Salim Kumar, Sunil P Ilayidom ഫെയ്സ്ബുക്ക്‌
Entertainment

'ആൾക്കൂട്ടത്തിന് നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിൻ്റെ ദൃശ്യം; മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ'

നിശിതമായ ജീവിത ബോധ്യങ്ങളായിരുന്നു സലിമിൻ്റേത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അന്തരിച്ച നടൻ സലിം കുമാറിനൊപ്പമുള്ള മനോഹരമായ ഓർമകൾ പങ്കുവച്ച് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം. വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാളായിരുന്നു സലിമെന്നും ലോകത്തോടും മനുഷ്യരോടും അദ്ദേഹത്തിന് ഉദാരമായ സ്നേഹമുണ്ടായിരുന്നുവെന്നും സുനിൽ പി ഇളയിടം കുറിച്ചു.

മാല്യങ്കര എസ്എൻഎം കോളജിൽ ഒന്നിച്ചുണ്ടായിരുന്ന കാലത്തെക്കുറിച്ചും സുനിൽ പി ഇളയിടം പറഞ്ഞു. ഞായറാഴ്ച രാവിലെ പറവൂർ ടൗൺഹാളിൽ വലിയൊരു ജനാവലിക്കു നടുവിൽ സലിം നിശ്ചലനായി കിടന്നു. ആൾക്കൂട്ടത്തിനു നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിൻ്റെ ദൃശ്യം അസാധാരണമായ ഒന്നായിരുന്നു.

സലിമിൻ്റെ ജീവിതത്തിലൊരിക്കലും അങ്ങനെയുണ്ടായിക്കാണില്ല. നിറഞ്ഞു കവിയുന്ന ജീവിതോത്സാഹമായിരുന്നു അയാൾ. മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ അദ്ദേഹം പറയുന്നു. സുനിൽ പി ഇളയിടത്തിന്റെ വാക്കുകൾ: 1984-85 കാലയളവിലാവണം സലിം കുമാർ മാല്യങ്കര എസ്എൻഎം കോളജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി എത്തിയത്.

ഉച്ചത്തിലുള്ള ചിരിയും മണ്ണിൽ വേരുള്ള തമാശകളും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ഒരാൾ. തൻ്റെ ചിരി കൊണ്ട് സലിം അന്നേ കാമ്പസിൽ നിറഞ്ഞിരുന്നു. ഉറക്കെച്ചിരിച്ചും കൂടെയുള്ളവരെയെല്ലാം നിറയെ ചിരിപ്പിച്ചും കാമ്പസിനെ സലിം കുമാർ ഇളക്കിമറിച്ചു. പിന്നീടൊരിക്കൽ ഒരു ഇൻ്റർവ്യൂവിൽ ഹാസ്യം പാവപ്പെട്ടവൻ്റെ കലയാണെന്ന് സലിം കുമാർ പറഞ്ഞത് വായിച്ചപ്പോൾ ഞാനാ പഴയ ചിരിയെക്കുറിച്ചാണ് ഓർത്തത്.

വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരിയായിരുന്നു അത്. ഞങ്ങൾ ഇരുവരുടെയും സുഹൃത്തായിരുന്ന രജിനാഥ് വഴിയാണ് ഞാൻ സലിം കുമാറുമായി അടുത്തത്. രജിനാഥ് കാമ്പസിലെ മികച്ച അഭിനേതാവായിരുന്നു. നല്ല രസികത്വമുള്ള ഒരാൾ. കാമ്പും കനവുമുള്ള ഫലിതങ്ങൾ രജി ഒന്നൊന്നായി പറയും. രജിനാഥിനെയും സലിമിനെയും തമ്മിലിണക്കിയതും ആ ഫലിതങ്ങളാവണം.

അവരുടെ തമാശകൾക്കിടയിലിരുന്ന് ഞങ്ങൾ ആർത്തലച്ചു ചിരിച്ചു. ഫലിതത്തിൻ്റെ കലവറ അവരിൽ ഒഴിഞ്ഞതേയില്ല. സലിം കുമാർ കാമ്പസിലെത്തിയ കാലത്ത് ഞാൻ ആദ്യവർഷ ബിരുദ വിദ്യാർത്ഥിയാണ്. സജീവമായ വിദ്യാർത്ഥി രാഷ്ടീയ പ്രവർത്തനത്തിൻ്റെ കാലം. അക്കാലത്ത് ഒരു തവണ രജിനാഥായിരുന്നു ഞങ്ങളുടെ ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനാർത്ഥി. മറുഭാഗത്ത് സലിം കുമാറും. രണ്ടു കലാകാരൻമാർ തമ്മിലുള്ള ചൂടേറിയ മത്സരം.

നൂറിലധികം വോട്ടുകൾക്ക് രജി നാഥാണ് അന്ന് ജയിച്ചത്. തോറ്റവരേയും നാടിനാവശ്യമുണ്ടെന്ന് പറഞ്ഞ് സലിം കുമാർ ചിരിച്ചു. ഞങ്ങളെല്ലാവരും സലിമിനൊപ്പം ചിരിച്ചു. പിന്നീടും സുഹൃത്തുക്കളായി ഒരുമിച്ചു നടന്നു. അക്കാലത്തും ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിം കുമാർ. അടിയുറച്ച കെഎസ്‌യു പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടേയോ പ്രശസ്തിയുടേയോ പേരിൽ തൻ്റെ ബോധ്യങ്ങൾ സലിം കുമാർ മറച്ചു പിടിച്ചിരുന്നില്ല.

മാല്യങ്കര കോളജ് അക്കാലത്ത് എസ്എഫ്ഐയുടെ ശക്തികേന്ദ്രമാണ്. അവിടെ കെഎസ്‌യുക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിം കുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല. അന്നും പിന്നീടും. മാല്യങ്കര കോളജ് അക്കാലത്ത് പലപ്പോഴും സംഘർഷഭരിതമാവുമായിരുന്നു. ഒരു ദിവസം ഇരുകൂട്ടർക്കുമിടയിൽ ചെറുതായി തുടങ്ങിയ വാക്കുതർക്കം പതിയെപ്പതിയെ അടികലശലിലേക്ക് വളർന്നു.

ഇതേക്കുറിച്ചൊന്നും അറിയാതെ സലിം ഉച്ചയോടെയാണ് കാമ്പസിലെത്തിയത്. സംഘർഷം മുറുകും എന്നറിയാമായിരുന്നതുകൊണ്ട് ഞാനപ്പോൾ തന്നെ എന്തോ പറഞ്ഞ് സലിമിനെ കോളജിൽ നിന്നും മടക്കിയയച്ചു. പിൽക്കാലത്ത്, കോളജിലെ പൂർവവിദ്യാർത്ഥി സമ്മേളനങ്ങളിലൊന്നിൽ " സ്വന്തം സംഘടനക്കാരിൽ നിന്ന് എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സുനിലിനായിരുന്നു " എന്നു പറഞ്ഞ് സലിം കുമാർ നിറഞ്ഞു ചിരിച്ചു !

മാല്യങ്കരയിൽ നിന്ന് സലിം കുമാർ മഹാരാജാസിലെത്തി. അവിടെ നിന്ന് കലാഭവനിലേക്കും സിനിമയിലേക്കു മെല്ലാം പടർന്നു. മലയാള സിനിമയിലെ എക്കാലത്തേയും വലിയ പേരുകളിലൊന്നായി. ഇന്ത്യയിലെ സമുന്നതരായ നടൻമാരിലൊരാളായ ഭരത് സലിം കുമാറായി! സ്നേഹാഭിമാനങ്ങളോടെ ഞങ്ങളത് അകലെ നിന്നു കണ്ടു!

മാല്യങ്കര കോളജിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ സാഗയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പിന്നീട് സലിം കുമാറുമായി ഞാൻ കൂടിച്ചേരുന്നത്. കോളജിലെ പൂർവിദ്യാർത്ഥിയായിരുന്ന അനൂപ് പ്രതാപിൻ്റെ നേതൃത്വത്തിൽ രൂപീകരച്ച സംഘടനയായിരുന്നു അത്. മാല്യങ്കര കോളജിൽ വച്ചു നടന്ന സാഗയുടെ വാർഷിക സമ്മേളനങ്ങളിലെല്ലാം സലിം കുമാറുണ്ടാവുമായിരുന്നു.

പലപ്പോഴും ഞാനും. ഒരു തവണ ദുബായിൽ നടന്ന സാഗ ഫെസ്റ്റിവലിലും സലിം കുമാറിനൊപ്പം ഞാൻ പങ്കെടുത്തു. കാലവും ജീവിതവും കൊണ്ട് അകന്നുപോയ ഞങ്ങളുടെ വഴികൾ സാഗയിലൂടെ വീണ്ടുമിണങ്ങി. "ഈശ്വരാ വഴക്കില്ലല്ലോ! "എന്നായിരുന്നു സലിം കുമാർ തൻ്റെ ഓർമ്മക്കുറിപ്പുകൾക്ക് നൽകിയ പേര്.

വലിയൊരു ചിരിയുടെയും ചിന്തയുടേയും പേരായിരുന്നു അത്. സലിം കുമാറിൻ്റെ ജീവിതവീക്ഷണത്തിൻ്റെ കാതലാണ് ആ വാക്യമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ. ലോകത്തോടും മനുഷ്യരോടും സലിമിന് ഉദാരമായ സ്നേഹമുണ്ടായിരുന്നു. എല്ലാത്തിനെയും വലിയ ഒരു ചിരിയിൽ അലിയിക്കാൻ അതിനു കഴിഞ്ഞു.

നിശിതമായ ജീവിത ബോധ്യങ്ങളായിരുന്നു സലിമിൻ്റേത്. ചുറ്റുമുള്ള സമൂഹത്തേയും ജീവിതത്തേയും കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവ് അതിൽ നിറഞ്ഞുനിന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാനാകാൻ അന്നത്തെ കൃഷിമന്ത്രിയായിരുന്ന ശരദ്പവാർ പണിപ്പെടുന്നതിനെക്കുറിച്ച്

"ഇന്ത്യയിലെ കൃഷിമന്ത്രിയുടെ ഏറ്റവും വലിയ ആഗ്രഹം ക്രിക്കറ്റ് ബോർഡ് ചെയർമാനാകണമെന്നാണ്. പിന്നെ ഈ നാടെങ്ങനെ നന്നാകും? "

എന്നു ചോദിച്ച് സലിം കുമാർ ഒരഭിമുഖത്തിൽ ഉറക്കെ ചരിക്കുന്നുണ്ട്. ജീവിതത്തിൽ വേരുള്ള രാഷ്ട്രീയ ബോധ്യത്തിൻ്റെ ചിരിയും ചോദ്യവുമായിരുന്നു അത്. അങ്ങനെ ചോദിക്കാനുള്ള ബലവും ചരിത്രവിവേകവുമുള്ള താരങ്ങൾ നമുക്ക് ഏറെയൊന്നും ഉണ്ടായിട്ടില്ല.

രണ്ടറ്റങ്ങളിലും തൊടുന്നതായിരുന്നു സലിം കുമാറിൻ്റെ അഭിനയരീതി. ചിലപ്പോഴൊക്കെ അത് ഉച്ചത്തിലുള്ളതും ശബ്ദായമാനവുമായി. മറ്റു ചിലപ്പോഴൊക്കെ സൂക്ഷ്മവും നിശബ്ദവുമായി. രണ്ടിടത്തും സലിം കുമാർ അനായാസമായാണ് നിലകൊണ്ടത്. ആദ്യകാല സിനിമകളിലെ കഥാപാത്രങ്ങളിൽ സലിം കുമാർ തന്നെത്തന്നെ കോരി നിറച്ചു. പിന്നീടിങ്ങോട്ട് കഥാപാത്രത്തിൽ നിന്നും തന്നെ അഴിച്ചുമാറ്റി. കഥാപാത്രങ്ങളിൽ താനായി നിറയാനും, കഥാപാത്രങ്ങളിൽ നിന്ന് സ്വയം മറയാനും സലിമിന് കഴിയുമായിരുന്നു. അയാൾ രണ്ടറ്റങ്ങളിലും ജീവിച്ചു.

ഒടുവിൽ കണ്ടത് ഒരു കൊല്ലത്തിനപ്പുറമാണ്. വീട്ടിലുണ്ടോ എന്നു ചോദിച്ച് പെട്ടന്നൊരു ദിവസം സലിം വിളിച്ചു. പിറ്റേന്നോ മറ്റോ വീട്ടിലേക്കുവന്നു. സലിമിൻ്റെ ബാല്യകാലസുഹൃത്തും പറവൂരിലെ ഇ.എം.എസ്. പഠനകേന്ദ്രത്തിൻ്റെ പ്രധാന പ്രവർത്തകനുമായ ദേവദാസിനൊപ്പമാണ് സലിം വന്നത്.

തൻ്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം സലിം അന്നെനിക്കു സമ്മാനമായി തന്നു. മുൻപേ തന്നെ ഞാനതു വാങ്ങിയിരുന്നുവെങ്കിലും ആ ഉപഹാരം വലിയ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. സലിം അന്ന് ക്ഷീണിതനായിരുന്നു. എങ്കിലും കുറെനേരം ഞങ്ങൾ സംസാരിച്ചിരുന്നു. പതിവു പോലെ പലതും പറഞ്ഞു ചിരിച്ചു. ഒരു മണിക്കൂറോളമിരുന്ന ശേഷം സലിം യാത്ര പറഞ്ഞു മടങ്ങി. പിന്നീടൊരു കൂടിക്കാഴ്ച ഉണ്ടായില്ല.

ഞായറാഴ്ച രാവിലെ പറവൂർ ടൗൺഹാളിൽ വലിയൊരു ജനാവലിക്കു നടുവിൽ സലിം നിശ്ചലനായി കിടന്നു. ആൾക്കൂട്ടത്തിനു നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിൻ്റെ ദൃശ്യം അസാധാരണമായ ഒന്നായിരുന്നു. സലിമിൻ്റെ ജീവിതത്തിലൊരിക്കലും അങ്ങനെയുണ്ടായിക്കാണില്ല. നിറഞ്ഞു കവിയുന്ന ജീവിതോത്സാഹമായിരുന്നു അയാൾ. മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ.

ഉച്ചയോടെ ടൗൺഹാളിൽ വലിയ തിരക്കായി. സമയത്തിൽ നിന്നും കാലത്തിലേക്കുള്ള സലിം കുമാറിൻ്റെ യാത്ര തുടങ്ങുകയായിരുന്നു. ചുറ്റും നിറയെ മനുഷ്യർ. മുഖ്യമന്ത്രി മുതൽ എണ്ണമറ്റ ചലച്ചിത്രതാരങ്ങൾ വരെയുള്ളവർ. സലിം കുമാറിനെ അറിയുന്നവരും സലിം കുമാർ നേരിട്ടറിയാത്തവരുമായ നൂറുകണക്കിനു മനുഷ്യർ പുറത്ത് മഴ നനഞ്ഞ് ക്ഷമയോടെ ക്യൂ നിന്നു.

ടൗൺ ഹാൾ തിങ്ങിനിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ പതിയെ പുറത്തേക്കിറങ്ങി. ധാരാളം പരിചയക്കാർ. അവരോട് ചുരുക്കം ചില വാക്കുകൾ പറഞ്ഞ് ടൗൺഹാളിന് പുറത്തേക്കു നടന്നു. നിറഞ്ഞു പടരുന്ന ഒരു ചിരി ഓർമ്മയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ടൗൺഹാളിനു പുറത്തുകടന്ന് റോഡിനരികിലൂടെ ഞാൻ പതുക്കെ നടന്നു. ഒരാകാശനക്ഷത്രം കൂടി വിരിയുന്നല്ലോ എന്ന് മനസ്സിലോർത്തു.

"പാവമീ നാടിൻ സ്വർണ്ണ -

ക്കിണ്ണമായിരുന്നവൻ

ദാ നോക്കൂ, വാനിൽ -

പൂർണ്ണചന്ദ്രനായവൻ വീണ്ടും "

പ്രിയനേ...

വിട

Sunil P Ilayidom heartfelt note on his friendship with Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്

മട്ടന്നൂരില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

നിപ വൈറസ് അറിയേണ്ടതെല്ലാം; എടുക്കണം ഈ മുന്‍കരുതലുകള്‍

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം

'മനസാക്ഷിയുടെ ശബ്ദം കേട്ടു'; ബിജെപി സംസ്ഥാന കമ്മിറ്റി അംഗം തിരികെ കോണ്‍ഗ്രസിലേക്ക്

SCROLL FOR NEXT