കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം പുതിയ സമഗ്ര നിയമങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സെലിബ്രിറ്റികളും സ്വാധീനം ചെലുത്തുന്നവരും ഉൽപ്പന്നങ്ങൾ ഓൺലൈനായി പ്രമോട്ട് ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക ലൈസൻസ് നേടണമെന്ന് ഇതിൽ പറയുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇങ്ങനെയുള്ള പ്രമോഷൻ വഴി സംഭവക്കുന്ന വഞ്ചനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം.
ഇപ്പോൾ അന്തിമ അവലോകനത്തിലുള്ള പുതിയ മാധ്യമ നിയമത്തിന്റെ ഭാഗമാണ് ഈ നടപടികൾ.
ഇൻഫ്ലുവൻസർമാരും കമ്പനികളും പരസ്യം ചെയ്യുന്ന ഏതൊരു സേവനത്തിനും ഉൽപ്പന്നത്തിനും നിയമപരമായ ലൈസൻസ് ഉണ്ടെന്ന് തെളിയിക്കാൻ ബാധ്യസ്ഥരായിരിക്കും, അംഗീകാരങ്ങൾ നൽകുന്നതിനുള്ള ചുമതല ഇൻഫർമേഷൻ വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾക്ക് സംയുക്തമായാണ് നൽകുക.
കരട് നിയമത്തിൽ രണ്ട് അദ്ധ്യായങ്ങൾ പൂർണ്ണമായും പരസ്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കായാണ് നീക്കിവച്ചിട്ടുള്ളതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും ലംഘനങ്ങൾക്കുള്ള പിഴകളും ഈ അദ്ധ്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉള്ളടക്കം നിരീക്ഷിക്കാനും സംശയിക്കപ്പെടുന്ന ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുമുള്ള അധികാരം ഇൻഫർമേഷൻ മന്ത്രാലയത്തിന് ലഭിക്കും.
"ഈ മേഖല വളരെ വേഗത്തിൽ വളർന്നു, അതിനാൽ വ്യക്തമായ നിയമങ്ങൾ ആവശ്യമാണ്. എല്ലാവർക്കും ഇതുമായി പരിചയപ്പെടാനുള്ള ഒരു സമയം നൽകും. അതിനുശേഷം, ലംഘനങ്ങൾക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരും." എന്ന് ഗൾഫ് ന്യൂസ് പേര് വെളിപ്പെടുത്താത്ത സോഴ്സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
റിയൽ എസ്റ്റേറ്റ്, ആരോഗ്യ ഉൽപ്പന്നങ്ങൾ പോലുള്ള മേഖലകളിൽ, ഇൻഫ്ലുവൻസർ നടത്തിയ പ്രമോഷനുകൾ വഴി വഞ്ചിക്കപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഇങ്ങനെയുള്ള നിരവധി കേസുകളെ തുടർന്നാണ് പുതിയ നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്.
ചട്ടങ്ങൾ പ്രകാരം, പരസ്യദാതാക്കൾ ഔദ്യോഗിക ചാനലുകൾ വഴി ലൈസൻസ് നേടണം, ഉദാഹരണത്തിന്, ഔഷധ പരസ്യങ്ങൾക്ക് ആദ്യം ആരോഗ്യ മന്ത്രാലയം അനുമതി നൽകണം, അതേസമയം റിയൽ എസ്റ്റേറ്റ് പ്രമോഷനുകൾക്ക് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ഉണ്ടായിരിക്കണം.
ഇലക്ട്രോണിക് ആപ്ലിക്കേഷൻ, തിരിച്ചറിയൽ രേഖകൾ, വാണിജ്യ പരസ്യ നിയമങ്ങൾ പാലിക്കുന്നതിനുള്ള സത്യവാങ്മൂലം എന്നിവ നൽകണം. ഇൻഫ്ലുവൻസർ അക്കൗണ്ടുകൾ പരിശോധിക്കാൻ വിവര മന്ത്രാലയത്തിന് നിയമം അധികാരം നൽകുന്നു.
ഒരു ഇൻഫ്ലുവൻസർ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് നിർണ്ണയിക്കാൻ, പ്രേക്ഷകരുടെ എണ്ണവും ആ അക്കൗണ്ട് സമൂഹത്തിിൽ ചെലുത്തുന്ന സ്വധീനവും അടിസ്ഥാനമാക്കി വിലയിരുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates