ലൊക്കേഷനുകളിലെ സെക്യൂരിറ്റി സൂപ്പർവൈസർ മാറനല്ലൂർ ദാസിന്റെ മരണവാർത്തയോട് വളരെയധികം വേദനയോടെയാണ് മലയാളസിനിമാ താരങ്ങൾ പ്രതികരിച്ചത്. മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെ സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ ദാസിന് ആദരാഞ്ജലികൾ അർപ്പിച്ചു. സിനിമാ ലൊക്കേഷനുകൾ കൂടാതെ അവാർഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസ് നിർവ്വഹിച്ചിരുന്നു. ഇപ്പോഴിതാ ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ ഇത്രമേൽ ദുഃഖത്തോടെ കണ്ടത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടൻ സലിം കുമാർ.
"താണ്ടവം" എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദാസിനെ ആദ്യമായി കണ്ടത് മുതലുള്ള ഓർമ്മകളാണ് സലിം കുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിൽ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാൾ, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്
, വർഷങ്ങൾക്ക് മുൻപ് "താണ്ടവം" എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത്ഒരു ആറ് ആറര അടി പൊക്കക്കാരൻ , ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്, അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു ലോക്കേഷനിൽ സെക്യൂരിറ്റി ഡ്രെസ്സിൽ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്, മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ, ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിറുത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ദാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിങ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.
ഏഷ്യാനെറ്റ്, മനോരമ, അവാർഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകൾ, സിനിമക്കാരുടെ വിവാഹങ്ങൾ, മരണങ്ങൾ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു
ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാർത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നിൽ ഉളവാക്കിയത്, എന്നിൽ മാത്രമല്ല മലയാളസിനിമക്ക് മുഴുവനും ആ വാർത്തയെ അങ്ങിനെയേ കാണാൻ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാൾ അവിടെ ചെയ്തിട്ടുള്ള സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചേക്കാം....
പക്ഷേ അന്ന് അണ്ണാ... എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഒരു ആറ് ആറര അടി പൊക്കക്കാരൻ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ............
പ്രണാമം...സഹോദരാ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates