Shajikumar, Sidhu Panakkal  
Entertainment

'ഞാന്‍ വരും, ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍'; മരിക്കുന്നതിന് 14 മണിക്കൂര്‍ മുമ്പ് കണ്ടപ്പോഴും വിരല്‍ അമര്‍ത്തി ഷാജി പറഞ്ഞത്: സിദ്ധു പനയ്ക്കല്‍

ലാലേട്ടന്‍ ഷാജിയെ കാണാന്‍ എത്തിയ മുഹൂര്‍ത്തം വികാരനിര്‍ഭരമായിരുന്നു. ഷാജിയുടെ നിര്‍ജീവമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോള്‍ ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിനെ അനുസ്മരിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. ഷാജികുമാറിന്റെ അന്ത്യയാത്രയെക്കുറിച്ച് വൈകാരികമായൊരു കുറിപ്പാണ് സിദ്ധു പങ്കുവച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍, അതിമനോഹരം സിനിമകളെക്കുറിച്ച് ഷാജികുമാറിനുണ്ടായ പ്രതീക്ഷകളെക്കുറിച്ചും സിദ്ധു പറയുന്നുണ്ട്. ഷാജികുമാറിനെ അവസാനമായി കാണാനെത്തിയ മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും കുറിച്ചും അദ്ദേഹം എഴുതുന്നു. ആ വാക്കുകളിലേക്ക്:

ഒരു കൊച്ചുകുഞ്ഞ് തൊട്ടിലില്‍ കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. തുടുത്ത കവിളുകള്‍, തിളങ്ങുന്ന കണ്ണുകള്‍, പാല്‍ പുഞ്ചിരി പോലെയുള്ള നനുത്ത ചിരിയോടെ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് വിരലില്‍ പിടിച്ചൊരു അമര്‍ത്തലിലൂടെയുള്ള ഉറപ്പും.ഷാജിയെ അവസാനം സുരേഷേട്ടനോടും മാത്യുസ് തോമസിനോടുമൊപ്പം ഐസിയുവില്‍ കയറി കണ്ടപ്പോള്‍ ആണ് ഈ അനുഭവം.

അത്ഭുതദ്വീപ്, നരന്‍, ബാബാ കല്യാണി, മോഹന്‍ലാല്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ഒറ്റക്കൊമ്പന്‍ തുടങ്ങിയ സിനിമകളാണ് ഞാന്‍ ഷാജിയോടൊപ്പം വര്‍ക്ക് ചെയ്തത്.

തിരുവനന്തപുരത്ത് ഒറ്റക്കൊമ്പന്‍ സിനിമയുടെ ലൊക്കേഷന്‍ നോക്കാന്‍ ഒക്ടോബര്‍ അവസാനം വന്ന് തിരിച്ച് പോകാന്‍ കാറില്‍ കയറുമ്പോള്‍ ഡയറക്ടര്‍ മാത്യൂസ് തോമസിനോടും, അസോസിയേറ്റുമാരായ വിനയനോടും, ദീപക്കിനോടും എന്നോടുമായി ഷാജി പറഞ്ഞു. അടുത്ത ആഴ്ച ദിലീപിന്റെ പുതിയ പടം തുടങ്ങും നമ്മുടെ ഡേറ്റ് ആകുമ്പോള്‍ ഒരാഴ്ച മുമ്പ് അറിയിച്ചാല്‍ മതി ദിലീപിന്റെ പടത്തിന് മറ്റൊരു DOP യെ ഏര്‍പ്പാടാക്കിയിട്ട് ഞാന്‍ വരും. ഈ പടം എനിക്കുതന്നെ ചെയ്തു തീര്‍ക്കണം.

മാത്യൂസ് തോമസ് ഇന്നലെ മുഴുവന്‍, ബോഡി ചിതയിലേക്ക് എടുക്കും വരെ ഷാജിയോടൊപ്പം തന്നെയായിരുന്നു. ഒപ്പം തന്നെ ദുഃഖം ഘനീഭവിച്ച മുഖത്തോടെ അതിമനോഹരം എന്ന പടത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും.

തന്റെ ആദ്യ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച ഷാജിയേട്ടന്റെ ചലിക്കാത്ത ശരീരത്തിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു മാത്യു തോമസ് എന്ന ഒറ്റക്കൊമ്പന്‍ ഡയറക്ടര്‍ ഒരുപാട് നേരം.

തുടരും എന്ന സിനിമ മനോഹരമായി ചിത്രീകരിച്ച ഷാജിയുമായുള്ള ചലച്ചിത്രയാത്ര അതിമനോഹരത്തിലും തുടര്‍ന്ന തരുണ്‍മൂര്‍ത്തി ഇനിയും ആ കോമ്പിനേഷന്‍ തുടരും എന്ന് കരുതിയിരിക്കുമ്പോഴാണ് വലിയ സംവിധായകന്‍ ഷാജിയുടെ യാത്രയ്ക്ക് കട്ടുപറഞ്ഞത്.

ലാലേട്ടന്‍ ഷാജിയെ കാണാന്‍ എത്തിയ മുഹൂര്‍ത്തം വികാരനിര്‍ഭരമായിരുന്നു. തന്റെ നിരവധി വിജയ ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ഷാജിയുടെ നിര്‍ജീവമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോള്‍ ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു.

മന്ത്രിയുടെ ചുമതലകളും ഒരു എംപി എന്ന നിലയിലുള്ള ചുമതലകളും നിര്‍വഹിക്കുന്നതിനിടയ്ക്ക് അപൂര്‍വമായി കണ്ടെത്തുന്ന തന്റെ ഡേറ്റുകള്‍ പാഴായി പോകുന്നത് പോലും കണക്കാക്കാതെ ഒറ്റക്കൊമ്പന്‍ ഷൂട്ടിംഗ് പ്ലാനിങ്ങിനിടയ്ക്ക് ഷാജിക്ക് ക്ലാഷ് വന്നപ്പോള്‍ ഷാജി വന്നിട്ട് മതി ഷൂട്ടിംഗ് എന്ന് നിര്‍ബന്ധം പിടിച്ചു സുരേഷ് ഗോപി ചേട്ടന്‍. താന്‍ തന്നെ ഈ സിനിമ ചെയ്യണം എന്ന് ഷാജിക്കും നിര്‍ബന്ധമായിരുന്നു. അതിരാവിലത്തെ ഫ്‌ലൈറ്റില്‍ ഡല്‍ഹിയില്‍ അതിപ്രധാനമായ ഒരു മീറ്റിങ്ങിനു പോകാനിരുന്ന സുരേഷേട്ടന്‍ യാത്ര ക്യാന്‍സല്‍ ചെയ്തു ഷാജിയെ കാണാന്‍ എത്തി.

അര്‍ദ്ധരാത്രി മരണവിവരം അറിഞ്ഞപ്പോള്‍, ഹോസ്പിറ്റല്‍ മുതല്‍ പിറ്റേന്ന് വൈകിട്ട് ഷാജി യാത്രയാകുന്നത് വരെ ആന്റണി പെരുമ്പാവൂരും ദിലീപും ഗോകുലം കൃഷ്ണമൂര്‍ത്തിയും ഒപ്പം ഉണ്ടായിരുന്നു കാരണം അത്രമാത്രം എല്ലാവര്‍ക്കും പ്രിയപ്പെട്ട ആളായിരുന്നു ഷാജി. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് സംഘടനാ നേതാവ് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും B ഉണ്ണികൃഷ്‌ണേട്ടനും ഒപ്പം നിന്നു.

ഒരിക്കലെങ്കിലും ഷാജിയുടെ സിനിമയാത്രയില്‍ പങ്കെടുത്തിട്ടുള്ള താരങ്ങള്‍ എല്ലാവരും തന്നെ ഷാജിയുടെ അവസാന യാത്രയിലും പങ്കെടുത്തു. ടെക്‌നീഷ്യന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ഷാജിയെ അവസാനമായി ഒന്ന് കാണാന്‍.

ഒറ്റക്കൊമ്പന്‍ എനിക്ക് തന്നെ പൂര്‍ത്തിയാക്കണം എന്നാണ് ഷാജി അവസാനം നേരില്‍ പറഞ്ഞു പിരിഞ്ഞത്. മരിക്കുന്നതിന് 14 മണിക്കൂര്‍ മുമ്പ് നേരില്‍ കണ്ടപ്പോള്‍ വിരല്‍ അമര്‍ത്തി പറഞ്ഞതും ഞാന്‍ വരും ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ എന്ന് തന്നെയാണ്.

മിനിഞ്ഞാന്ന് രാത്രി മുതല്‍ ഞങ്ങളുടെ യൂണിയന്‍ പ്രസിഡന്റായ ബാദുഷയും സെക്രട്ടറിയായ ഷിബു ജി സുശീലനും ജോയിന്‍ സെക്രട്ടറിയായ ഷാജി പട്ടിക്കരയും ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും തന്നെ എല്ലാ കാര്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. റീത്തു വയ്ക്കുമ്പോഴും പൊതുപ്രദര്‍ശനത്തിലും വീട്ടില്‍ അവസാനത്തെ ചടങ്ങ് നടക്കുമ്പോഴും ഞാന്‍ കുറച്ച് പിന്നില്‍ തന്നെയാണ് നിന്നത്.

ഷാജി നിശബ്ദനായി കിടക്കുന്നത് കാണാന്‍ എനിക്കിഷ്ടമല്ലായിരുന്നു. ഒരു കൊച്ചു കുഞ്ഞ് തൊട്ടിലില്‍ കിടക്കുന്നതുപോലെ തുടുത്ത കവിളുകളോടെ തിളങ്ങുന്ന കണ്ണുകളോടെ പാല്‍ പുഞ്ചിരി പോലെ നനുത്ത ചിരിയോടെ ഷാജിയെ അവസാനമായി ജീവനോടെ കണ്ട ആ ചിത്രം ഓര്‍മ്മയില്‍ അവശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

Production controller Sidhu Panakkal gets emotional as he talks about the final moments of Shajikumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

15 ലക്ഷം പേര്‍ക്ക് കൂടി വായ്പ, 9000 കോടി രൂപ അനുവദിച്ചു; മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹണി ട്രാപ്പ് കേസിലും പ്രതി

നിര്‍മ്മാണ മേഖലയ്ക്ക് കരുത്തേകും; ആദ്യ തദ്ദേശീയ ഹെബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിങ് സാങ്കേതികവിദ്യ പുറത്തിറക്കി

'സദ്യയ്ക്ക് പപ്പടം കൊടുത്തിട്ടില്ല, പിന്നെയാ ജടായു'; ജടായു വീണത് കൊല്ലത്തോ ആന്ധ്രയിലോ? 'ക്ലെയിമു'മായി തമിഴ്‌നാടും!