Manju Warrier and Sidhu Panakkal 
Entertainment

'സല്ലാപത്തില്‍' നായികയാകേണ്ടിയിരുന്നത് ആനി; ആ കവര്‍ ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ ജീവിതം മാറി മറിഞ്ഞു; മലയാള സിനിമയും..!

മഞ്ജുവാര്യരായി വന്ന് രാധയായി തിരിച്ചുപോയി മഞ്ജു.

സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യരുടെ കരിയറിലെ നിര്‍ണായക ചിത്രമാണ് സല്ലാപം. എന്നാല്‍ നടി ആനിയായിരുന്നു ആദ്യം രാധയാകേണ്ടിയിരുന്നത്. ചിത്രത്തിലേക്ക് നായികയായി മഞ്ജു വാര്യര്‍ എത്തിയ കഥ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. തിരക്കഥയുടെ അവസാനത്തേക്ക് എത്തിയപ്പോള്‍ ആനി കഥാപാത്രത്തിന് ചേരില്ലെന്ന് മനസിലാക്കിയതോടെയാണ് ലോഹി മറ്റൊരു നായികയെ തേടി ഇറങ്ങിയത്. ആ വാക്കുകള്‍ വായിക്കാം:

എല്ലാവര്‍ക്കും ശുഭദിനം. മലയാള സിനിമാ ലോകത്തെ ഒരു വലിയ താരത്തിന്റെ ഉദയത്തെ കുറിച്ചും ആ സിനിമയുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ കണ്‍ട്രോളര്‍ സിദ്ധു ആയിരിക്കും ഇത് സുന്ദര്‍ദാസിന്റെ വാക്കാണ്. മാലയോഗം പടത്തില്‍ സിബിമലയില്‍ സാറിന്റെ അസിസ്റ്റന്റ് ആയി വര്‍ക് ചെയ്യുവാന്‍ വന്ന സുന്ദരം, പരിചയപ്പെട്ടു കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പറഞ്ഞ വാക്കാണ് മുകളില്‍ .

ഞാന്‍ അന്ന് സെവന്‍ ആര്‍ട്‌സ് മോഹനേട്ടന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുകയാണ്. ലോഹി സാറിന്റെയും കിരീടം ഉണ്ണിയേട്ടന്റെയും ഉത്സാഹത്തില്‍ സംവിധാനം ചെയ്യാനുള്ള ഓഫര്‍ വന്നപ്പോള്‍ ഞാന്‍ അതിന് ആയിട്ടില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ആളാണ് സുന്ദരം. തനിക്കതു പറ്റും എന്ന ഗുരുനാഥന്‍ സിബിസാറിന്റെ ഉറപ്പിലാണ് സുന്ദരം സംവിധാനം ചെയ്യാന്‍ തയ്യാറായത്.

ആ കാലത്ത് ലോഹിസാര്‍ എഴുതുന്ന സിനിമകളുടെ സെറ്റില്‍ വെച്ചാണ് അന്ന് സല്ലാപം എന്ന് പേരിട്ടിട്ടില്ലാത്ത ആ സിനിമയുടെ വളര്‍ച്ച തുടങ്ങുന്നത്. സാദരം എന്ന ഉണ്ണിയേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സ്‌ക്രിപ്റ്റ് ലോഹിസാര്‍. സംവിധാനം ജോസ്‌തോമസ് , അസ്സോസിയേറ്റ് ഡയറക്ടര്‍ സുന്ദര്‍ദാസ്. ആ സെറ്റില്‍ ഒരു കലാകൗമുദിയുടെ കവര്‍ പേജ് കണ്ടു . കലാതിലകം മഞ്ജുവാര്യരുടെ.

അത് കണ്ട ലോഹിസാര്‍ തന്റെ ചില നാടന്‍ കഥാപാത്രങ്ങള്‍ പോലെ ഉണ്ടല്ലോ ഈ കുട്ടി എന്ന് പറയുകയും ചെയ്തു. ആ സെറ്റിലും സുന്ദരത്തിന്റെ സിനിമയുടെ ചില ചര്‍ച്ചകള്‍ നടന്നുപോകുന്നുണ്ട്. സല്ലാപത്തിന്റെ കഥയുടെ ചില വിശദാംശങ്ങള്‍ ആയ സമയത്ത് ലോഹി സാറും സുന്ദരവും ഷൊര്‍ണുരില്‍ ഒരു സിനിമ കാണാന്‍ പോയി. സംവിധായകന്‍ കരീമിന്റെ 'ഏഴരക്കൂട്ടം'. പടം കണ്ടിറങ്ങിയ ലോഹിസാര്‍ സല്ലാപത്തിലെ ഒരു പ്രധാന കഥാപാത്രമായ ശശികുമാറിനെ ആ അരയില്‍ -ദിലീപില്‍ കണ്ടെത്തി. സുന്ദരം വാക്ക് പറഞ്ഞപോലെ കണ്‍ട്രോളര്‍ ആയി എന്നെ തീരുമാനിച്ചു.

സല്ലാപത്തിലെ ദിവാകരന്‍ എന്ന കഥാപാത്രം ഉരുത്തിരിഞ്ഞപ്പോള്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നു. മനോജ് k ജയനും, ബിജു മേനോനും. മനോജിനെ ബന്ധപ്പെട്ടു. പുള്ളിക്ക് സമ്മതം. പക്ഷെ ഞങ്ങളുടെ ഡേറ്റ് തുടങ്ങാനിനിരിക്കുന്ന മനോജിന്റെ മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആകുമോ എന്ന സംശയം. അവരുടെ പക്കാ ഡേറ്റ് ആയിട്ടില്ല. ലോഹി സാറിന്റെ സ്‌ക്രിപ്റ്റ് ആയതുകൊണ്ട് ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയില്‍ മനോജ്. സുന്ദരത്തിന്റെ ആദ്യ പടമല്ലേ ക്ലാഷുകള്‍ പാടില്ല. ബിജുമേനോനെ സമീപിക്കാന്‍ തീരുമാനിച്ചു.

ബിജുമേനോനും ഞാനും നല്ല ബന്ധമാണ്. ബിജുവിന്റെ ആദ്യ സിനിമ പുത്രന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ഞാനായിരുന്നു. ഞാനും സുന്ദരവും ഗുരുവായൂര്‍ വന്നു. അവിടെ അന്ന് രാജസേനന്‍ സാറിന്റെ സത്യഭാമക്കൊരു പ്രേമലേഖനം എന്ന പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ബിജുമേനോനാണ് ഹീറോ. ബിജുവിനോട് കാര്യം പറഞ്ഞു. ബിജുവിനും സന്തോഷം. പക്ഷെ സേനന്‍ സാറിന്റെ പടം കഴിഞ്ഞാല്‍ ഉടന്‍ ഹരിഹരന്‍ സാറിന്റെ പടം തുടങ്ങുമെന്നും. ആ പടത്തിന് കുറച്ച് ദിവസം കൂടുതല്‍ വേണം എന്ന് ബിജു പറഞ്ഞു.

ഞങ്ങള്‍ മടങ്ങി. എന്നാല്‍ അന്ന് ബിജു പറഞ്ഞ ബിജു നായകനായ ആ ഹരിഹരന്‍ സാര്‍ പടം ഇതുവരെ തുടങ്ങിയിട്ടില്ല എന്നതൊരു സത്യം. അതിനിടക്ക് മനോജിന്റെ ഡേറ്റ് പ്രശ്‌നം തീരുകയും സല്ലാപത്തിന് ആവശ്യമുള്ള ഡേറ്റ് തരികയും ചെയ്തു. രാധയായി ആനിയെയും ഫിക്‌സ് ചെയ്തു. ലോഹിസാര്‍ ആനിയുടെ അങ്കിളുമായി സംസാരിച്ചു . കഥയും കഥാപാത്രങ്ങളും ലോഹിസാറിന്റെ മനസ്സില്‍ കൂടുതല്‍ മിഴിവോടെ വളര്‍ന്നുവരും തോറും തന്റെ രാധക്ക് പറ്റുന്ന രൂപമല്ല ആനിക്ക് എന്ന് ലോഹിസാറിന് മനസിലായിതുടങ്ങി.

അപ്പോഴാണ് ലോഹിസാറിന്റെ മനസിലേക്ക് ആ കവര്‍പേജ് വീണ്ടും കടന്ന് വരുന്നത്. സാദരം പടത്തിന്റെ സെറ്റില്‍ കണ്ട കവര്‍പേജ്. കിരീടം ഉണ്ണിയേട്ടന്‍ അത് സൂക്ഷിച്ചു വെച്ചിരുന്നു. അന്ന് കണ്ണൂര്‍ മേലെചൊവ്വയില്‍ (അതോ ഇടചൊവ്വയോ) താമസമായിരുന്നു മഞ്ജുവിന്റെ കുടുംബം.അവിടെ ഒരു ഫൈനാന്‍സ് കമ്പനിയില്‍ മാനേജര്‍ ആയിരുന്നു മഞ്ജുവിന്റെ അച്ഛന്‍ മാധവേട്ടന്‍. ഒരു പിപി നമ്പറില്‍ വിളിച്ച് ഇങ്ങനെ ഒരു ടീം അങ്ങോട്ട് വരുന്നുണ്ട് എന്ന് അവരെ അറിയിച്ചു.

പിന്നീട് ഡയറക്ടര്‍ ആയ തോമസുകുട്ടി ( തോമസ് സെബാസ്റ്റിയന്‍)തോമസുകുട്ടി അന്ന് സിബിസാറിന്റെ അസിസ്റ്റന്റ് ആണ്. സുധീഷ് ശങ്കര്‍ എന്നിവരോടൊപ്പം സുന്ദരം മഞ്ജുവിനെ കാണാന്‍ പോയി. പെണ്ണ് കാണാന്‍ ചെല്ലുന്ന ഒരുക്കങ്ങള്‍ പോലെ പലഹാരങ്ങളും മറ്റും.. എന്നാണ് സുന്ദരം അതേപ്പറ്റി പിന്നീട് പറഞ്ഞത്. സ്വാഭാവീകമായ മഞ്ജുവിന്റെ ചില ചലനങ്ങളും, സംസാരങ്ങളും, ചിരിയും എല്ലാം അന്ന് വിഡിയോയില്‍ ഷൂട്ട് ചെയ്തു. ലോഹിസാറും, ഉണ്ണിയേട്ടനും, സിബിസാറും അത് കണ്ടു.

'ഇതുതന്നെ രാധ ' എന്ന് തീരുമാനമായി. എന്നാലും നേരിട്ട് ഒന്ന് കാണാന്‍ ലോഹിസാര്‍ തീരുമാനിച്ചു. തോമസുക്കുട്ടിയെ വിട്ട് മഞ്ജുവിന്റെ അളവ് ഡ്രെസ്സുകള്‍ കൊണ്ടുവന്നു. ഡ്രസ് റെഡി ആയ ശേഷം മഞ്ജുവിനെ ഷൊര്‍ണുര്‍ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തി. ഇപ്പോഴത്തെ പ്രശസ്ത സംവിധായാകന്‍ ബ്‌ളസി ആണ് അന്ന് സുന്ദരത്തിനെ അസോസിയേറ്റ് ഡയറക്ടര്‍. മാധവേട്ടനും മാധവേട്ടന്റെ ഒരു സുഹൃത്തും മഞ്ജുവും കൂടിയാണ് വന്നത്. നടന്നുവരുന്നതും ഓടി വരുന്നതും വിഡിയോയില്‍ പകര്‍ത്തി. ഞാനും ലോഹിസാറിന്റെ അന്നത്തെ ഒരു സഹായി സന്തോഷുമാണ് അന്ന് മഞ്ജുവിന്റെ കൂടെ നടന്നു അഭിനയിച്ചത്. നടന്നുള്ള സംസാരമൊക്കെ ഷൂട്ട് ചെയ്യാന്‍.

'തള്ളേനെ ഞാന്‍ എങ്ങിനെയാ വീഴ്ത്തിനറിയോ നാലു പരിപ്പ് വടേം ഒരുകെട്ട് പുകയിലേം എന്ന ഡയലോഗ് ഒക്കെ പറഞ്ഞു നന്നായി അഭിനയിച്ചു മഞ്ജു. മഞ്ജു കുറച്ച് ഉയരം കൂടുതലാണോ എന്ന സംശയത്തില്‍ ദിലീപിനെ വരുത്തി ഷൊര്‍ണുര്‍ ഗസ്റ്റ്‌ഹൌസ് സിന്റെ ബാല്‍ക്കണിയില്‍ ഉണ്ണിയേട്ടന്റെയും സുന്ദര്‍ദാസിന്റെയും സാന്നിധ്യത്തില്‍ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് പോസുചെയ്യിപ്പിക്കുമ്പോള്‍, രണ്ടുപേരെയും ജീവിതത്തിലേക്കാണ് ലോഹിസാര്‍ ചേര്‍ത്ത് നിര്‍ത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായിക്കാണില്ല.(പിന്നീട് ആ ബന്ധം തകര്‍ന്നത് സങ്കടത്തോടെ കണ്ടവരാണ് ഞങ്ങള്‍ )

മഞ്ജുവാര്യരായി വന്ന് രാധയായി തിരിച്ചുപോയി മഞ്ജു. സല്ലാപത്തിനു മുന്‍പ് സാക്ഷ്യം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട് മഞ്ജുവാര്യര്‍. നായികയായി തീരുമാനിച്ച ശേഷം ഞാനും സുന്ദരവും മദ്രാസില്‍ AVM SOUND &LIGHT എന്ന ഡബ്ബിങ് തീയേറ്ററില്‍ സാക്ഷ്യത്തിന്റെ ഡബ്ബിങ് നടക്കുന്നുണ്ടെന്നറി ഞ്ഞു അവിടെ ചെന്നു. മഞ്ജു അഭിനയിച്ച സീന്‍ കാണാന്‍ പറ്റുമോ എന്നറിയാന്‍. അന്ന് വൈകീട്ട് തിരിച്ചു പോകേണ്ട ഒരാര്‍ട്ടിസ്റ്റിന്റെ ഡബ്ബിങ് തിരക്കിട്ടു നടക്കുന്നതിനാല്‍ അന്ന് ഞങ്ങള്‍ക്കതിനു സാധിച്ചില്ല.

സല്ലാപത്തിനു ശേഷം ക്രമേണ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു മഞ്ജു. ഇടവേളക്കു ശേഷം തിരിച്ചു വന്നപ്പോഴും ആ സ്ഥാനം പൂര്‍വാധികം ശക്തിയോടെ നിലനിര്‍ത്താനായി മഞ്ജുവിന്. ആ കാലത്ത് സല്ലാപം, സമ്മാനം, കുടമാറ്റം, തിരകള്‍ക്കപ്പുറം, കന്മദം എന്നീ സിനിമകള്‍ അവരോടൊപ്പം വര്‍ക്ക് ചെയ്തു.

തിരിച്ചുവരവില്‍ മോഹന്‍ലാല്‍, ലൂസിഫര്‍, കുഞ്ഞാലിമരക്കാര്‍, പ്രതി പൂവന്‍കോഴി,എമ്പുരാന്‍ എന്നീ സിനിമകളും. മഞ്ജുവിന്റെ കുടുംബവും എന്റെ കുടുംബവും തമ്മിലും നല്ല ബന്ധത്തിലാണ്. മാധവേട്ടന്‍ ഉള്ളപ്പോഴും മാധവേട്ടന്‍ പോയ ശേഷവും ആ ബന്ധം ദൃഢമായി തുടരുന്നു. ദിലീപിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയാണ് സല്ലാപം. കലാഭവന്‍ മണി എന്ന താരോദയത്തിനും സല്ലാപം സാക്ഷ്യം വഹിച്ചു. തനിക്കതു പറ്റും എന്ന സിബിസാറിന്റെ വാക്ക് ആ വര്‍ഷം സംസ്ഥാന സര്‍ക്കാരും ശരിവെച്ചു.

പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സല്ലാപത്തിലൂടെ നേടിയെടുത്തു സുന്ദര്‍ദാസ്. ഇങ്ങിനെ എത്ര പേരാണ് സിനിമാലോകത്തിലേക്ക് കടന്നു വന്നു നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളത്..

Production controller Sidhu Panakkal recalls how Manju Warrier was casted in Sallapam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

'അവന്തിക എന്തിന് എന്നെപ്പോലെ ആകണം, അവൾക്ക് അവളുടേതായ സ്റ്റൈലുണ്ട്'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഖുശ്ബു

'പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശമെന്തെന്ന് കണ്ടെത്തണം'; പൊലീസില്‍ പരാതി നല്‍കി പ്രതാപന്‍

കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

SCROLL FOR NEXT