ദുബൈ: ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ അന്വേഷകർ നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിൽ തട്ടിപ്പാണ്. ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് പണം തട്ടുന്നത് മുതൽ ജോലി നൽകിയ ശേഷം വർക്ക് വിസ നൽകാതെ അവകാശങ്ങൾ നിഷേധിക്കുന്നത് വരെ സ്ഥിരം സംഭവങ്ങളാണ്.
ഈ തട്ടിപ്പിൽ നിന്നൊക്കെ രക്ഷപെടാനും യഥാർത്ഥ ജോലി സാധ്യതകൾ കണ്ടെത്താനുമായി ഒരു വാട്സ്ആപ്പ് കൂട്ടായ്മ ആരംഭിച്ചിരിക്കുകയാണ് രണ്ട് യുവതികൾ.മലയാളിയായ രഹ്‌ന ഷാജഹാനും,സുഹൃത്തായ ഉസ്മ ചൗധരിയും.
തൊഴിൽ അന്വേഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ നേരിട്ട് കണ്ടതോടെയാണ് ഇരുവരും ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാം എന്ന് തീരുമാനിച്ചത്. പ്രതീക്ഷിച്ചതിലും അധികം ആളുകൾ ആണ് ഗ്രൂപ്പിലേക്ക് എത്തിയത്. ഓരോ ജോബ് ഓഫറുകൾ കാണുമ്പോഴും യഥാർത്ഥത്തിൽ കമ്പനിയിൽ അങ്ങനെ ഒഴിവുകൾ ഉണ്ടോ എന്ന് വിളിച്ച് അന്വേഷിക്കും. തുടർന്ന് തട്ടിപ്പ് അല്ല അതെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.
ഈ പോസ്റ്റുകൾ കണ്ട് അപേക്ഷിച്ച നിരവധിപ്പേർക്ക് ജോലി ലഭിച്ചു. അതോടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ വിശ്വാസ്യത വർധിച്ചു. കൂടുതൽ ആളുകൾ ഗ്രൂപ്പുകൾ തേടി എത്തുകയും ചെയ്തു.
ഉദ്യോഗാർഥികളുടെ എണ്ണം കൂടിയതോടെ ഗ്രൂപ്പുകളുടെ എണ്ണവും വർധിച്ചു. ജോലി ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ സുഹൃത്തുക്കളും അയയ്ക്കാൻ തുടങ്ങിയതോടെ ഇരുവരുടെയും ജോലി കുറച്ചു കൂടി വർധിച്ചു. ഈ സംരംഭം തുടങ്ങി ആറ് മാസങ്ങൾക്ക് കഴിയുമ്പോൾ യു എ ഇയിലെ ഏറ്റവും വിശ്വസനീയമായ തൊഴിൽ നേടാൻ കഴിയുന്ന ഒരു പ്ലാറ്റ് ഫോമായി ഇവരുടെ വാട്സാപ്പ് ഗ്രൂപ്പ് മാറിക്കഴിഞ്ഞു.
ഇപ്പോൾ റിക്രൂട്ടർമാരും കമ്പനികളും അവരുടെ ജോലി ഒഴിവുകൾ അറിയിക്കാൻ ഇവരെ നേരിട്ട് ബന്ധപ്പെടാനും തുടങ്ങിയിട്ടുണ്ട്
'ഈ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാനായി ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നില്ല. ഉസ്മയും ഞാനും ഇപ്പോൾ മുഴുവൻ സമയവും ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ ലക്ഷ്യം എന്നു പറയുന്നത് ഉദ്യോഗാർത്ഥികൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുക എന്നതാണ് ' രഹ്‌ന പറയുന്നു.
മലയാളിയായ രഹ്‌ന ജനിച്ചതും വളർന്നതും ബഹ്റൈനിലാണ്. ഉന്നത പഠനത്തിനായി ഇവർ ഇന്ത്യയിൽ എത്തിയിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ എം കോം പഠനം പൂർത്തിയാക്കി. തുടർന്ന് ഇതേ യൂണിവേഴ്സിറ്റിയിൽ തന്നെ എംബിഎയും പാസ്സായി. പിന്നീട് ദുബൈയിലേക്ക് ജോലി കണ്ടെത്താനായി രഹ്‌ന എത്തിയപ്പോഴാണ് തൊഴിൽ അന്വേഷകരുടെ ബുദ്ധിമുട്ട് കാണുകയും അവരെ സഹായിക്കാനായി ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തത്.
പിന്നീട് രഹ്‌ന ഉസ്മയെ പരിചയെപ്പെട്ടു. രണ്ടുപേരുടെയും ആശയം ഒന്നാണെന്ന് മനസ്സിലാക്കിയശേഷം ഇരുവരും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. കേരളത്തിൽ നിന്ന് അടക്കമുള്ള ആളുകൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുന്നതിൽ സന്തോഷമുണ്ട്.
മിഷൻ എംപ്ലോയ്മെന്റ് എന്നത് ഇപ്പോൾ ഒരു ജോബ് പോർട്ടൽ മാത്രമല്ല. പരസ്പരം മറ്റുള്ളവരെ സഹായിക്കണം എന്ന് ആഗ്രഹമുള്ള ഒരു കമ്മ്യൂണിറ്റിയാണ് ഇപ്പോൾ ഇത് എന്നും രഹ്‌ന പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates