ദുബൈ: യു എ ഇ സംഘടിപ്പിക്കുന്ന പ്രശസ്തമായ 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ നാലാം പതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതമായ കണ്ടന്റ് ക്രിയേറ്റർ ഇക്കോണമിയുമായി ബന്ധപ്പെട്ട പരിപാടിയാണ് 1 ബില്യൺ ഫോളോവേഴ്സ്. അടുത്ത വർഷം ജനുവരി(2026)യിൽ ആണ് നാലാം പതിപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ക്രിയേറ്റീവ് ഇക്കോണമിയുടെ ഭാവി പുനർനിർവചിക്കുന്നതാകും 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് നാലാം പതിപ്പിലെ ഉള്ളടക്കമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് 10 ലക്ഷം ഡോളർ (ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ എട്ട് കോടി രൂപയ്ക്ക് മുകളിൽ) സമ്മാനത്തുക പ്രഖ്യാപിച്ച എ ഐ സിനിമ നിർമ്മാണമാണ്. നിർമ്മിതബുദ്ധി സൃഷ്ടിപരമായ കഥപറച്ചിലിനെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് പ്രദർശിപ്പിക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്,
ഇത് ആഗോളതലത്തിൽ കണ്ടന്റ് ക്രിയേറ്റേഴ്സിന് സാങ്കേതികവിദ്യയും കലയും പരീക്ഷിക്കാൻ മികച്ച ഒരു വേദി നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
സിനിമ പൂർണ്ണമായും എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം, സർഗ്ഗാത്മകതയും റിയലിസവും അവശ്യ മാനദണ്ഡമാണ്. കഥപറച്ചിൽ, സർഗ്ഗാത്മകത, എ ഐ (AI)യുടെ സംയോജനം, നിർവ്വഹണം, മാനുഷിക സന്ദേശം നൽകുന്നതിൽ പ്രമേയവുമായി പൊരുത്തപ്പെടൽ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിധിനിർണ്ണയ പ്രക്രിയ. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സെപ്റ്റംബറിൽ അറിയിക്കും.
വൈവിധ്യമാർന്ന എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ലക്ഷ്യബോധമുള്ള സിനിമകളുടെ നിർമ്മാണത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അത്തരം സിനിമകൾ നൽകേണ്ട മാനുഷിക സന്ദേശങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, സർഗാത്മകമായ കഴിവുകൾ, സൗന്ദര്യാത്മക ദർശനം, ചലച്ചിത്ര നിർമ്മാണത്തിൽ എഐ സംയോജിപ്പിക്കുന്നതിലെ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
അർത്ഥവത്തായതും സ്വാധീനം ചെലുത്തുന്നതുമായ സന്ദേശങ്ങൾ പ്രേക്ഷകർക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും വ്യാപകവും ഫലപ്രദവുമായ മാധ്യമങ്ങളിലൊന്നായ ഷോട്ട് ഫിലിമുകൾ ഇതിൽ പ്രധാനമായിരിക്കും.
ക്രിയേറ്റർ ഇക്കണോമിയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് 1 ബില്യൺ സമ്മിറ്റ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. 2026 ലെ ഉച്ചകോടിയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വർക്ക്‌ഷോപ്പുകൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും, കൂടാതെ അന്താരാഷ്ട്ര തലത്തിലുള്ള ഇൻഫ്ലുവെൻസേഴ്സ്, ഡിജിറ്റൽ സംരംഭകർ, പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ എന്നിവരുടെ വിപുലമായ പങ്കാളിത്തവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വിശദീകരിച്ചു.
2026 ജനുവരി ഒമ്പത് മുതൽ 11 വരെ, ജുമൈറ എമിറേറ്റ്സ് ടവറുകൾ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവിടങ്ങളിൽ 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ നാലാമത് പതിപ്പ് നടക്കും. "ഉള്ളടക്കം നന്മയ്ക്കായി"(“Content for Good.”) എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കിയാണ് നാലാം പതിപ്പ് നടത്തുന്നത്.
ഈ വർഷത്തെ പതിപ്പ് ക്രിയേറ്റർ ഇക്കോണമിയുടെ ഇന്നൊവേഷൻ, മോണിട്ടൈസേഷൻ, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് ക്രിയയേറ്റേഴ്സിന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് കുടൂതൽ മുന്നോട്ട് പോകുന്നതിനുള്ള ടൂളുകളും പങ്കാളിത്തസാധ്യതകളും തുറന്നു നൽകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
വിശാലവും വിപുലമായ വേദികളാകും ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക, പുതിയ മത്സരങ്ങൾ, മികച്ച പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവയിലൂടെ, 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്, 2026 ഡിജിറ്റൽ കണ്ടന്റ് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള സർഗപ്രതിഭകളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആസൂത്രണം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates