സോഷ്യല്‍ മീഡിയ കാലത്ത് ആര്‍ക്കും എന്തിലും വിദഗ്ധരാകാം. നന്നായി സംസാരിക്കാനും പ്രസന്റ് ചെയ്യാനും അറിയുന്നവര്‍ക്ക് എക്‌സ്‌പേര്‍ട്ടുകളും ഇന്‍ഫ്‌ളുവന്‍സേഴ്‌സുമാകാം. ഒരു വിഷയത്തില്‍ ആഴത്തിലുള്ള അറിവ് നേടുകയൊന്നും വേണ്ടതില്ല. മക്കളെ വളര്‍ത്തുന്നത് മുതല്‍ മുടി, ഭക്ഷണം, യാത്ര, സൗന്ദര്യ സംരക്ഷണം തുടങ്ങി എന്തിനും ഏതിനും വിദഗ്ധ അഭിപ്രായവും ഹാക്കുകളും പറഞ്ഞു തരുന്നവരെക്കൊണ്ട് തിരക്കാണ് സോഷ്യല്‍ മീഡിയയില്‍.
എന്നാല്‍ പലപ്പോഴും ഇത്തരം ഡിഐവൈ ഹാക്കുകള്‍ നമ്മളെ കൊണ്ട് ചെന്നെത്തിക്കുക അബദ്ധങ്ങളിലായിരിക്കും. സോഷ്യല്‍ മീഡിയയെ വിശ്വസിച്ച് പണി വാങ്ങിയവര്‍ നിരവധിയാണ്. അങ്ങനെ പണി വാങ്ങിയവരാണെങ്കില്‍, നിങ്ങള്‍ ഒറ്റയ്ക്കല്ല, സെലിബ്രിറ്റികളും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ അബദ്ധം തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സോഹ അലി ഖാന്‍.
തന്റെ പോഡ്കാസ്റ്റ് ചാനലിലാണ് സോഹയുടെ വെളിപ്പെടുത്തല്‍. നടി ക്രിതിക കമ്രയും ഹെയര്‍സ്റ്റൈലിസ്റ്റ് യാനി സപട്ടോരിയും അതിഥികളായി എത്തിയ എപ്പിഡോയിലാണ് സോഹയുടെ വെളിപ്പെടുത്തല്‍. ഹെയര്‍ കെയര്‍, ഡിഐവൈ ഹെയര്‍ ഹാക്‌സ്, തുടങ്ങിയ വിഷയങ്ങളില്‍ സംസാരിക്കുകയായിരുന്നു മൂവരും. ഓരോരുത്തരുടേയും പ്രശ്‌നം വ്യത്യസ്തമായിരിക്കുമെന്നും അതിനാല്‍ മുടിയിലും തലയിലും എന്തെങ്കിലും ചെയ്യും മുമ്പ് പ്രശ്‌നം എന്തെന്ന് മനസിലാക്കേണ്ടതുണ്ടെന്നാണ് യാനി പറഞ്ഞത്. പിന്നാലെ മൂവരും ഹോം റെമഡികളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
മുടിയില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഇത് മുടിയ്ക്ക് എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ അതോ ട്രെന്റിന് പിന്നാലെ പോകുന്നതാണോ എന്ന് സ്വയം ചോദിക്കണമെന്ന് യാനി പറഞ്ഞു. ഷാംപു വാങ്ങുമ്പോഴും ഇക്കാര്യം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് സോഹ വെളിപ്പെടുത്തിയത്.'' ഞാന്‍ എന്റെ ശിരോചര്‍മത്തില്‍ അല്‍പ്പം കൂടുതല്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പുരട്ടി. അതോടെ ശിരോചര്‍മം മുഴുവന്‍ ചുവന്നു തടിക്കുകയും ശിരോ ചര്‍മത്തിന്റെ ഒരു പാളി പൊള്ളിപ്പോവുകയും ചെയ്തു'' എന്നാണ് സോഹ പറഞ്ഞത്.
ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അവ ശരിക്കും ഉപകരിക്കുന്നുണ്ടോ എന്ന് നോക്കണം. ഇല്ലാത്ത പക്ഷം തുടരേണ്ടതില്ലെന്നും യാനി പറഞ്ഞു. അതേസമയം താന്‍ ഡിഐവൈ ഹാക്കുകള്‍ പരീക്ഷിക്കാറില്ലെന്നാണ് ക്രിതിക കമ്ര പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates