട്പാത്ത് ഉണ്ട്. അതിലൂടെ ആരെങ്കിലും നടക്കാറുണ്ടോ ?. ഫുട്പാത്തിലൂടെ നമുക്ക് നടക്കാൻ പറ്റുമോ ?. ഇല്ല.

ഫുട്പാത്തൊക്കെ വേറെ കാര്യങ്ങൾക്കാണ് ഉപയോ​ഗപ്പെടുത്തുന്നത്. ഫുട്പാത്തിലൂടെ നമ്മൾ നടക്കാത്തതു കൊണ്ടാണ് ഒരുപരിധി വരെ ആളുകൾ വേറെ കാര്യങ്ങൾക്ക് ഉപയോ​ഗിക്കുന്നത്. ഫുട്പാത്തുകളിലൂടെ തന്നെ നടക്കുക. ഫുട്പാത്തിൽ കയറി ഇടിക്കുന്ന ആൾക്കാരുണ്ട്, അതിൽ നമുക്കൊന്നും ചെയ്യാനാകില്ല. നമ്മളായിട്ട് ഒരപകടം ഉണ്ടാക്കാതിരിക്കാൻ അവരവർ ശ്രദ്ധിക്കുക. അപകടങ്ങൾ അനിവാര്യമാണ്, നമുക്കൊന്നും പറയാൻ പറ്റില്ല.

അപകടം പ്രതീക്ഷിക്കാതെ ഉണ്ടാകുന്നതാണ്. എല്ലാ വണ്ടിക്കും ഒരേ ബ്രേക്ക് അല്ല. എല്ലാ മനുഷ്യനും ഒരേ ശക്തിയല്ല. വണ്ടിയുടെ ബ്രേക്കും വ്യത്യസ്തമാണ്, മനുഷ്യന്റെ റോഡ് ക്രോസ് ചെയ്യാനുള്ള ശക്തിക്കും സ്പീഡിനുമൊക്കെ വ്യത്യാസമുണ്ട്. അശ്രദ്ധയ്ക്ക് ഒരു കണക്കുമില്ല. എവിടെയെങ്കിലും പോകണമെങ്കിൽ സമയത്തിന് മുൻപേ ഇറങ്ങിയാൽ നമുക്ക് സമാധാനമായി പോകാം. കൃത്യത പാലിക്കാനായി നമ്മൾ നേരത്തെ ഇറങ്ങണം.

സമയം തെറ്റിക്കുന്നത് നമ്മളാണെങ്കിൽ, നമ്മളെത്താൻ അനാവശ്യമായി ധൃതി കാട്ടും, അശ്രദ്ധ കൂടും, വേ​ഗത കാണിക്കും ടെൻഷനുണ്ടാകും. അങ്ങനെയൊന്നും ചെയ്യാതെ സമാധാനമായി പോയി വന്നാൽ ആർക്കും ഒരപകടവും ഉണ്ടാകില്ല. ഞാൻ ഈ വിഡിയോയിൽ കണ്ടതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വാക്ക്, പോയവരൊക്കെ തിരിച്ചു വരണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്.

അവർക്കു വേണ്ടിയെങ്കിലും വണ്ടിയോടിക്കുന്നവരും കാൽനടയാത്രക്കാരും ശ്രദ്ധിക്കുക. കുട്ടികളെ കുറച്ച് സിവിക് സെൻസ് കൂടി പഠിപ്പിച്ചാൽ നന്നായിരിക്കുമെന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്".- മമ്മൂട്ടി പറഞ്ഞു.

Mammootty talks about road safety.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടെന്‍ഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാര്‍'; 'ഒപ്പിട്ട അഴിമതി'യില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി

'അജയന്റെ മരണം ഒരു കേസ് സ്റ്റഡി'; ദുരൂഹതയുടെ മുഖമായി യുറേക്കാ താരം ദേവരാജ്

7000 എംഎഎച്ച് ബാറ്ററി, സെക്കന്‍ഡറി ഡിസ്‌പ്ലേ; ഷവോമി 18 പ്രോ ലോഞ്ച് ജനുവരിയില്‍, ഫീച്ചറുകള്‍

സാമ്പാറിന് വെള്ളം കൂടിയോ? ടെൻഷൻ വേണ്ട, ടിപ്സ് ഇതാ

മകൾക്കൊപ്പം ചാക്കോച്ചന്റെ സെൽഫി; 'വിത്ത് യുവർ ചോട്ടാ' എന്ന് കുറിപ്പ്, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ