തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് മണിരത്നം. അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളിലെല്ലാം തന്നെ മലയാളി താരങ്ങൾ തിളക്കത്തോടെ തലയുയർത്തി നിൽക്കാറുമുണ്ട്. ആദ്യ ചിത്രം കന്നഡയിൽ സംവിധാനം ചെയ്ത മണിരത്നം തന്റെ രണ്ടാം ചിത്രമൊരുക്കുന്നത് മലയാളത്തിലാണ്. 1984 ഏപ്രിൽ പുറത്തിറങ്ങിയ 'ഉണരൂ' എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
മണിരത്നത്തിന്റെ ഏക മലയാള ചിത്രം കൂടിയാണിത്. മണിരത്നത്തിന്റെ ആദ്യ ചിത്രമായ പല്ലവി അനുപല്ലവി കണ്ട ശേഷം നിർമാതാവ് എൻ ജി ജോൺ മണിരത്നത്തെ മലയാളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ടി ദാമോദരൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രണ്ട് മാസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കേരളത്തിലെ തൊഴിലാളി ട്രേഡ് യൂണിയൻ പാർട്ടികളിൽ ഉയർന്നുവന്ന പ്രശ്നങ്ങളുടെ നേർക്കാഴ്ചയായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
മോഹൻലാലിനെക്കൂടാതെ സുകുമാരൻ, രതീഷ്, സബിത ആനന്ദ്, ബാലൻ കെ നായർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തിയിരുന്നു. ഫോർട്ട് കൊച്ചിയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. വൻ താരനിരയുണ്ടായിരുന്നിട്ടും, സിനിമയുടെ അണിയറയിൽ പ്രഗത്ഭരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നിട്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായില്ല.
തിയറ്ററുകളിൽ ചിത്രം കനത്ത പരാജയമായി മാറി. ചിത്രം പരാജയപ്പെടാനുള്ള പ്രധാന കാരണമായി മണിരത്നം പിന്നീട് പറഞ്ഞത്, അത്തരത്തിലുള്ളൊരു പ്രമേയം കൈകാര്യം ചെയ്യുന്നതിൽ തനിക്കുള്ള പരിചയക്കുറവായിരുന്നു എന്നാണ്. എന്നാൽ ചിത്രം പുറത്തിറങ്ങി 41 വർഷങ്ങൾക്കിപ്പുറവും ഉണരൂ മലയാളികൾക്കിടയിൽ ചർച്ചയാകുന്നുണ്ടെങ്കിൽ, ആ ചിത്രം മുന്നോട്ടുവച്ച പ്രമേയം അത്തരത്തിലുള്ളതായതു കൊണ്ടാണ്. ഇന്നും മനുഷ്യ ജീവിതത്തോട് ചേർത്തുവയ്ക്കാവുന്ന മലയാളികൾക്ക് കണക്ട് ചെയ്ത ചിന്തിക്കാൻ കഴിയുന്ന പലതും ഈ ചിത്രത്തിൽ ഉള്ളതു കൊണ്ടു കൂടിയാണ്.
ചിത്രത്തിനായി സംഗീതമൊരുക്കിയത് ഇളയരാജ ആയിരുന്നു. രാമചന്ദ്ര ബാബു ഛായാഗ്രഹണം നിർവഹിച്ചപ്പോൾ, ബി ലെനിൻ ആയിരുന്നു എഡിറ്റിങ് കൈകാര്യം ചെയ്തത്. ജിയോ മൂവി പ്രൊഡക്ഷന്റെ ബാനറിൽ എൻ ജി ജോൺ ആയിരുന്നു ചിത്രം നിർമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates