മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷറഫുദ്ദീൻ. ഇപ്പോഴിതാ ഷറഫുദ്ദീൻ പങ്കുവച്ചിരിക്കുന്ന രസകരമായൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കടുവക്കൂട്ടിൽ കയറി കടുവകൾക്ക് ‘താക്കീത്’ നൽകുകയാണ് ഷറഫുദ്ദീൻ. ഇനി മേലാൽ ചാടിപ്പോവരുതെന്നും എപ്പോഴും താനുണ്ടായെന്ന് വരില്ലെന്നും ഷറഫുദ്ദീൻ കടുവകളോട് പറയുന്നു.
കടുവക്കൂട്ടിൽ കയറി മാസ് കാണിച്ച ഷറഫുദ്ദീന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഷറഫുദ്ദീൻ തന്നെയാണ് രസകരമായ വിഡിയോ പങ്കുവച്ചത്. കൂട്ടിനകത്ത് കയറി രണ്ട് കടുവകളോട് വർത്തമാനം പറയുന്ന ഷറഫുദ്ദീനെ വിഡിയോയിൽ കാണാം. കടുവകളെ സുരക്ഷിതമായി കെട്ടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഷറഫുദ്ദീന്റെ പ്രകടനം.
കൂട്ടത്തിലൊരു കടുവയുടെ ദേഹത്ത് തട്ടിക്കൊണ്ട് ‘ടാ ചെറുക്കാ... ഇനി മേലാൽ ചാടിപ്പോവരുത്. എനിക്ക് എപ്പോഴും പിടിച്ചു കൊടുക്കാനാവില്ല’ എന്ന് ഷറഫുദ്ദീൻ പറയുന്നു. കൂട്ടത്തിലെ രണ്ടാമത്തെ കടുവയെയും ഷറഫുദീൻ താക്കീത് ചെയ്യുന്നുണ്ട്. ഒടുവിൽ രണ്ട് കടുവകളെയും തലോടിക്കൊണ്ട്, ‘നന്നായിട്ടിരിക്ക്’ എന്ന് പറഞ്ഞുകൊണ്ടാണ് ഷറഫുദ്ദീൻ കൂട് വിടുന്നത്. രസകരകമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആരാധകർ കുറിക്കുന്നത്.
‘അതൊന്ന് ഗർജിച്ചാൽ ഇപ്പോൾ കാണാം ഓട്ടം’ എന്നാണ് ഒരാൾ തമാശരൂപേണ കുറിച്ചത്. ‘പ്രേമം’ സിനിമയിലെ ഷറഫുദ്ദീന്റെ ഡയലോഗും ആരാധകർ കമന്റായി കുറിക്കുന്നുണ്ട്. അതേസമയം ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates