കഴിഞ്ഞ ദിവസമാണ് മൈക്കൽ ജാക്സന്റെ ബയോപിക് 'മൈക്കൽ' പുറത്തിറങ്ങിയത്. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കൽ ജാക്സന്റെ അനന്തരവൻ ജാഫർ ജാക്‌സൺ ആണ് പ്രധാന വേഷത്തിലെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ മൈക്കൽ ജാക്സന്റെ അരുമയായിരുന്ന ചിമ്പാൻസിയും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ബബിൾസ് എന്ന ഓമനപ്പേരിലായിരുന്നു ഈ ചിമ്പാൻസി അറിയപ്പെട്ടിരുന്നത്. 1983ലാണ് മൈക്കൽ ബബിൾസിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മൈക്കൽ ജാക്സണെ പോലെ തന്നെ താരപദവിയിലായിരുന്നു ബബിൾസിന്റെയും ജീവിതം. ജാക്സണൊപ്പം പലപ്പോഴും അഭിമുഖങ്ങളിലും ബബിൾസ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മ്യൂസിക് വിഡിയോകളിലും സിനിമകളിലും ബബിൾസ് അഭിനയിച്ചു.
ജപ്പാനിലേക്ക് മൈക്കൽ ജാക്സൺ നടത്തിയ ടൂർ ട്രിപ്പിലും ബബിൾസിനെ അദ്ദേഹം ഒപ്പം കൂട്ടി. ഒരുകാലത്ത് പ്രശസ്തിയുടെയും തിരക്കുകളുടെയും ലോകത്തായിരുന്നു ബബിൾസ് ജീവിച്ചിരുന്നതെങ്കിൽ ഇന്ന് 43 -ാം വയസിൽ സെന്റർ ഫോർ ഗ്രേറ്റ് ഏപ്സിൽ (വന്യ ജീവി സംരക്ഷണ കേന്ദ്രം) മറ്റു ചിമ്പാൻസികൾക്കൊപ്പം സ്വൈര്യ ജീവിതം നയിക്കുകയാണ് ബബിൾസ്.
2005 ലാണ് ബബിൾസിനെ തങ്ങൾക്ക് ലഭിക്കുന്നതെന്ന് വന്യ ജീവി സംരക്ഷണ കേന്ദ്രത്തിന്റെ വെബ് സൈറ്റിൽ പറയുന്നു. 185 പൗണ്ട് ഭാരമുള്ള ഒരു ആൺ ചിമ്പാൻസിയാണ് ബബിൾസ്. പൊതുവേ ശാന്തനും അല്പം നാണക്കാരനുമാണ് ബബിൾസ്. മാത്രമല്ല തന്നെ കാണാനെത്തുന്ന സന്ദർശകരുടെ ദേഹത്തേക്ക് വെള്ളമൊഴിക്കുക, മണൽ വാരിയെറിയുക തുടങ്ങിയ പരിപാടികളും ബബിൾസിന്റെ കയ്യിലുണ്ട്.
ചിത്രം വരയ്ക്കാനും ബബിൾസിന് ഇഷ്ടമാണ്. എന്നാൽ ആളുകൾ തന്റെ ഫോട്ടോ എടുക്കുമ്പോൾ ബബിൾസ് വിമുഖത കാണിക്കാറുമുണ്ട്. മൈക്കൽ ജാക്‌സൺസ് എസ്റ്റേറ്റി (മരണ ശേഷം മൈക്കൽ ജാക്‌സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ)ന്റെ പിന്തുണയോടെയാണ് ബബിൾസിന്റെ പരിചരണം നടക്കുന്നത്.
ജാക്സന്റെ വിഡിയോയിൽ അതിസുന്ദരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ചിമ്പാൻസി ആരാധകർക്ക് എന്നും വിസ്മയമായിരുന്നു. 2003 ൽ ബാലപീഡനക്കേസിൽ മൈക്കൽ ജാക്സൺ പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയം സ്വയം മുറിവേൽപ്പിച്ച് ബബിൾസ് ആത്മഹ്യയ്ക്ക് ശ്രമിച്ചിരുന്നു. 2009 ൽ മൈക്കൽ ജാക്സണിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോഴും ചിമ്പാൻസി ആത്മഹത്യ പ്രവണത കാണിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രശസ്ത ആനിമൽ ട്രെയിനറിൽ നിന്നാണ് ബബിൾസ് എന്ന ചിമ്പാൻസിയെ ജാക്സൺ ദത്തെടുക്കുന്നത്. ലൊസാഞ്ചലസിലെ ജാക്സന്റെ വസതിയിലായിരുന്നു ബബിൾസിനെ പാർപ്പിച്ചിരുന്നത്. ബബിൾസ് ആക്രമണ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കുമോയെന്ന ഭയത്താൽ കാലിഫോർണിയയിലെ ആനിമൽ ട്രെയിനർക്ക് ചിമ്പാൻസിയെ ജാക്സൺ പിന്നീട് കൈമാറുകയായിരുന്നു.
അതേസമയം ഇന്ത്യയിൽ നിന്ന് മാത്രമായി 14.19 കോടിയാണ് ഇതുവരെ മൈക്കൽ കളക്ട് ചെയ്തത് എന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates