പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വേറിട്ട അക്കപ്പെല്ല സംഗീതാവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയ ‘നങ്ങേലി’ക്ക് പുതിയ സംഗീതാവിഷ്കാരം. മ്യൂസിക് ബാൻഡായ ‘ഇറ്റ്‌സ് വിധു പ്രതാപ്’ ആണ് ‘നങ്ങേലി റീബോൺ’ എന്ന പേരിൽ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ബാൻഡിന്റെ ആദ്യ മ്യൂസിക് വിഡിയോ എന്ന പ്രത്യേകതയും ‘നങ്ങേലി റീബോണി’നുണ്ട്. അക്കപ്പെല്ല ശൈലിയിൽ പുറത്തിറങ്ങിയ പഴയ ഗാനത്തിന് പുതിയ പതിപ്പിൽ ഫോക്ക് റോക്ക് സംഗീതത്തിന്റെ ഭാവമാണ് നൽകിയിരിക്കുന്നത്.
നങ്ങേലിയായി ദീപ്തി വിധുപ്രതാപ് എത്തിയ പഴയ ഗാനത്തിന് പുതിയൊരു ദൃശ്യാനുഭവവും സംഗീതാനുഭവവും പകരുന്ന ഈ പതിപ്പിൽ നടി നിഖില വിമലാണ് നങ്ങേലിയായി എത്തുന്നത്. പഴയ വിഡിയോയിൽ നിന്ന് വ്യത്യസ്തമായി നൂതനമായ അവതരണത്തിൽ ബാൻഡിലെ ഓരോ അംഗവും അവരവരുടെ സംഗീതോപകരണങ്ങളിലൂടെ ഗാനം അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുതിയ മ്യൂസിക് വിഡിയോയിലുള്ളത്.
ബാൻഡിന്റെ സംഗീതാവിഷ്കാരത്തിനൊപ്പം നിഖില വിമൽ അവതരിപ്പിക്കുന്ന നങ്ങേലി ഫാന്റസി സ്വഭാവമുള്ള നങ്ങേലി റീബോർണിൽ വരുന്നത് ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. സ്വപ്നതുല്യമായ ദൃശ്യഭംഗിയും സൗന്ദര്യാത്മകമായ അവതരണവുമാണ് പുതിയ വിഡിയോയുടെ പ്രത്യേകത. ദീപ്തി വിധു പ്രതാപാണ് ഗാനത്തിന്റെ ആശയാവിഷ്കാരവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
എസ് രമേശൻ നായരുടെ വരികൾക്ക് മനു രമേശനാണ് സംഗീതം നൽകിയിരിക്കുന്നത്. ‘ഇറ്റ്‌സ് വിധു പ്രതാപ്’ ബാൻഡാണ് പുതിയ പതിപ്പിന്റെ സംഗീതാവിഷ്കാരവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. വിധു പ്രതാപ് (ഗായകൻ), നിഹാൽ ആസാദ് (ഫ്ലൂട്ടിസ്റ്റ്), ജോസി ജോൺ (ബേസിസ്റ്റ്), അബിൻ സാഗർ (ഗിറ്റാറിസ്റ്റ്), നെഖീബ് ഷാ (ഡ്രമ്മർ), ശങ്കരൻ (കീബോർഡ്സ്), ഹരികൃഷ്ണൻ (പെർക്കഷനിസ്റ്റ്), ജൂബിൻ (ബേസിസ്റ്റ്),
അമൽ രാജ് (ഡ്രമ്മർ) എന്നിവരാണ് ബാൻഡ് അംഗങ്ങൾ. ഫിനു ഫായിസ് ബാൻഡ് കോ-ഓർഡിനേഷനും മാനേജ്‌മെന്റും നിർവഹിക്കുന്നു. വിപിൻ വി. നായരാണ് ബാൻഡ് മാനേജർ. ശ്രീജേഷ് നായരാണ് അറ്റ്മോസ് മിക്സ് നിർവഹിച്ചിരിക്കുന്നത്. ജാഫർ സാദിഖ് ഛായാഗ്രഹണവും സായ് ശങ്കർ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഷെറൂഖ് കൊറിയോഗ്രഫി. അലീന രാജുവാണ് കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ്. ഗോവ ആർട്ട് ഡയറക്ടറാണ്. ട്വൽത്ത് ഒറിജിനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. മനു ഹസ്സനാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മാനിഷാദ ഇൻഡിയാണ് വിഡിയോയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates