സ്ലേവ്‌സ് ഓഫ് ദ എംപയര്‍ ചിത്രത്തില്‍ നിന്ന് ( Slaves of the Empire)  Visuals from Film
Entertainment

സ്ലേവ്‌സ് ഓഫ് ദ എംപയര്‍: കൊളോണിയല്‍ കാലത്തെ ഫോര്‍ട്ട് കൊച്ചിയും ധോബി ഘാനയിലെ അലക്കുതൊഴിലാളി ജീവിതവും; രാജേഷ് ജെയിംസ് - അഭിമുഖം

ധോബി ഘാനയില്‍ വസിക്കുന്നവരുടെ പൂര്‍വികര്‍ തമിഴ്‌നാട്ടിലെ വണ്ണാര്‍ സമുദായക്കാരാണ്. 1700 കാലഘട്ടത്തില്‍ ഡച്ചുകാരാണ് തങ്ങളുടെ വീട്ടുജോലിക്കായി ഇവരെ കൊച്ചിയിലെ മണ്ണിലേക്ക് പറിച്ചു നട്ടത്.

റോണി കുര്യാക്കോസ്

27-ാമത് യു കെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ലണ്ടനില്‍ തിരശ്ശീല വീണത് മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ടാണ്. കൊച്ചി സ്വദേശിയായ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സ്ലേവ്‌സ് ഓഫ് ദ എംപയര്‍ ( Slaves of the Empire) മേളയിലെ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. കോളനി കാലത്തെ ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമായുള്ള ചിത്രം ധോബി ഘാനയിലെ അലക്കുതൊഴിലാളികളുടെ ദുരിത ജീവിതത്തിലേക്കാണ് മിഴിതുറക്കുന്നത്. കാലങ്ങള്‍ ഏറെ പിന്നിട്ടിട്ടും ജീവിതഗതിയില്‍ യാതൊരു മാറ്റവും സംഭവിക്കാത്ത ഒരു സമൂഹത്തിനു നേരെ തുറന്നുവച്ച കണ്ണാടിയാണ് 50 മിനുട്ട് നീളുന്ന ഈ ഡോക്യുമെന്ററി.

ധോബി ഘാനയില്‍ അധിവസിക്കുന്നവരുടെ പൂര്‍വികര്‍ തമിഴ്‌നാട്ടിലെ വണ്ണാര്‍ സമുദായക്കാരാണ്. 1700 കാലഘട്ടത്തില്‍ ഡച്ചുകാരാണ് തങ്ങളുടെ വീട്ടുജോലിക്കായി ഇവരെ കൊച്ചിയിലെ മണ്ണിലേക്ക് പറിച്ചു നട്ടത്. പരമ്പരാഗതമായി അലക്കുജോലിയായിരുന്നു ഇവരുടെ കുലത്തൊഴിലില്‍. വിദേശശക്തികള്‍ നാടുവിട്ട് പോയിട്ട് കാലങ്ങളായെങ്കിലും ധോബി ഘാന പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും നിലകൊള്ളുന്നു. ധോബി ഘാന എന്നറിയപ്പെടുന്ന അലക്കു തൊഴിലാളികള്‍ക്കായുള്ള ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ജിഡിസിഎ തുടക്കം കുറിച്ചിട്ട് 2025ല്‍ 50 വര്‍ഷം പൂര്‍ത്തിയാകുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

തന്റെ സിനിമാ ജീവിത്തത്തെക്കുറിച്ചും സ്ലേവ്‌സ് ഓഫ് ദ എംപയര്‍ ( Slaves of the Empire) ഒരുക്കാനായി കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും രാജേഷ് ജെയിംസ് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസുമായി പങ്കുവച്ചു.

രാജേഷ് ജെയിംസ്

സിനിമയെ പ്രണയിച്ചു തുടങ്ങിയത് എപ്പോഴാണ്?

കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജിലെ പഠനകാലത്ത് ഫിലിം ക്ലബുകളാണ് സിനിമയിലേക്ക് ആകര്‍ഷിച്ചത്. മികച്ച സിനിമകളുടെ കേവലം ഒരു ആസ്വാദകനില്‍ നിന്ന് സൂക്ഷ്മ തലത്തില്‍ സിനിമയെ സ്വീകരിക്കുന്ന ഒരാളെന്ന നിലയിലുള്ള എന്റെ വളര്‍ച്ചക്ക് വിത്തുപാകിയത് ഫിലിം ക്ലബ്ബുകളാണ്. 2012-ല്‍ ക്രിസ്റ്റഫര്‍ നോളന്റെ സിനിമകളെക്കുറിച്ച് ഡോക്ടറല്‍ പഠനം ആരംഭിച്ചു. അത് താല്‍പ്പര്യത്തിന് ആഴം കൂട്ടി.

പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം അപ്രിസിയേഷന്‍ കോഴ്സില്‍ ചേര്‍ന്നതോടെയാണ് വലിയൊരു കുതിച്ചുച്ചാട്ടം സംഭവിച്ചത്. എന്റെ ചിന്തകളില്‍പ്പോലും ഇല്ലാതിരുന്ന സിനിമകളുടെ ലോകമാണ് എനിക്കു മുന്നില്‍ അനാവൃതമായത്. ഒപ്പം സിനിമയെ ഗൗരവമായി സമീപിക്കുന്നവരുമായുള്ള സംവാദത്തിനുള്ള വഴിയും തുറന്നുകിട്ടി. എനിക്കും സ്വന്തമായി ഒരു കഥ പറയണമെന്ന ചിന്തയുടെ നാമ്പ് മുളച്ചത് അവിടെനിന്നാണ്. അതായിരുന്നു സിനിമക്കാരനായുള്ള ജീവിതത്തിന്റെ തുടക്കം.

ഫിലിം ഫെസ്റ്റിവലുകളാണ് എന്റെ ശരിക്കുള്ള ഫിലിം സ്‌കൂള്‍. കേരളത്തില്‍ വര്‍ഷം തോറും നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ (IDSFFK) സ്ഥിരം പങ്കാളിയായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുള്‍പ്പെടെയുള്ള ഫെസ്റ്റിവലുകള്‍ക്ക് നന്ദിയുണ്ട് അതൊന്നുമില്ലായിരുന്നെങ്കില്‍, ഞാനിപ്പോള്‍ ഈ വഴിയില്‍ നടക്കുമായിരുന്നോ എന്നു അറിയില്ല.

സ്ലേവ്‌സ് ഓഫ് ദ എംപയര്‍ പോസ്റ്റ‍ർ

ഡോക്യുമെന്ററികള്‍ ആയിരുന്നോ തുടക്കം മുതലുള്ള ശ്രദ്ധ?

അല്ല, ആദ്യം എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നത് ഫിക്ഷനിലായിരുന്നു. ഫിക്ഷന്‍ സിനിമകള്‍ ഒരുക്കണം, കഥ പറയണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, എവിടെയെങ്കിലും തുടങ്ങേണ്ടതല്ലേ? IDSFFK സമ്മാനിച്ച ചില അനുഭവങ്ങള്‍ ആണ് എന്നെ ഡോക്യുമെന്ററി ചെയ്യാന്‍ പ്രേരിപ്പിച്ചത്.

2014-ല്‍ ഒരു ചെറിയ ക്യാമറ എടുത്ത്, കൊച്ചിയിലെ ട്രാഫിക് വാച്ചര്‍മാരുടെ ജീവിതം പിന്തുടരാന്‍ തുടങ്ങിയതായിരുന്നു ആദ്യ ശ്രമം. അവരുടെ ബുദ്ധിമുട്ടുകള്‍, അവിടെ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ ഇതെല്ലാമായിരുന്നു സീബ്ര ലൈന്‍സ് എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. 2015-ല്‍ IDSFFK യില്‍ മത്സര വിഭാഗത്തിലേക്ക് ഈ ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടു. അതൊരു വലിയ പ്രോത്സാഹനമായി. ആത്മവിശ്വാസം ഉടലെടുത്തത് ഇതോടെയാണ്

സ്ലേവ്‌സ് ഓഫ് ദ എംപയര്‍

അധികം വൈകാതെ തന്നെ രണ്ടു ഡോക്യുമെന്ററികള്‍ കൂടെ നിറംകണ്ടു അല്ലേ?

അതെ. നേക്കഡ് വീല്‍സ് 2015 ലും ഇന്‍ ദ തണ്ടര്‍, ലൈറ്റനിങ്ങ് ആന്‍ഡ് റെയിന്‍ 2020ലുമാണ് പുറത്തിറങ്ങിയത്. നേക്കഡ് വീല്‍സ് ഒരു ചെറിയ കഥയാണ് അതൊരു റോഡ് മൂവി പോലെയാണ്. കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന കൂട്ടുകാരുടെ യാത്രയാണ് ഇതിവൃത്തം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കേരളത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഥയില്‍ പറയാന്‍ ശ്രമിച്ചു. കാശിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിയായി നേക്കഡ് വീല്‍സ് തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ ചില ഫെസ്റ്റിവലുകളില്‍ നിന്നും സ്‌ക്രീനിംഗിനുള്ള ക്ഷണവും കിട്ടി.

കൊച്ചിയിലെ സാധാരണക്കാരായ മൂന്ന് സ്ത്രീകളുടെ കഥയാണ് ഇന്‍ ദ തണ്ടര്‍, ലൈറ്റനിങ്ങ് ആന്‍ഡ് റെയിന്‍. സേക്രട്ട് ഹേര്‍ട്ട് കോളജിലെ ഫിംലിം ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെയായിരുന്നു ഇരു ഡോക്യുമെന്ററികളും ചിത്രീകരിച്ചത്. ഇത്തരമൊരു പദ്ധതിയുടെ ഭാഗമായി ചിത്രീകരണത്തെ അടുത്തറിയാന് അവിടുത്തെ കുട്ടികളും അതീവ തത്പരരായിരുന്നു.

സ്ലേവ്‌സ് ഓഫ് എംപയര്‍ ചിത്രീകരണം?

2020-ല്‍ ലോക്ക്ഡൗണ്‍ കാലത്താണ് ഞങ്ങള്‍ പ്രാരംഭ ഗവേഷണം ആരംഭിച്ചത്. പിന്നീട് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ചിത്രീകരണം തുടങ്ങി. കോവിഡ് കാലം ഡോക്യുമെന്ററിയിലും പ്രതിഫലിച്ചിട്ടുണ്ട്. ചില ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും മാസ്‌ക്, വാക്‌സിന്‍, കോവിഡിന്റെ ആശങ്കകള്‍... ഒക്കെ ദൃശ്യങ്ങളിലുണ്ട്.

സ്ലേവ്‌സ് ഓഫ് ദ എംപയര്‍

സവിശേഷമായ ഈ വിഷയം എങ്ങനെ തിരഞ്ഞെടുത്തു?

ഒരു ദശകമായി കൊച്ചിയുടെ ഭാഗമാണ് ഞാന്‍. ധോബി ഘാന, പ്രത്യേകിച്ച് കോളനി സംസ്‌കാരവുമായുള്ള ഇഴപിരിയാത്ത ബന്ധം എന്നെ ഏറെ സ്വാധീനിച്ചു. കൂടുതല്‍ അടുത്തറിയാനുള്ള പഠനങ്ങള്‍ എന്നിലെ കൌതുകം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇവിടെ ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസിലായി. ഗവേഷണരൂപത്തിലുള്ള ഒരു ഡോക്യുമെന്ററിയായി ആ കഥ പറയുകയാണെങ്കില്‍ ആസ്വാദനക്ഷമതയും സ്വീകാര്യതയും കുറയുമെന്ന് ഉറപ്പായിരുന്നു. ഘാനയിലെ ചില കഥാപാത്രങ്ങളിലൂടെ ആ വലിയ കഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

കഥാപാത്രങ്ങളുടെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പതിവുരീതിക്കു പകരം നിറമുള്ള ജീവിതങ്ങളാണല്ലോ ഈ ഡോക്യുമെന്ററിയിലുള്ളത് ?

അതെ, അതാണ് ഞാന്‍ ഉദ്ദേശിച്ചതും. അലക്കു തൊഴിലാളികള്‍ കഠിനാധ്വാനികളും അതുപോലെ നന്മ നിറഞ്ഞവരുമാണ്. വെള്ള വസ്ത്രം ധരിക്കുന്ന നമ്മള്‍ അവരെ അനുകമ്പയുടെ കണ്ണിലൂടെയാണ് കാണുന്നത്. നമ്മുടെ വ്യവസ്ഥിതി അതാണ്. ആ ധാരണകളെ തിരുത്തിക്കുറിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സന്തോഷകരമായ ഒരു ജീവിതം അവരും നയിക്കുന്നുണ്ടെന്ന സത്യം ലോകം അറിയണം. അതിനായിരുന്നു ശ്രമം. അനുകമ്പയ്ക്ക് അവിടെ സ്ഥാനമില്ല. ഏര്‍പ്പെടുന്ന ഏതുകാര്യവും ഭംഗിയാകണം എന്ന ദൃഢനിശ്ചയം മാത്രം. ഈ ചിത്രീകരണം പോലും അവരോടുള്ള ഒരു സേവനമായല്ല, മറിച്ച് വളര്‍ന്നുവരുന്ന ഒരു കലാകാരനെ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ സഹായിക്കുന്നതായാണ് അവര്‍ കണ്ടത്. ആ സമീപനം എനിക്ക് അതീവ മനോഹരമായി തോന്നി.

സ്ലേവ്‌സ് ഓഫ് ദ എംപയര്‍

സിനിമയിലെ അതിസാധാരണമായ ഇടവേളകള്‍ പോലും നിങ്ങള്‍ ഒഴിവാക്കിയില്ല... ഒരു തിടുക്കവും കൂടാതെ സാധാരണ രീതിയിലാണ് കഥ പറയുന്നത്. എന്താണ് കാരണം?

സാങ്കേതികമായി നോക്കുകയാണെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന പല ഭാഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, രാജനും ഭാര്യയായ രാജലക്ഷ്മിയും തമ്മിലുള്ള ചില സംഭാഷണങ്ങള്‍. ഇവ ഒഴിവാക്കിയാല്‍ അതു കടുത്ത അനീതിയാകും. പച്ചയായ ഒരു ആവിഷ്‌കാരം സാധ്യമല്ലാതാകും. സമൂഹം രാജനെ ഒരു വില്ലനായാണ് കാണുന്നത്. പക്ഷേ ഭാര്യക്കു മുന്നിലെത്തുമ്പോള്‍ സ്ഥിതി മറിച്ചാണ്. അവിടെ ഭാര്യക്കാണ് ആധിപത്യം. ഈ രണ്ടു മുഖങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. കഥാപാത്രങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കാനായി ഇത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

നിങ്ങളുടെ സിനിമയ്ക്ക് മറ്റൊരു തീവ്രത നല്‍കുന്നത് അതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലമാണ്. തുടക്കം തന്നെ ഇത്തരമൊരു രീതിയായിരുന്നോ ആലോചിച്ചത്?

അതെ തീര്‍ച്ചയായും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ആദ്യ ഫ്രെയിം കണ്ടപ്പോള്‍ തന്നെ ഞാനും എഡിറ്ററും ഇക്കാര്യം തീരുമാനിച്ചിരുന്നു. അലക്കു തൊഴിലാളികളുടെ കറുത്ത ശരീരവും ലിനന്‍ നല്‍കുന്ന വെളുപ്പും - അവ പരസ്പര പൂരകങ്ങളാണ്. ചരിത്രം പറയുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണല്ലോ. കോളനി കാലഘട്ടമാണ് പ്രമേയം എന്നതും ഈ നിറക്കൂട്ടിന് ഞങ്ങളെ പ്രേരിപ്പിച്ചു. ധോബി ഘാനയില്‍ സമയം ഇന്നും നിശ്ചലമാണ്. അവരുടെ ജീവിതം മുന്നോട്ടുപോകുന്നുണ്ടെങ്കിലും ചരിത്രം എവിടെയോ താഴിട്ട നിലയിലാണ്.

സ്ലേവ്‌സ് ഓഫ് ദ എംപയര്‍

കൊച്ചി പശ്ചാത്തലത്തിലുള്ള ഡോക്യുമെന്ററികള്‍ വിനോദസഞ്ചാരത്തെ തഴുകി പോകുകയാണ് പതിവ്. ഇവിടെ അതും വ്യത്യസ്തമാണല്ലോ?

കോളനി സംസ്‌കാരം പ്രമേയമമാണെങ്കിലും ആത്യന്തികമായി ഈ ഡോക്യുമെന്ററി പറയുന്നത് മനുഷ്യരുടെ കഥയാണ്. അതില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് - കഥാപാത്രങ്ങളും അവരുടെ ജീവിതവും. എങ്കിലും അവസാന ഭാഗത്ത് ഫോര്‍ട്ട് കൊച്ചിയുടെ പ്രതീകങ്ങളായ കലാവതി റോഡ്, ജൂതത്തെരുവ്, ലില്ലി സ്ട്രീറ്റ്, ഡച്ച് സെമിത്തേരി എന്നിവ വൈഡ് സ്‌ക്രീനായി ചേര്‍ത്തിട്ടുണ്ട്. ഒരു സിനിമാറ്റിക് അനുഭവം സമ്മാനിക്കാനും ഇതു സഹായിച്ചിട്ടുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്ന ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ക്കു തന്നെ കാണിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രചോദനം?

അവരുടെ ജീവിതത്തിന്റെ എന്റെ കാഴ്ചപ്പാടാണ് ഞാന്‍ ചിത്രീകരിച്ചത്. ഇത് എത്രത്തോളം സത്യവും നീതിയുക്തവുമാണെന്നത് തീരുമാനിക്കേണ്ടത് അവരാണ്. ഒരു സിനിമ സംവിധായകനും ആധികാരികതയുടെ അവസാന വാക്കല്ല. ആരെ അധികരിച്ചാണോ എന്റെ സിനിമ പുരോഗമിക്കുന്നത് അതേ മനുഷ്യര്‍ക്കുതന്നെ കാണിക്കണം. അവര്‍ എന്താണ് പറയുന്നത് എന്നത് കേള്‍ക്കണം. അവരുടെ പ്രതികരണം ഉള്‍പ്പെടുത്തണം. അതിനാലാണ് ആ സ്‌ക്രീനിംഗിന്റെ ഭാഗം സിനിമയുടെ അവസാനം കൂട്ടിച്ചേര്‍ത്തത്. കാണികള്‍ക്ക് ചിത്രം ഒരുതരം ഫിക്ഷനാണ്. സ്‌ക്രീനിങ് അതുപോലെ തന്നെ കാണുമ്പോള്‍ അവര്‍ യാഥാര്‍ഥ്യത്തിലേക്ക് ഉണരും - അതുവരെ ഒരു സിനിമ കണ്ടിരുന്നപോലെ.

'മറ്റുള്ള ഷോട്ടുകള്‍ എവിടെയാണ്?'

അതെ, അതൊരു രാഷ്ട്രീയപരമായ ചോദ്യം കൂടിയാണ്. ചിത്രീകരിച്ച ബാക്കി ഭാഗങ്ങള്‍ എവിടെയാണെന്ന് സംവിധായകനോടുള്ള ചോദ്യം ഒരുതരത്തില്‍ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് - ധോബി ഘാനയിലെ തൊഴിലാളികളുടെ ചരിത്രത്തെക്കുറിച്ച് ഇനിയും ഏറെ പഠിക്കാനും അറിയാനുമുണ്ടെന്ന്, ഒപ്പം ഡോക്യുമെന്ററി സമ്മാനിക്കുന്നത് കേവലം ഒരു വീക്ഷണകോണു മാത്രമാണെന്നും.

സിനിമ എങ്ങനെ ഷൂട്ട് ചെയ്തു? വലിയ യൂണിറ്റോ ഉപകരണങ്ങളോ ഉപയോഗിച്ചോ?

അല്ല, അധികം ഉപകരണങ്ങള്‍ കൊണ്ടുപോയില്ല. ധോബി ഘാട്ടില്‍ ആദ്യം ഷൂട്ടു ചെയ്തത് രണ്ടു കാമറകളിലായിരുന്നു. അവരുടെ ദൈനംദിന ജോലികള്‍ക്ക് ഭംഗംവരാത്ത തരത്തില്‍. ചിലര്‍ക്കു കാമറയെ ഭയമാണ്. കണ്ടാല്‍ തന്നെ ശ്രദ്ധ തെറ്റും. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചായിരുന്നു ഓരോ നീക്കവും. ആറുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാമറ അവര്‍ക്ക് സുപരിചിതമായി. പിന്നീടാണ് ശരിക്കുമുള്ള ചിത്രീകരണം ആരംഭിച്ചത്. അഭിമുഖം ഉണ്ടെങ്കില്‍ മാത്രം മൂന്നു കാമറകള്‍ കൊണ്ടുപോയിരുന്നു.

തുടക്കം മുതല്‍ തന്നെ പ്രദേശവാസികളുടെ സഹകരണംലഭിച്ചിരുന്നോ?

ഇല്ല. ആദ്യം അവര്‍ ഭൂരിഭാഗവും അല്‍പം അകല്‍ച്ചയോടെയാണ് സംസാരിച്ചത്. പക്ഷേ, അതാണ് ഡോക്യുമെന്ററിയുടെ വലിയ വെല്ലുവിളിയും സൗന്ദര്യവും. മായങ്ങളില്ലാതെ ജീവിതം ചിത്രീകരിക്കാനാകും. ഒപ്പം തന്നെ ഇതു ഞങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് അവരെ ബോധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ ഞങ്ങളുടെ സാമിപ്യം മറന്നു. അവരുടെ സമീപനം മാറി. ലക്ഷ്യമിട്ടത് നേടുംവരെ ഞങ്ങള്‍ അവിടെ തുടര്‍ന്നു. അവരും ഞങ്ങളും ഒന്നായി.

സ്ലേവ്‌സ് ഓഫ് ദ എംപയര്‍

കഥാപാത്രങ്ങളുടെ തനതു സംഭാഷണ ശൈലിയാണ് ഉടനീളം കാണുന്നത്. അതെന്തുകൊണ്ടാണ്?

ഡോക്യുമെന്ററി ചെയ്യുമ്പോള്‍ ലഭിക്കുന്ന തനതായ സ്വാതന്ത്ര്യവുമുണ്ട്. യാഥാര്‍ത്ഥ്യവുമായി തൊട്ടുരുമ്മി നില്‍ക്കുന്നതാണ് അത്. ഇതിനൊരു ആവരണം സൃഷ്ടിക്കാന്‍ ഒരു സംവിധായകന്‍ ശ്രമിച്ചാല്‍ നഷ്ടമാകുക ആ സൃഷ്ടിയുടെ ആത്മാവാണ്. സ്ലേവ്‌സ് ഓഫ് ദ എംപയേഴ്‌സിലെ ഓരോ രംഗത്തിനും ജീവന്‍ ഉണ്ടാക്കാമെങ്കില്‍, അതാണ് അവിടെപറയുന്ന ഭാഷയുടെ സ്വാഭാവികത നിലനിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു.

നാല് വര്‍ഷം നീണ്ടൊരു പ്രോജക്റ്റ്. ആ സമയത്തുടനീളം ആ ഉത്സാഹം നിലനിര്‍ത്താന്‍ പറ്റിയതെങ്ങനെ?

ഇതൊരു വലിയ ചോദ്യമാണ്. ഞങ്ങള്‍ക്കു കരുത്തു നല്‍കിയത് അവരാണ്. അവിടെ ജോലി ചെയ്യുന്ന അലക്കു തൊഴിലാളികള്‍ അവരുടെ ജീവിതരീതി, പരസ്പര ബന്ധങ്ങള്‍, അവര്‍ തമ്മിലുള്ള സഹജീവിതം... അതൊക്കെ ഞങ്ങള്‍ക്കൊരു വേറിട്ട ലോകമായിരുന്നു. അതൊക്കെയാണ് ഞങ്ങളെ നിലനിര്‍ത്തിയത്. അസംതൃപ്തിയുടെ ഒരു ചെറിയ കണിക ഉണ്ടായിരുന്നെങ്കില്‍ ഈ പദ്ധതി മുടങ്ങുമായിരുന്നു.

സിനിമ പൂര്‍ത്തിയായി എന്നു തോന്നിയത് എപ്പോഴാണ്?

ഇന്നത്തെ രൂപത്തിലുള്ള ഡോക്യുമെന്ററിയിലേക്ക് എത്തുന്നതിനു മുമ്പ് നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. എല്ലായിടത്തും മികച്ച സ്വീകാര്യത ലഭിച്ചു. ഒരു ദിവസം ഞാനും എഡിറ്റും ഇരുന്ന് ഒരുപാട് നേരം സംസാരിച്ചു. ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ചിത്രീകരിച്ചു കഴിഞ്ഞെന്നു മനസിലായി. ഇനി എത്ര അധികം ചിത്രീകരിച്ചാലും ധോബി ഘാട്ടിലെ ജീവിതം കൂടുതല്‍ നന്നായി പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞു. പായ്ക്കപ്പ് പറയാം എന്ന ധാരണയിലെത്തി.

കുറച്ച് കൂടി ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. 50 മിനിറ്റാണ്. പക്ഷേ, ഒരു മണിക്കൂര്‍ വരെ നീട്ടാമായിരുന്നോ എന്ന ചിന്ത വന്നിട്ടുണ്ട്. കാരണം പല അന്താരാഷ്ട്ര ഫെസ്റ്റിവലുകളും ആ സമയപരിധിയാണ് അഭികാമ്യമായി കാണുന്നത്.

നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നു. അംഗീകാരങ്ങള്‍ നിങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ?

ഒരു കാലത്ത് ഞാനും പുരസ്‌കാരങ്ങള്‍ ആഗ്രഹിച്ചിരുന്നു.. പക്ഷേ, ആ സമയത്ത് ഒന്നും കിട്ടിയില്ല. ഇപ്പോള്‍ കിട്ടുന്നുണ്ട്. എനിക്കതില്‍ നന്ദിയും സന്തോഷവുമുണ്ട്. ഇപ്പോള്‍ ഞാന്‍ ആവേശപ്പെടുന്നത് മറ്റൊന്നിലാണ്. നമ്മള്‍ എടുത്ത സിനിമ ഒരാളെങ്കിലും മനസ്സോടെ ആസ്വദിച്ചാല്‍ അതാണ് ഏറ്റവും വലിയ സമ്മാനം. സിനിമക്കാരനെന്ന നിലയില്‍, അത് തന്നെയാണ് അമൂല്യമായ പ്രതിഫലം. നമുക്ക് ഇനി അടുത്ത കഥ പറയാന്‍ കഴിയുമോ എന്നതാണ് പ്രധാനം. അത് തന്നെ വലിയ ഒരു പുരസ്‌കാരം.

ഡോക്യുമെന്ററികള്‍ ചെയ്യുമ്പോള്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റുമായി നിങ്ങള്‍ പോകാറുണ്ടോ?

ഇല്ല, അത് അസാധ്യമാണ്. ഒരു ഏകദേശ ധാരണയാണുണ്ടാകുക. പക്ഷേ കൃത്യമായ കഥയും ഘട്ടങ്ങളും ഒന്നുമില്ല. സിനിമയുടെ ആഖ്യാനം എഡിറ്റ് ടേബിളിലാണ് ശരിക്കും നടക്കുന്നത്. അതുവരെ ഞങ്ങള്‍ പ്രധാനമായും അവരുടെ ജീവിതം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു നിശ്ചിത ടൈംലൈനോടെ ഡോക്യുമെന്ററിയെ സമീപിക്കരുത് എന്നാണോ?

അതെ, ഡോക്യുമെന്ററി സിനിമയുടെ സ്വഭാവം തന്നെ വ്യത്യസ്തമാണ്. ഇവിടെ നമ്മള്‍ മറ്റുള്ളവരുടെ ജീവിതം പിന്തുടരുകയാണ് നമ്മുടെ താളമല്ല, അവരുടേതാണ് നമുക്ക് അനുസരിക്കേണ്ടത്. ജീവിതം പോലെ പ്രവചനാതീതമാണ് അതിന്റെ ചിത്രീകരണവും.

ഫിക്ഷൻ വിഭാഗത്തിലേക്ക് ചുവടുമാറ്റാൻ ആഗ്രഹമുണ്ടോ?

ഇപ്പോഴില്ല. കേരളത്തില്‍ ഡോക്യുമെന്ററിയെ ഗൗരവത്തോടെ സമീപിക്കുന്നത് കുറവാണ്. പക്ഷേ അവിടെ ഒരുപാട് സാധ്യതകളുണ്ട്. എന്തെങ്കിലും പുതുമയുള്ളതായി ഈ മേഖലയില്‍ തന്നെ ചെയ്യാന്‍ ആഗ്രഹം ഉണ്ട്. ആത്യന്തികമായി ലോകത്തിന് തന്നെ കാണാന്‍ കഴിയുന്ന ഒരു ഫോര്‍മാറ്റിലേക്ക് അതിനെ എത്തിക്കാനാണ് ശ്രമം.

ഭാവി പദ്ധതികള്‍?

പുതിയ ഡോക്യുമെന്ററിയിലേയ്ക്ക് ജോലികള്‍ ആരംഭിച്ചു. കൊച്ചിയിലെ സ്ത്രീ ബോഡിബില്‍ഡറെ കുറിച്ചാണ് പുതിയ കഥ. അതുപോലെ, സ്ലേവ്‌സ് ഓഫ് എംപയറിന്റെ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് കഴിഞ്ഞ വാരാന്ത്യത്തില്‍ കൊച്ചിയില്‍ നടത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു. Yamagata International Documentary Film Festival-ലേക്ക് ചിത്രം അയച്ചിട്ടുണ്ട്. അവിടെ തെരഞ്ഞെടുത്താല്‍, അതൊരു പുതിയ യാത്രയുടെ തുടക്കം ആയിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT