കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി കുവൈത്ത് കസ്റ്റംസ്. അൽ - അബ്ദലി ബോർഡറിലൂടെ മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സിഗരറ്റ് ശേഖരം പിടികൂടിയത്. അസാധാരണമായ രീതിയിൽ നിറയെ ഫർണിച്ചറുകളുമായി ഒരു ട്രക്ക് അതിർത്തി കടന്നു പോകാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് വാഹനം നിർത്തി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.
വാഹനത്തിൽ നിറയെ ഫർണിച്ചറുകൾ ആണെന്നും മതിയായ രേഖകൾ ഉണ്ടെന്നും ഡ്രൈവർ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഫർണിച്ചറുകൾ ഇറക്കി പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഫർണിച്ചറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ആണ് വലിയ അളവിൽ സിഗരറ്റുകൾ കണ്ടെത്തിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ അപേക്ഷിച്ചു കുവൈത്തിൽ സിഗററ്റിന് വില കുറവാണ്. അത് കൊണ്ട് തന്നെ നികുതി വെട്ടിച്ച് സിഗരറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കടത്തി പണമുണ്ടാക്കുക ആയിരുന്നു പ്രതികളുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ. അതെ സമയം രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates