'നീ പോ മോനേ ദിനേശാ...' ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മളിൽ പലരും ആരോടെങ്കിലുമൊക്കെ ഈ ഡയലോഗ് പറഞ്ഞിട്ടുണ്ടാകും. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹത്തിലെ ഐക്കണിക് ഡയലോഗാണിത്. ഇന്ദുചൂഡന്റെ ഈ ട്രേഡ്മാർക്ക് ഡയലോഗ് ഇന്നും മലയാളികൾക്കിടയിൽ ഹിറ്റാണ്.
ഈ ഡയലോഗിനെക്കുറിച്ച് മൈ ജിഒവി പോഡ്കാസ്റ്റിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "നീ പോ മോനേ ദിനേശാ...വളരെ മനോഹരമായ ഒരു ഡയലോഗാണത്. അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നതു പോലെയാണ്. പക്ഷേ അത് കാഷ്വൽ ആയിട്ടുള്ള ഒരു മനോഭാവം അല്ല.
എനിക്ക് എന്ത് വന്നാലും ഞാൻ അതിനെ നേരിടും. എല്ലാ കർമ്മങ്ങൾക്കും ഞാൻ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോഗ് തരുന്നത്. നിങ്ങൾക്കറിയാമോ, ഞാൻ എന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാൻ തന്നെയാണ്. അതുകൊണ്ട് ഞാൻ അതിനെ ആ സ്പിരിറ്റിലാണ് എടുക്കുന്നത്. നീ പോ മോനേ ദിനേശാ..."- മോഹൻലാൽ പറഞ്ഞു.
രഞ്‍ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് നരസിംഹം സംവിധാനം ചെയ്‍തത്. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. കോഴിക്കോട് ഒരു ക്ലബില്‍ നിന്നാണ് ഈ ഡയലോഗ് കിട്ടുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒരിക്കൽ പറഞ്ഞിരുന്നു.
"കോഴിക്കോട് ഉള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും കൂടി അവിടെ പോകും. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. അങ്ങനെ പോയപ്പോഴാണ് അവിടെ വച്ചൊരാളെ പരിചയപ്പെടുന്നത്. അയാള്‍ എല്ലാവരെയും ദിനേശാ എന്നാണ് വിളിക്കുന്നത്.
ദിനേശാ ഇങ്ങ് വാ.. അതിങ്ങെട് മോനേ ദിനേശാ.. പുള്ളിക്കെല്ലാവരും ദിനേശന്‍മാരാണ്. കേട്ടപ്പോള്‍ അതൊന്നു പരിഷ്‍കരിച്ച് സിനിമയില്‍ ഉപയോഗിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂഡന്റെ ട്രേഡ് മാര്‍ക്കാവുന്നത്."- ഷാജി കൈലാസ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates