കാന്താരയുടെ രണ്ടാം വരവും കയ്യടി നേടുകയാണ്. കേരളമടക്കം സിനിമ റിലീസ് ചെയ്തിടത്തെല്ലാം ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ഋഷഭ് ഷെട്ടിയുടെ പ്രകടനവും സംവിധാനവുമെല്ലാം പ്രശംസിക്കപ്പെടുന്നുണ്ട്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം കാന്താര ചാപ്റ്റര്‍ 1 തിരുത്തിക്കുറിക്കുമെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
കാന്താര ചാപ്റ്റര്‍ 1 ല്‍ നായികയായി എത്തുന്നത് രുക്മിണി വസന്താണ്. സമീപകാലത്തായി തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ പേരുകളിലൊന്നാണ് രുക്മിണി വസന്തിന്റേത്. കന്നഡയിലൂടെ ശ്രദ്ധിക്കപ്പെട്ട രുക്മിണി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി. ഇപ്പോഴിതാ കാന്താര ചാപ്റ്റര്‍ 1ലൂടെ കന്നഡയിലൂടെ മടങ്ങിയെത്തിയിരിക്കുന്നു.
കേരളത്തിലും ആരാധകരുണ്ട് രുക്മണിയ്ക്ക്. സപ്തസാഗരദാച്ചേ എല്ലോയിലൂടെയാണ് രുക്മിണി മലയാളി ആരാധകരുടെ ശ്രദ്ധ നേടുന്നത്. കാന്താരയിലൂടെ ഒരിക്കല്‍ കൂടി മലയാളികളുടെ കയ്യടി നേടുകയാണ് രുക്മിണി. എന്നാല്‍ രുക്മിണിയെ മലയാളികള്‍ മുമ്പും കണ്ടിട്ടുണ്ട്. അത് പക്ഷെ പലര്‍ക്കും ഇന്നും ഓര്‍മകാണില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പരസ്യ ചിത്രത്തിലൂടെയാണ് രുക്മിണി മലയാളികളുടെ മുന്നിലെത്തുന്നത്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മലയാളം അനുഭവം രുക്മണി വസന്ത് പങ്കുവെക്കുന്നുണ്ട്. ''മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു പരസ്യം ചെയ്തിരുന്നു. മലബാര്‍ ഗോള്‍ഡിന്റെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ എന്ന പരസ്യം. ആ സമയത്ത് ഞാന്‍ അഭിനയിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. ആ പരസ്യത്തിലെ മുഖം ഞാനായിരുന്നുവെന്ന് പലരും ശ്രദ്ധിച്ചു കാണില്ല. പക്ഷേ, മലയാളി പ്രേക്ഷകര്‍ എന്നും നല്ല കണ്ടന്റിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ്. മികച്ച അഭിനേതാക്കളാല്‍ സമ്പന്നമാണ് മലയാളം ഇന്‍ഡസ്ട്രി. അതുകൊണ്ട് അവരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ സന്തോഷം'' എന്നാണ് രുക്മിണി പറയുന്നത്.
സപ്തസാഗരദാച്ചേ എല്ലോയിലെ പ്രകടനം കണ്ടാണ് ഋഷഭ് ഷെട്ടി രുക്മിണിയെ കാന്താര ചാപ്റ്റര്‍ 1ലെ നായികയാക്കുന്നത്. കാന്താര തനിക്ക് ലഭിച്ച സര്‍പ്രൈസ് ആണെന്നാണ് രുക്മിണി പറയുന്നത്. 'ഋഷഭ് സര്‍ എന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ച 'സപ്തസാഗരദാച്ചേ എല്ലോ'യുടെ നായകനും സംവിധായകനും കഥാകൃത്തുമെല്ലാം റിഷഭ് സാറിന്റെ സുഹൃത്തുക്കളാണ്. ആ സിനിമയിലെ പ്രകടനം തന്നെയാണ് എന്നിലെ അഭിനേത്രിയെ ശ്രദ്ധിക്കാന്‍ കാരണമായതും. അദ്ദേഹം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചതും'' രുക്മിണി പറയുന്നു.
'കാന്താര' തിയറ്ററില്‍ കണ്ട സമയത്ത് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുമെന്ന് ചിന്തിച്ചിട്ടു കൂടെയില്ല. ആ സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്നു പോലും അന്ന് അറിയില്ലല്ലോ. ഒരു നല്ല സിനിമ ആസ്വദിക്കുന്ന സന്തോഷമായിരുന്നു അപ്പോഴെന്നും രുക്മിണി പറയുന്നു. വേറൊന്നും മനസ്സില്‍ ഇല്ല. അതുകൊണ്ടു തന്നെ കരിയറില്‍ വന്ന ഈ അവസരം വലിയൊരു സര്‍പ്രൈസ് ആയിരുന്നുവെന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates