Johnson, Mohan Sithara വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജോൺസേട്ടനെ ഞാൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്ന് വാർത്ത പരന്നു, ഞാനാകെ പേടിച്ചു വിറച്ചു'; അപകടത്തെക്കുറിച്ച് മോഹൻ സിത്താര

അദ്ദേഹത്തിന്റെ തല പൊട്ടിയിരുന്നു അപകടത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അന്തരിച്ച സം​ഗീത സംവിധായകൻ ജോൺസനൊപ്പം ട്രെയിനിൽ സഞ്ചരിക്കവേ ഉണ്ടായ ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി മോഹൻ സിത്താര. ചെന്നൈയിലേക്ക് ഒരു പാട്ടിന്റെ റെക്കോർഡിങ്ങിന് പോകുമ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹം ഓർത്തെടുത്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലാണ് മോഹൻ സിത്താര ഇക്കാര്യം വെളിപ്പെടുത്തിയത്.

"ജോൺസേട്ടന്റെ കാര്യം പറയുമ്പോൾ പെട്ടെന്ന് എനിക്കോർമ വരുന്ന ഒരു കാര്യമുണ്ട്. അയലത്തെ അദ്ദേഹം എന്ന രാജസേനന്റെ ഒരു പടമുണ്ട്. ആ പടത്തിന്റെ റീ റെക്കോർ‌ഡിങ്ങിന് വേണ്ടി തിരുവനന്തപുരത്തു നിന്ന് ഞാൻ ചെന്നൈയ്ക്ക് പോയിരുന്നു. എന്റെ കൂടെ എഡിറ്റർ വേണുവുമുണ്ട്. ഞങ്ങൾ രണ്ട് പേരും കൂടിയാണ് ട്രെയിനിൽ പോകുന്നത്.

ജോൺസേട്ടൻ ആ സമയത്ത് ട്രെയിനിൽ കയറുന്നുണ്ട്. ജോൺസേട്ടൻ വല്ലാത്തൊരു മൂഡിലായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി സംസാരിച്ചിരുന്നു. അതിനിടെ ഉറക്കം വരുന്നു എന്ന് പറഞ്ഞ്, ജോൺസേട്ടൻ ബർത്തിൽ കയറി കിടന്നു. കുറേ കഴിഞ്ഞ് തിരുവല്ല ഭാ​ഗമൊക്കെ എത്തിയപ്പോൾ, രണ്ട് പേർ വന്നിട്ട് ഞങ്ങളോട് പറഞ്ഞു, ജോൺസൺ ട്രെയിനിൽ നിന്ന് താഴെ വീണു എന്ന്. നമ്മളാകെ ടെൻഷനായി.

ഞാനും വേണുവും കൂടി ട്രെയിനിന്റെ ചങ്ങല പിടിച്ചു വലിച്ച് ട്രെയിൻ നിർത്തി. പിന്നെ ഞങ്ങൾ പുറകിലേക്ക് നടന്നു. നോക്കുമ്പോൾ ഒരു പാലമാണ്. ട്രെയിൻ വന്നു കഴിഞ്ഞാൽ‌ ഞങ്ങളെ ഇടിക്കും. വേറെ അങ്ങോട്ട് നിൽക്കാനൊന്നും സ്ഥലമില്ല. അങ്ങനെ ഞാനും വേണുവും കൂടി ഓടി ഓടി പാലത്തിന്റെ അപ്പുറത്തേക്ക് എത്തി. അപ്പോൾ അവിടെ കുറച്ചാളുകൾ നിൽക്കുന്നു.

ഞങ്ങൾ ചോദിച്ചു, ട്രെയിനിൽ നിന്നൊരാൾ ഇവിടെ വീണിട്ടുണ്ടോ എന്ന്. അപ്പോൾ ഒരാൾ പറഞ്ഞു, ഉണ്ട്. തിരുവല്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന്. അങ്ങനെ ഞാനും വേണുവും കൂടി തിരുവല്ല ആശുപത്രിയിൽ പോകുന്നു. അവിടെ ചെന്നപ്പോൾ ജോൺസേട്ടനെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ തല പൊട്ടിയിട്ടുണ്ട്. അങ്ങനെ ആരോ പറഞ്ഞു, ഞാനും ഉണ്ടായിരുന്നല്ലോ അവിടെ.

ഞാൻ അദ്ദേഹത്തെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്ന രീതിയിൽ പറഞ്ഞു. ഞാനാകെ പേടിച്ചു പോയി. ആളുകളൊക്കെ എന്നെ വല്ലാത്തൊരു നോട്ടം. ഞാൻ നിന്നു വിറച്ചു. കേസും കൂട്ടവുമായി ഒന്നും ഞാനെന്റെ ജീവിതത്തിൽ പോയിട്ടില്ല. എന്താ ചെയ്യണ്ടേ എന്ന് എനിക്കറിയില്ല. ആളുകളൊക്കെ ആ രീതിയിലാണ് സംസാരിക്കുന്നത്.

പിന്നെ ജോൺസേട്ടന് അന്ന് ഒന്നും ഓർമയില്ലായിരുന്നു. പിന്നെ ഓർമ വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു എന്താണെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, അയ്യോ അവരിത് അറിഞ്ഞിട്ടു പോലുമില്ലെന്ന്. അങ്ങനെ ഒരനുഭവം ഉണ്ടായി എനിക്ക്".- മോഹൻ സിത്താര പറഞ്ഞു.

Mohan Sithara on the accident in which Johnson Master fell from a train.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാമറായിയുടെ പേരിടാൻ 20 ലക്ഷം ആവശ്യപ്പെട്ടു'; കാസർകോട് ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് പരാതി

'ടെന്‍ഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാര്‍'; 'ഒപ്പിട്ട അഴിമതി'യില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി

മുടി പൊട്ടുന്നത് തടയാൻ ഉറങ്ങും മുൻപ് ചെയ്യേണ്ട 5 കാര്യങ്ങൾ

ദുൽഖറിനൊപ്പം ഐക്കൺ സ്റ്റാർ; പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അല്ലു അർജുനും

നിര്‍മല സീതാരാമന്റെ പേരില്‍ വ്യാജ എഐ വിഡിയോ; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 1.41 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ