ഭരതൻ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ സിനിമയാണ് 'പറങ്കിമല'. ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ ടി ജി രവി. മുഴുനീളെ തൃശൂർ സ്ലാങ് ആദ്യമായിട്ട് മലയാള സിനിമയിൽ വരുന്നത് 'പറങ്കിമല'യിൽ ആണെന്നും ടി ജി രവി പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പറങ്കിമല' എന്ന സിനിമയ്ക്കായി ഭരതന്റെ കോൾ വന്നു. ഞാനതിന് ഉറപ്പ് പറഞ്ഞിരുന്നില്ല, കാരണം വീട്ടിൽ കുറച്ച് വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ എനിക്ക് പോണോ എന്നൊരു സംശയമായി. ഭരതന്റെ ആയതുകൊണ്ട് വിടാനും മനസില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
പോകാനും മനസില്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ ഭാര്യയോട് ഇക്കാര്യം പറഞ്ഞു. പിന്നെ ഭാര്യയുടെ സപ്പോർട്ട് ഉണ്ടായിരുന്നതു കൊണ്ട് അങ്ങോട്ട് പോയി. അതാണ് ഭരതന്റെ 'പറങ്കിമല' എന്ന സിനിമ. അതിലാണ് തൃശൂർ സ്ലാങ് ആദ്യമായിട്ട് മലയാള സിനിമയിൽ വരുന്നത്.
അതിന് മുൻപ് ഒടുവിൽ ഉണ്ണികൃഷ്ണൻ 'ചെണ്ട' എന്ന സിനിമയിൽ ഒരു സീനിൽ ഉപയോഗിച്ചിട്ടുണ്ട്. അന്ന് വരെ ഞാൻ കണ്ടിട്ടുള്ളതിൽ തൃശൂർ സ്ലാങ് ഉപയോഗിച്ചിട്ടുള്ള സിനിമ അതായിരുന്നു. പിന്നെ മുഴുനീളെ അങ്ങനെ വന്നത് പറങ്കിമലയിലാണ്. അത് ഭയങ്കരമായിട്ടും ക്ലിക്ക് ആവുകയും ചെയ്തു. അതോടു കൂടി പിന്നെ ഭരതേട്ടന്റെ സിനിമയിലെല്ലാം എന്നെ വിളിക്കും".- ടി ജി രവി പറഞ്ഞു.