Jayaram, Parvathy 
Entertainment

'ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്'; ജയറാമിന്റെ 'ബഡായി' പൊളിച്ച് പാര്‍വതി; തള്ളിനൊരു അവസാനമില്ലേയെന്ന് ആരാധകര്‍

അല്ലെങ്കിലും പുളുക്കഥ പറയാന്‍ ജയറാമിനെക്കഴിഞ്ഞേ ആളുള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഏത് സദസിനേയും കഥ പറഞ്ഞ് കയ്യിലെടുക്കാന്‍ ജയറാമിനുള്ള കഴിവ് പ്രശസ്തമാണ്. പൊന്നിയിന്‍ സെല്‍വന്റെ ട്രെയിലര്‍ ലോഞ്ചില്‍ മണിരത്‌നമടക്കമുള്ളവരെ അനുകരിച്ചും കഥ പറഞ്ഞും കയ്യടി നേടിയിരുന്നു ജയറാം. അതേസമയം ജയറാമിന്റെ കഥകള്‍ പലതും അദ്ദേഹം സ്വയം മെനഞ്ഞെടുത്തതാണെന്ന ആരോപണവും ശക്തമാണ്.

ജയറാം പണ്ടൊരുവേദിയില്‍ പ്രസംഗിക്കവെ പറഞ്ഞൊരുകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വേദിയില്‍ ഭാര്യ പാര്‍വതിയും മകന്‍ കാളിദാസുമുള്ളപ്പോഴായിരുന്നു ജയറാമിന്റെ കഥ. പതിവ് പോലെ കഥ കേട്ട് സദസ് പൊട്ടിച്ചിരിച്ചു. എന്നാല്‍ പിന്നാലെ വന്ന പാര്‍വതിയുടെ കൗണ്ടറില്‍ ജയറാമിന്റെ കഥയുടെ ഫ്യൂസ് പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജയറാം പറഞ്ഞ കഥ ഇങ്ങനെയാണ്:

''കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഒരു പിഷാരടി കുട്ടി. ഭരതനാട്യത്തില്‍ വലിയ ഡാന്‍സറായിരുന്നു ആ കുട്ടി. ഒരു ദിവസം കുട്ടിയുടെ ഡാന്‍സ് പരിപാടിക്കിടെ കര്‍ട്ടന്‍ വലിക്കുന്ന ഡ്യൂട്ടി എനിക്ക് തരുമോ എന്ന് ഞാന്‍ എന്‍സിസിക്കാരോട് ചോദിച്ചു. കാരണം എവിടെയെങ്കിലും ഷാരടിയുമായിട്ട് എന്തെങ്കിലും കണക്ഷന്‍ കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ.

അങ്ങനെ കര്‍ട്ടന്‍ വലിക്കാനായി ഞാനവിടെ നിന്നു. ഷാരടി ഡാന്‍സ് തുടങ്ങി. ആ ഡാന്‍സ് കഴിയുന്നത് വരെ ആ കുട്ടി എന്റെ മുഖത്തേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അതിലുള്ള ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ കര്‍ട്ടന്‍ ഇനി ജീവിതകാലത്ത് ഒരു മനുഷ്യനെ കൊണ്ടും അഴിക്കാന്‍ കഴിയാത്ത രീതിയില്‍ ഞാന്‍ ഒരു കെട്ടിട്ടു. ഡാന്‍സ് കഴിഞ്ഞ് കൈ മേലേക്കുയര്‍ത്തി ഒറ്റക്കാലിലുള്ള പോസീലാണ് ഷാരടി നിന്നത്.

കര്‍ട്ടനിടെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആര് വിചാരിച്ചാലും ആ കര്‍ട്ടനിടാന്‍ സാധിക്കില്ല. ഷാരടി അവസാനം മടുത്ത് തൊഴുതിട്ട് പോകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ആ വിവരം കെട്ട പെണ്ണ് ഒറ്റക്കാലില്‍ തുള്ളി തുള്ളിയാണ് സ്റ്റേജില്‍ പോയത്. അടുത്ത ദിവസം കോളേജില്‍ എല്ലാവരും അവരെ ഒറ്റക്കാലില്‍ നിന്ന് കളിയാക്കാന്‍ തുടങ്ങി. ഒടുവില്‍ പരീക്ഷയ്ക്ക് മുമ്പേ പഠിത്തം അവസാനിപ്പിച്ച് അവള്‍ പോയി.

അബദ്ധത്തില്‍ ഞാന്‍ ഈ കഥ ഞാന്‍ ഭാര്യയോട് പറഞ്ഞു. 25 വര്‍ഷമായി എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആ ഷാരടിയുടെ പുറകെ നടന്നതല്ലേ എന്ന് എന്നെ കളിയാക്കും''.

പിന്നാലെയാണ് പാര്‍വതി മൈക്കിന് മുമ്പിലെത്തിയത്. ജയറാം പറഞ്ഞ കഥ താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നായിരുന്നു പാര്‍വതിയുടെ മറുപടി. 'ഷാരടിയുടെ കഥ ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സത്യമായിട്ടും എനിക്കറിയില്ല. അടുത്തിരുന്ന കണ്ണന്‍ എന്നോട് ചോദിച്ചു ഇത് സത്യാണോ അമ്മാ എന്ന്. ഞാനിത് ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. എന്തായാലും നല്ലൊരു കഥ കേട്ടു. നിങ്ങള്‍ക്ക് ആസ്വദിക്കാനായി' എന്നാണ് പാര്‍വതി പറഞ്ഞത്.

ഈ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജയറാമിനെ ട്രോളിയും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്. അല്ലെങ്കിലും പുളുക്കഥ പറയാന്‍ ജയറാമിനെക്കഴിഞ്ഞേ ആളുള്ളൂവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇമ്മാതിരി ബഡായി വീരന്‍ ഭര്‍ത്താക്കന്മാര്‍ കാരണം നാണംകെടുക ഭാര്യമാരാണെനനും പാര്‍വതിയ്ക്കാണ് കയ്യടിക്കേണ്ടതെന്നും മറ്റ് ചിലര്‍ പറയുന്നു. അതേസമയം ഇതേ കഥ ഇനി മുകേഷും രമേഷ് പിഷാരടിയും പേര് മാറ്റി അവതരിപ്പിക്കുമെന്നും ചിലര്‍ പറയുന്നു.

Parvathy calls out Jayaram's funny story to make audience laugh. Old video gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

ചെറിയ ഇടം, വലിയ മാറ്റം; ഇൻഡോർ ഗാർഡനിങ്ങിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...

'മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും ഈ വർഷം എന്നെ പഠിപ്പിച്ചു'; പുത്തൻ വിശേഷവുമായി സാമന്ത

'എന്താ ല്ലേ, മെസി...' മറ്റാര്‍ക്കും ഇല്ല, ഈ 4 റെക്കോര്‍ഡുകള്‍!