Sangeeth Prathap Instagram
Entertainment

‘നിന്റെ ആദ്യ ശ്വാസത്തിൽ ഞാൻ പുനർജനിച്ചു’; ഫീൽ ​ഗുഡ് ക്ലൈമാക്സിൽ അച്ഛനായ സന്തോഷം പങ്കുവെച്ച് സം​ഗീത് പ്രതാപ്

മകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സംഗീതിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മലയാളികളുടെ പ്രിയതാരവും എഡിറ്ററുമായ സം​ഗീത് പ്രതാപിനും ഭാര്യ ആൻസിക്കും പെൺകുഞ്ഞ് പിറന്നു. മകളുടെ വരവിന്റെ സന്തോഷം മനോഹരമായൊരു കുറിപ്പിലൂടെയും രസകരമായ വിഡിയോയിലൂടെയും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സം​ഗീത്. ഒരു പ്രിയദർശൻ സിനിമയുടെ പശ്ചാത്തലമൊരുക്കിയുള്ള മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

മകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സംഗീതിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസവവേദനയിലൂടെ കടന്നുപോയ ഭാര്യയുടെ ധൈര്യത്തെക്കുറിച്ചും കുഞ്ഞിന്റെ ജനനനിമിഷത്തിൽ തനിക്കുണ്ടായ വൈകാരിക അനുഭവങ്ങളെക്കുറിച്ചും താരം കുറിപ്പിൽ പറയുന്നു.

സം​ഗീത് പ്രതാപ് പങ്കുവെച്ച കുറിപ്പ്:

കുഞ്ഞേ, നിന്റെ അമ്മ എപ്പോഴും ഏറ്റവും ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്ന ഒരാളായിരുന്നു. ഒരു സൂചി കണ്ടാൽപ്പോലും അവൾ കരഞ്ഞുപോകുമായിരുന്നു. എന്നാൽ ഇന്നലെ രാത്രി, നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ അവൾ കാണിച്ച ധൈര്യം ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതായിരുന്നു.

ജീവിതത്തിന്റെ ഏറിയ പങ്കും സ്വന്തം കഴിവുകളെയും എടുക്കുന്ന ഓരോ തീരുമാനങ്ങളെയും സംശയിച്ചാണ് ഞാൻ മുന്നോട്ടുപോയത്. എന്നാൽ ഇന്നലെ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടിവന്നു. വേദനകൊണ്ട് പുളയുമ്പോഴും അവളുടെ കൈ ചേർത്തുപിടിച്ച് അരികിലിരിക്കുമ്പോൾ എന്റെ മനസ്സിൽ ആകെ തോന്നിയത്, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്നേഹിക്കാമായിരുന്നല്ലോ എന്നായിരുന്നു.

നിന്റെ കുഞ്ഞുതല പുറത്തേക്ക് വരുന്നത് കണ്ട നിമിഷം, ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി ഞാൻ. ആ നിമിഷം, മൂന്ന് ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിക്കുന്നതുപോലെ തോന്നി. നീ ഇന്നലെ രാത്രിയാണ് ജനിച്ചതെന്ന് ആളുകൾ പറയും. പക്ഷേ, സത്യം അതല്ല. നീ ആദ്യമായി ശ്വാസമെടുത്ത ആ നിമിഷം, ഞാൻ ഒരു പുതിയ മനുഷ്യനായി വീണ്ടും ജനിക്കുകയായിരുന്നു...

സംഗീതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധി ആരാധകരും സിനിമാ താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നുണ്ട്. ഇൻഡസ്ട്രി ഹിറ്റായ ഗിരീഷ് എ.ഡി ചിത്രം ‘ബെത്​ലഹേം കുടുംബയൂണിറ്റിനും’, നായകനായി എത്തിയ മെഡിക്കൽ മിറാക്കിളിനും ശേഷം മമിത ബൈജുവിനൊപ്പം എത്തുന്ന ‘ഹലോ ഡിയർ’ ആണ് സംഗീതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

'The moment you took your first breath, I was reborn too'; Sangeet Pratap shares the news of his daughter’s birth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2 കോടിയുടെ കൈക്കൂലി ആരോപണം; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് ചെന്നിത്തല

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

എസ്ഐആറില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ധൈര്യമായി 'ഫോം 6' സമര്‍പ്പിക്കാം, വ്യക്തത വരുത്തി കമ്മിഷന്‍

യുഎസ് തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് നേട്ടത്തില്‍; ഫണ്ട് ഒഴുക്കി വിദേശ നിക്ഷേപകര്‍

"മത്തി 300, അയല 240, നത്തോലി 200..." സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു