ഉലകനായകൻ കമൽഹാസന്റെ പുതിയ ചിത്രമായ 'സാണ്ടിയാർ' (Sandiyar) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത പരുക്കൻ ലുക്കിലാണ് കമൽഹാസൻ പ്രത്യക്ഷപ്പെടുന്നത്. കമൽഹാസന്റെ 72-ാം ജന്മദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
നരച്ച താടിയും മുടിയും ഗൗരവമേറിയ നോട്ടവുമായി തോക്കേന്തി നിൽക്കുന്ന കമൽഹാസനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പഴയ കാറിന്റെ തുറന്ന ജനലിലൂടെ അകത്തേക്കു ചാഞ്ഞുനിൽക്കുന്ന താരത്തിന്റെ കൈയിൽ തോക്കും വാഹനത്തിൽ രക്തക്കറകളും കാണാം. പ്രതികാരം രക്തം കൊണ്ടേ തീർക്കാനാവൂ ('Revenge can only be settled in blood') എന്ന ടാഗ്‌ലൈനും ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇതുവരെ KH237 എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 'ചിത്ത', 'വീര ധീര സൂരൻ', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ്.യു. അരുൺകുമാർ. കമൽഹാസനും സംവിധായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വ്യത്യസ്തമായ കഥാപാത്രാവിഷ്കാരങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള കമൽഹാസന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. 'ഇന്ത്യൻ 2'വിന് ശേഷമാണ് കമലഹാസനും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. എസ്. ഡിസ്നിയാണ് സഹനിർമ്മാതാവ്. സുനിൽ കെ.എസ്. ഛായാഗ്രഹണവും സി.എസ്. ബാലചന്ദർ പ്രൊഡക്ഷൻ ഡിസൈനും അമൃത റാം കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
ചിത്രത്തിന്റെ കഥാപശ്ചാത്തലം, മറ്റു താരങ്ങൾ, റിലീസ് തീയതി തുടങ്ങിയ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates